തൊടുപുഴ: പിറന്നാൾ ദിനത്തിൽ പുതിയ കവിതസമാഹാരം അച്ചടിച്ചു പുറത്തിറങ്ങിയതിന്റെ സന്തോഷം ചില്ലറയൊന്നുമല്ല കൗസല്യക്ക്. 25 വർഷമായി തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള സർക്കാർ ഓഫിസുകളിലും കടകളിലുമെല്ലാം ഏവർക്കും സുപരിചിതയാണ് കൗസല്യ കൃഷ്ണൻ. 11 വർഷമായി പുസ്തകക്കച്ചവടം നടത്തുന്നു. ഒപ്പം ലോട്ടറിവിൽപനയും. ഒഴിവു സമയങ്ങളിൽ തൊടുപുഴ സാഹിത്യവേദിയിലും മറ്റ് സാഹിത്യസദസ്സുകളിലുമെല്ലാം നിത്യസന്ദർശകയുമാണ്. തന്റെ ജീവിതവഴികളിലെ പൊള്ളുന്ന യാഥാർഥ്യങ്ങൾക്കുമേൽ വീഴുന്ന നനുത്ത കുളിർമഴയാണ് കൗസല്യക്ക് കവിതരചന. ആദ്യ കവിതസമാഹാരമായ കനൽജീവിതത്തിനുശേഷം രണ്ടാമത്തെ കവിതസമാഹാരമായ 'മഴക്ക് മുമ്പേ'യാണ് കൗസല്യ പുറത്തിറക്കിയത്. കനൽ ജീവിതം മൂവായിരത്തിലേറെ കോപ്പികൾ വിറ്റുപോയി. ലോട്ടറി വിറ്റുകിട്ടുന്ന പണം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തികയാതെവന്നപ്പോൾ കൗസല്യയുടെ അവസ്ഥ മനസ്സിലാക്കിയ പൊലീസ് അസോ. ഭാരവാഹികൾ അവരുടെ പണം മുടക്കിയാണ് ആദ്യ കവിതസമാഹാരം പുറത്തിറക്കിയത്. കവിതക്ക് നിരവധി പുരസ്കാരങ്ങളും കൗസല്യക്ക് ഇതിനോടകം ലഭിച്ചു. 31 കവിതകളടങ്ങിയ മഴക്ക് മുമ്പേയുടെ പ്രസാദകർ തൊടുപുഴ പഗോഡ ബുക്ക് ആർട്ടാണ്. സമാഹാരത്തിന്റെ ഔപചാരിക പ്രകാശനം 16ന് തൊടുപുഴ പഗോഡ ബുക്ക് ആർട്ടിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.