ഹരിപ്പാട്: കോവിഡ് കാല അലസതയിൽനിന്ന് രക്ഷതേടാൻ വായന ശീലമാക്കിയ പത്താംക്ലാസുകാരി മുംതാസ് മറിയത്തിെൻറ 'കഥയും കവിതയും' ഇ-ബുക്കായി ആമസോണിൽ പ്രസിദ്ധീകരിച്ചതിെൻറ പിന്നിലും അധ്വാനത്തിെൻറ കഥയുണ്ട്. മലയാളത്തിൽ രചിച്ച ഒരു കഥയും കവിതയും ആറ് ഇംഗ്ലീഷ് കവിതകളും ഒരു ഫ്രഞ്ച് കവിതയും ഉൾപ്പെടുന്നതാണ് മുംതാസിെൻറ 'മൈ ജേണി' (My Journey) എന്ന പുസ്തകം. ശാസ്ത്രഭാവനയും സമകാലികസംഭവങ്ങളും പരിസ്ഥിതിയുമെല്ലാം നിറയുന്ന രചനകൾ പുസ്തമാക്കി മാറ്റാനുള്ള ഒരുമാസത്തെ പ്രയത്നത്തിൽ ടൈപ്പിങ്, എഡിറ്റിങ്, പബ്ലിഷിങ് എന്നിവയെല്ലാം സ്വന്തമായാണ് നിർവഹിച്ചത്. ലോക്ഡൗണിൽ ഡി.ടി.പി സെൻററുകൾക്ക് പൂട്ടുവീണതോടെയാണ് ആദ്യപടിയായ 'മലയാളം ടൈപ്പിങ്' പ്രധാനതടസ്സമായി. മലയാളം ടൈപ്പിങ് 'ഗൂഗിൾ' വഴി പഠിച്ചാണ് ഇ-ബുക്ക് പുറത്തിറക്കിയത്.
സമകാലിക സാഹചര്യം പ്രതിപാദിക്കുന്ന 'ഡോൺഡ് നോ ഹൗ' (Don't Know how) എന്ന ഫ്രഞ്ച് കവിതയുടെ ആശയം ഏറെ പ്രസക്തമാണ്. കോവിഡ് മഹാമാരിക്കാലത്ത് ശാസ്ത്രഭാവനകളിലൂടെ ചൊവ്വയിലേക്ക് സഞ്ചരിക്കുന്ന 'ഭൂമിയും ചൊവ്വയും' മലയാള കഥയും ഹൃദയസ്പർശിയാണ്. യുനൈറ്റഡ് നേഷൻസ് (യു.എൻ) യൂത്ത് വർക്കേഴ്സ് വളൻറിയർ, കരിയർ ഗൈഡൻസിൽ മുൻനിരയിലുള്ള സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ (സിജി) ഏറ്റവും പ്രായംകുറഞ്ഞ കോഓഡിനേറ്റർ എന്നീ നിലകളിലെ പ്രവർത്തനപരിചയത്തിൽനിന്ന് ലഭിച്ച സാമൂഹിക പ്രതിബദ്ധതയാണ് പുസ്തകമെഴുതാൻ വഴികാട്ടിയായതെന്ന് മുംതാസ് മറിയം 'മാധ്യമ'ത്തോട് പറഞ്ഞു. ഒമ്പത് വയസ്സ് മുതൽ എഴുത്തിനോട് താൽപര്യമുണ്ട്. കഥയെഴുത്തിനും കവിതക്കും പാട്ടിനും ജില്ലതലത്തിലും സമ്മാനം കിട്ടിയിട്ടുണ്ട്. പിതാവിെൻറ ജോലിയുമായി ബന്ധപ്പെട്ട് നൈജീരിയയിലെ സ്കൂൾ പഠനകാലത്താണ് ഫ്രഞ്ച് ഭാഷ സായത്തമാക്കിയത്. ഓൺലൈൻ ആപ്പായ ഡ്യുയോലിങ് (Duolingo) വഴി ഫ്രഞ്ചും അറബിയും പഠിക്കുന്നുണ്ട്. ഇംഗ്ലീഷ് കവിതകൾ ഫ്രഞ്ചിൽ തർജമ ചെയ്തിട്ടുണ്ട്.
ഹരിപ്പാട് കുമാരപുരം മുംതാസ് മഹൽ അബ്ദുൽ കമാൽ-സുബിത ദമ്പതികളുടെ മകളാണ്. ഹരിപ്പാട് നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ്. നൈജീരിയയിലെ പ്രൈം പ്രൈമറി ഇൻറർനാഷനൽ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എ.പി.ജെ ഇൻറർനാഷനൽ ക്വിസിൽ രണ്ടാംസ്ഥാനം നേടി. നൈജീരിയയിലെ സ്പെല്ലിങ് ബീ മത്സരത്തിൽ ഫൈനലിസ്റ്റായിരുന്നു. നൈജീരിയൻ മിനിസ്റ്റർ സർട്ടിഫിക്കറ്റ് സമ്മാനിച്ചിട്ടുണ്ട്. ചെസ് ഡോട്ട്കോം ബേസ് ഇന്ത്യയിലെ ക്ലബ് മെംബർ, ബ്ലോഗർ, ഹിന്ദു ന്യൂസ് പോർട്ടലിൽ ലേഖനങ്ങൾ എഴുതുന്ന ലേഖിക, ഗായിക, പ്രാസംഗിക എന്നീ നിലകളിൽ ചെറുപ്രായത്തിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. 2021ൽ പ്രധാനമന്ത്രി നടത്തിയ പരീക്ഷ-പെ-ചർച്ച പങ്കെടുത്ത് സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.