മുംബൈ: മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച് പ്രമുഖ മറാത്തി എഴുത്തുകാരൻ നന്ദ ഖാരെ. 'എനിക്ക് ജനങ്ങളിൽ നിന്നും അഭിനന്ദനവും ബഹുമാനവും ലഭിച്ചു. സർക്കാറിൽ നിന്ന് ഒരു ബഹുമതിയും ആവശ്യമില്ല. അടിയന്തരാവസ്ഥയുടെ നാളുകളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. പക്ഷേ, രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കൂടുതൽ ഭീകരം' -പുരസ്കാരം നിരസിച്ചതിനെ കുറിച്ച് നന്ദ ഖാരെ പറഞ്ഞു.
2014ൽ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്‍റെ 'ഉദ്യ' എന്ന നോവലിനായിരുന്നു പുരസ്കാരം. മനുഷ്യരെ യന്ത്രങ്ങൾ അടിമകളാക്കുന്ന കാലത്തെ കുറിച്ചുള്ളതാണ് കൃതി. വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്ന നിരീക്ഷണങ്ങളെക്കുറിച്ചും നോവലിൽ പറയുന്നു.
കഴിഞ്ഞ നാല് വർഷമായി സർക്കാറിൽ നിന്ന് യാതൊരു പുരസ്കാരവും സ്വീകരിച്ചിട്ടില്ലെന്ന് നന്ദ ഖാരെ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷമായി നമ്മൾ പിന്നിലേക്ക് നടക്കുകയാണ്. മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ആളുകൾക്ക് പരസ്പര ബഹുമാനമുണ്ടായിരുന്നു.
വാക്കുകൾ പഴയതുപോലെയാണെങ്കിലും ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിന് മാറ്റം വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.