ജെന്നി ഏർപെൻബെക്ക്

ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന്; വിവർത്തകനും ആദ്യമായി പുരസ്കാരം

ലണ്ടൻ: ജർമൻ സാഹിത്യകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ജെന്നി ഏർപെൻബെക്കിനും കൃതി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും 50,000 പൗണ്ട് സമ്മാനമായി ലഭിക്കും. ഇംഗ്ലിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം നൽകുന്നത്. ഇതോടെ, ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയായി ജെന്നി മാറി. ലണ്ടനിലെ ടേറ്റ് മോഡേൺ ആർട്ട് മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും സമ്മാനം സ്വീകരിച്ചത്.

കിഴക്കൻ ജർമനിയുടെ പശ്ചാത്തലത്തിലുള്ള സങ്കീർണമായ പ്രണയ കഥയാണ് ‘കെയ്റോസ്’. ബർലിൻ മതിൽ തകർക്കപ്പെടുന്ന സമയത്തെ ജർമനിയിലെ ജീവിത സാഹചര്യങ്ങളാണ് നോവലിലുള്ളത്. 57കാരിയായ ജെന്നി ഏർപെൻബെക്ക് കിഴക്കൻ ജർമനിയിലാണ് വളർ‌ന്നത്. രാജ്യാന്തര ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്മാൻ. ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പോഡിനോവ് എഴുതിയ ‘ടൈം ഷെൾട്ടർ’ എന്ന നോവലിനാണ് കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ചത്.

സോറ കിം-റസ്സലും യങ്‌ജെ ജോസഫിൻ ബേയും വിവർത്തനം ചെയ്‌ത ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റർ 2-10, കിരാ ജോസഫ്സൺ വിവർത്തനം ചെയ്ത ഇയാ ജെൻബെർഗിന്റെ ദ് ഡീറ്റേൽസ്, ആനി മക്‌ഡെർമോട്ട് വിവർത്തനം ചെയ്ത സെൽവ അൽമാഡയുടെ നോട്ട് എ റിവർ, സാറാ ടിമ്മർ ഹാർവി വിവർത്തനം ചെയ്‌ത ജെന്റെ പോസ്റ്റുമയുടെ വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക്, ജോണി ലോറൻസ് വിവർത്തനം ചെയ്ത ഇറ്റാമർ വിയേര ജൂനിയറിന്റെ ക്രൂക്ക്ഡ് പ്ലോ എന്നിവയാണ് ബുക്കർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു പുസ്തകങ്ങൾ. ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ് ‘കെയ്റോസ്’ ബുക്കർ പ്രൈസ് നേടിയത്.

'Will you come to my funeral?
She looks down at her coffee cup in front of her and says nothing .
Will you come to my funeral, he asks again.
Why funeral - you are alive, she says.
He asks her a third time: Will you come to my funeral?
Sure, she says. I'll come to your funeral. '

ജെന്നി എർപെൻബെക്കിൻ്റെ 'കെയ്റോസ് ' തുടങ്ങുന്നതിങ്ങനെയാണ്. ഇവരുടെ ഗോ, വെൻ്റ്, ഗോൺ എന്ന നോവൽ നിരുപണം നടത്തിയ ജെയിംസ് വുഡ് പറഞ്ഞത് ഇവരെത്തേടി നോബൽ സമ്മാനം വൈകാതെ എത്തുമെന്നാണ്. 2017-ലാണ് ഈ വിലയിരുത്തൽ നടത്തിയത്. ഇപ്പോഴിതാ ബുക്കർ അന്തരാഷ്ട്ര പുരസ്കാരം അവരെത്തേടിയെത്തിയിരിക്കുന്നു...

1. ജെന്നി ഏർപെൻബെക്ക്, 2. മിഖായേൽ ഹോഫ്മാൻ


Tags:    
News Summary - Jenny Erpenbeck’s ‘Kairos’ Wins the International Booker Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT