കൊടുങ്ങല്ലൂർ: കാവ്യമണ്ഡലത്തിന്റെ ഈവർഷത്തെ മൊയ്തു പടിയത്ത് സ്മാരക സാഹിത്യ പുരസ്കാരത്തിന് ഡോ. അജിതൻ മേനോത്തിന്റെ 'മലയാള ചെറുകഥ 21-ആംനൂറ്റാണ്ടിൽ' എന്ന കൃതി അർഹമായി. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുസ്തകത്തിന്റെ പ്രസാധകർ. സി. രാധാകൃഷ്ണൻ, പ്രൊഫ. പി.വി. കൃഷ്ണൻനായർ, ഡോ. മെറിൻജോയ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് കൃതി നിർണയിച്ചത്.
മലയാള ഭാഷയിൽ ധാരാളം ചെറുകഥകൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും കഥകളെ സംബന്ധിച്ച പഠനങ്ങൾഅധികമൊന്നും പ്രസിദ്ധീകരിക്കപ്പെടുന്നില്ല. ഈസാഹചര്യത്തിൽ 'മലയാള ചെറുകഥ 21-ാം നൂറ്റാണ്ടിൽ 'എന്ന കൃതി ഏറെ പ്രസക്തമാണ്. കെ.പി. രാമനുണ്ണി, യു.കെ. കുമാരൻ, അശോകൻ ചരുവിൽ തുടങ്ങി ഉണ്ണി ആർ., എസ്. ഹരീഷ് വരെയുള്ള 18 കഥാകൃത്തുക്കളുടെ കഥകളെക്കുറിച്ചുള്ള പഠനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം സാഹിത്യ വിദ്യാർത്ഥികൾക്ക് ഏറെ ഉപകരിക്കുമെന്നും ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഡിസംബർ 10ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ഇ.എ. അഹമു സ്മാരക ചെറുകഥോത്സവത്തിൽ വെച്ച്സംവിധായകൻ കമൽ അവാർഡ് സമർപ്പണം നടത്തുമെന്ന് കാവ്യമണ്ഡലം ചെയർമാൻ ബക്കർ മേത്തല, കൺവീനർമാരായ ഇ.എ. അബ്ദുൽ കരീം, പി. രാമൻകുട്ടി, പി.എൽ. തോമസ് കുട്ടി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.