ഉരുവും നിലവും

ചില ആണുങ്ങൾക്ക് വേണ്ടത്

കൊയ്യലും മെതിക്കലും

ഇടിക്കലും കുത്തലിനും പറ്റിയ

ഉരല് പോലുള്ള പെണ്ണുങ്ങളെയാണ്.

എന്നും ഊർജവും ഉശിരുമുള്ള

ആയുധങ്ങളിൽ

ഉളിയേക്കാൾ മൂർച്ചയുള്ളവൾ.

ചില പുരുഷന്മാർക്കു വേണ്ടത്

ഗോദയിൽ മലർന്നുവീണാലും

വീണ്ടും മലർത്തിയടിക്കാൻ കഴിയുന്ന

മല്ലത്തിമാരെ,

കല്യാണക്കമ്പോളത്തിൽ എത്തുമ്പോഴോ,

കൈയിൽ കിടക്കുന്ന

വളകൾ ഊർന്നുവീഴാത്ത

ഒതുക്കമുള്ള,

വിരലുകൾക്ക് വിള്ളലുകൾ ഏൽക്കാത്ത

പൂവിതൾപോലെ

മൃദുലമായ കൈകൾ ഉള്ള,

പെണ്ണിന്റെ വെൺമയിലേക്കായിരിക്കും

അവരുടെ നോട്ടം!

കാശുള്ളപ്പന്റെ

ഏക മകളായാൽ മഹാപുണ്യം.

ഇരുനില വീട്ടിലെപ്പെണ്ണിന്

ചന്തമില്ലെങ്കിലും

ബാക്ക്ഗ്രൗണ്ട് ഉണ്ടായാൽ

വളരെ സന്തോഷം.

ബാങ്ക് ബാലൻസ് ഉണ്ടെങ്കിൽ

അതിലും കേമം.

മാംഗല്യം തന്തുനാനാ

മധുവിധു മന്ദമാരുതനാ

പഠിത്തം നിർത്തിയവൾ

മാരന്റെ വീടരായാ

കണിക്കൊന്നപോലെ

സ്വർണം തൂക്കിനിന്നു.

സ്വന്തം വീട്ടിലവൾ വിരുന്നുകാരിയായി

നീലക്കുറിഞ്ഞി പോലെ.

പേറ്റു നോവും പേറും

രണ്ടായാലും ആറായാലും

കുഞ്ഞാണായാൽ ഇരട്ടി മധുരമാ

പെണ്ണായാലോ ചിന്താഭാരമാ.

രാത്രിയിൽ ഉടഞ്ഞു ഞെളിഞ്ഞു

തിരിഞ്ഞു കിടക്കുമ്പോൾ

കോലം കണ്ടാൽ സിന്ധിപ്പശുവിനെപ്പോലെ.

മൃദുലമായതൊക്കെയും

പരുപരുത്ത പാറപ്പുറംപോലെ

കാലം മാറ്റിപ്പണിതിരിക്കുന്നു!

അവനപ്പോഴും നെഞ്ചു വിരിവോടെ

മാട്രിമോണിയലിൽ തിരയും,

ഇനിയുമൊരു യുഗം കാളക്കൂറ്റനെപ്പോലെ

ഉഴുതുമറിക്കാൻ ഒത്ത ഒരു ഉരുവും നിലവും.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.