കൊടകര: ഏഴുവയസ്സുകാരിയായ കൃഷ്ണവേണിയെ തേടി സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വലബാല്യ പുരസ്‌കാരമെത്തുമ്പോള്‍ അത് കോടാലി സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിനു കൂടിയുള്ള അംഗീകാരമാകുകയാണ്. അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സംസ്ഥാന വനിത, ശിശു വികസന വകുപ്പ് നല്‍കുന്ന പുരസ്കാരമാണ് ഉജ്ജ്വലബാല്യ പുരസ്കാരം.
കോടാലി സര്‍ക്കാര്‍ എല്‍.പി സ്കൂളിൽ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കൃഷ്ണവേണിയാണ് ഈ വര്‍ഷം തൃശൂര്‍ ജില്ലയില്‍ നിന്ന് പുരസ്കാരത്തിന് തെരെഞ്ഞടുക്കപ്പെട്ടവരിലൊരാള്‍. ജില്ലയിലെ മറ്റ് മൂന്നുകുട്ടികള്‍ കൂടി പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്. പ്രായത്തില്‍ കവിഞ്ഞ പക്വതയും കലാചാതുരിയും ഓര്‍മശക്തിയുമുള്ള കൃഷ്ണവേണി സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ്.
ഹൃദ്യമായ രീതിയില്‍ പാട്ടുപാടാനും കഥപറയാനും കഴിവുണ്ട് ഈ കരുന്ന് പ്രതിഭക്ക്. ആലത്തൂര്‍ എ.എല്‍.പി സ്കൂളില്‍ എല്‍.കെ.ജിയില്‍ പഠിക്കുമ്പോൾ അധ്യാപകനായ എന്‍.എസ്. സന്തോഷ്ബാബുവാണ് കൃഷ്ണവേണിയിലെ പ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്.
കോവിഡ് കാലത്ത് വിശ്രമില്ലാതെ ജോലി ചെയ്യുന്ന പൊലീസ് മാമന്‍മാര്‍ക്ക് സ്നേഹാശംസകള്‍ അറിയിക്കുന്ന കൃഷ്ണവേണിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നീട് കൃഷ്ണവേണിയുടെ ഒട്ടേറെ വിഡിയോകള്‍ ഇത്തരത്തില്‍ പ്രശംസ നേടി. ചാനല്‍ പരിപാടികളിലേക്കും ക്ഷണിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് കോടാലി സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത്.
കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നടന്ന ഉപജില്ല കലോത്സവത്തില്‍ കഥാകഥനത്തിന് എ ഗ്രേഡ് നേടിയിരുന്നു. പഠനത്തിലും ഒന്നാം സ്ഥാനക്കാരിയാണ്. കൃഷ്ണവേണിയുടെ പുരസ്കാരം സ്കൂളിന് പൊന്‍ തൂവലായതായി പ്രധാനാധ്യാപിക ടി.എം. ശകുന്തളയും പി.ടി.എ പ്രസിഡന്റ് പി.എസ്. പ്രശാന്തും പറഞ്ഞു.
കൊത്തുപണി കലാകാരനായ ജയന്റെയും ഇരിങ്ങാലക്കുട നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരിയായ സവിതയുടെയും മകളായ കൃഷ്ണവേണിക്ക് ഒരു വയസ്സിൽ തലയില്‍ ശസ്ത്രക്രിയക്ക് വിധേയയാകേണ്ടി വന്നു. കുഞ്ഞിന് അപൂര്‍വമായ ഡ്വാര്‍ഫിസമുണ്ടെന്ന് കണ്ടെത്തിയത് രണ്ടു വയസ്സിലാണ്. പ്രായത്തിനനുസരിച്ച ഉയരം കൃഷ്ണവേണിക്കില്ല. എന്നാല്‍ പോരായ്മകളെ പ്രതിഭകൊണ്ട് അതിജയിക്കുകയാണ് ഈ കുരുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.