കൊടുവള്ളി: വായിക്കാത്തവരും വായന ഇഷ്ടപ്പെടാത്തവരും ചിലപ്പോഴെങ്കിലും ചിലതെങ്കിലും വായിക്കേണ്ടതായി വരും. എന്നാല്‍, വായന തന്നെ ജീവിതമാക്കിയവര്‍ വിരളമായിരിക്കും. ശാരീരിക ബലഹീനതയും പ്രായാധിക്യവും വരണ്ടുചുളുങ്ങിയ ചര്‍മവും കണ്ട് ക്ഷീണിച്ചെന്നുപറയാന് വരട്ടെ. ഒന്ന് സംസാരിച്ച് നോക്കണം ഖദീശക്കുട്ടി ഉമ്മയോട്.
മൂര്‍ച്ചയുള്ള വാചകങ്ങള്‍, അച്ചടി ഭംഗിയുള്ള ഭാഷ, ഈടുറ്റ പ്രയോഗങ്ങള്‍, കനപ്പെട്ട ഉദാഹരണങ്ങള്‍, സാഹിത്യ സമ്പുഷ്ടമായ സംസാരം... ഇതെല്ലാമാണ് കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ആവിലോറ സ്വദേശിനി ഖദീശക്കുട്ടി ഉമ്മ. പ്രായം 85 കഴിഞ്ഞെങ്കിലും ദിവസവും ആറ് മണിക്കൂർ സമയം ഖദീശക്കുട്ടി ഉമ്മ വായനക്കായി മാറ്റിവെക്കും. ഖുർആൻ പരിഭാഷയും പത്രവായനയും എന്നും നിർബന്ധം. അറബി മലയാളത്തിലെഴുതിയ ചരിത്ര കഥകളും പുസ്തകങ്ങളും പല ആവർത്തിയാണ് വായിച്ചുതീർത്തത്.
മലയാളത്തിലെ നിരവധി പുസ്തകങ്ങളും ഇവർ വായിച്ചുതീർത്തിട്ടുണ്ട്. മക്കളും പേരക്കുട്ടികളും എത്തിച്ചുകൊടുക്കുന്നതാണ് പുസ്തകങ്ങൾ. പരേതനായ കാവിൽ തൊടുകയിൽ കോയാമു ഹാജിയുടെ ഭാര്യയാണ് ഖദീശക്കുട്ടി ഉമ്മ. പ്രാഥമിക മതപഠനം മാത്രമാണ് ഇവർക്ക് ലഭിച്ചത്. 13ാം വയസ്സിലാണ് വിവാഹം നടന്നത്.ഇതോടെ പഠനവും മുടങ്ങി. സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാതിരുന്ന ഉമ്മ, കേരള സർക്കാറിന്റെ സാക്ഷരത ക്ലാസിൽ പോയാണ് മലയാളം വായിക്കാൻ പഠിച്ചത്.
അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചതോടെ പത്രവായന ദിനചര്യയായി. പതിയെ പുസ്തകങ്ങളും വായിച്ചുതുടങ്ങി. വായന ലഹരി തലക്കുപിടിച്ചതോടെ നാട്ടുകാര്‍ക്ക് തുറന്ന പുസ്തകവും കുട്ടികള്‍ക്ക് നിറഞ്ഞ പുസ്തകവുമാണ് ഉമ്മ. അഞ്ച് ആൺമക്കളും നാല് പെൺമക്കളുമാണ് ഇവർക്കുള്ളത്. പേരക്കുട്ടികളടക്കം 110 പേർ കുടുംബാംഗങ്ങളായിട്ടുണ്ട്. വല്യുമ്മയുടെ വായന കുട്ടികൾക്കും നാട്ടുകാർക്കുമെല്ലാം നല്ലൊരു പാഠവും സന്ദേശവുമാണ് നൽകുന്നത്. ഓർമകൾ മായുംവരെ വായിക്കണമെന്ന ആഗ്രഹമാണ് ഇവർ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.