കോന്നി: പത്തനംതിട്ട ജില്ലയുടെ പൈതൃകം വരും തലമുറക്ക് പരിചയപ്പെടുത്തുന്നതിനായി തുടക്കമിട്ട ജില്ല പൈതൃക മ്യൂസിയ സ്വത്തുക്കൾ ചിതലരിക്കുന്നു. ജില്ല പൈതൃക മ്യൂസിയത്തിന് വർഷങ്ങൾക്ക് മുമ്പ് രണ്ട് ഉദ്ഘാടനം നടത്തിയശേഷം പുരാവസ്തു വകുപ്പ് ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. നൂറിലധികം വരുന്ന പുരാതന പൈതൃക സ്വത്തുക്കൾ ആണ് നശിച്ചൊടുങ്ങുന്നത്.
ഉദ്ഘാടനത്തിനുശേഷം നാല് വർഷങ്ങൾ കഴിഞ്ഞ് മ്യൂസിയത്തിലേക്കുള്ള പൈതൃക സ്വത്തുക്കളുടെ ഏറ്റുവാങ്ങൽ ചടങ്ങ് നടന്നിരുന്നു. ശേഷം മ്യൂസിയത്തിന്റെ കാര്യം എല്ലാവരും മറന്നു. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തി. പത്തനംതിട്ട ജില്ലയിലെ മ്യൂസിയം സ്ഥാപിക്കാൻ കോന്നിയാണ് തെരഞ്ഞെടുത്തത്. കോന്നി ആനത്താവളത്തിനോട് ചേർന്ന് രണ്ട് കെട്ടിടങ്ങൾ ഇതിനായി വനം വകുപ്പ് വിട്ടുനൽകുകയും ലക്ഷങ്ങൾ മുടക്കി സാംസ്കാരിക വകുപ്പ് വനം വകുപ്പ് വിട്ടു നൽകിയ കെട്ടിടങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു.
വീണ്ടും കെട്ടിടം ആവശ്യപ്പെട്ടതോടെ പൈതൃക മ്യൂസിയം എന്ന സ്വപ്നം ചുവപ്പുനാടയിൽ കുരുങ്ങി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ എഴുനൂറിൽപരം ആളുകൾ നിധിപോലെ സൂക്ഷിച്ച് െവച്ചിരുന്ന പൈതൃക സ്വത്തുക്കൾ ആണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ച് പോയത്. 2014 മുതൽ മ്യൂസിയത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തുവകുപ്പ് പന്തളം എൻ.എസ്.എസ് കോളജുമായി ചേർന്ന് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിൽ സന്ദർശനം നടത്തി പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ,വിവിധ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ച് കോന്നിയിൽ എത്തിച്ചാണ് ഉദ്ഘാടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.