ടിക്കറ്റ് കാണിയ്ക്ക്?.. അപ്രതീക്ഷിതമായി തോളിൽ അമർന്ന കൈ എന്നെ അമ്പരപ്പിച്ചു. എടുക്കാത്ത പ്ലാറ്റ്ഫോം ടിക്കറ്റിനു വേണ്ടിയുള്ള പരതൽ.. വിളറിയ മുഖം മെല്ലെ ഉയർത്തി ഞാൻ അയാളെ നോക്കി. ശാന്തമായ മുഖം!.. അയാളുടെ നോട്ടം നേരിടാനാകാതെ ഞാനും, ഇതൊന്നും എന്നെ ബാധിക്കില്ല എന്ന മട്ടിൽ ദീപുവും...‘നടക്ക് ’-അയാളുടെ പരുക്കൻ ശബ്ദത്തിന് പിന്നാലെ ഞങ്ങൾ.ഓടിയാലോ-കാതിൽ ദീപു മന്ത്രിച്ചു. അവന്റെ കൈയിൽ മുറുകെ പിടിച്ച് മറുപടി പറയാതെ ഞാൻ നടന്നു... കുറെ മുന്നിലുള്ള ഒരു കുടുസ്സ് മുറിയിലേക്കാണ് അയാൾ ഞങ്ങളെ കൊണ്ടുപോയത്. ഫയലുകൾക്കിടയിൽനിന്ന് ഒരു മധ്യവയസ്ക തല ഉയർത്തി നോക്കി. ഉം... എന്താ കാര്യം? ‘‘ടിക്കറ്റ് ഇല്ല’’-ഒട്ടും മയമില്ലാതെ അയാൾ.
ഞാൻ ഒരു വിറയലോടെ അവരെ നോക്കി. എന്ത് ചെയ്യുന്നു? മൃദുവായ അവരുടെ ചോദ്യത്തിന് നേരിയ ശബ്ദത്തിൽ എൻജിനീയറിങ്ങിനു പഠിക്കുന്നു എന്ന് മറുപടി കൊടുത്തു.‘നിങ്ങളെ പോലെ പഠിപ്പും വിവരവും ഉള്ള കുട്ടികൾ ചെയ്യുന്ന കാര്യം ആണോ ഇത്?’ ‘‘ഇനി ചെയ്യില്ല മാഡം. പറ്റിപ്പോയതാണ്’’-ദയനീയമായി ഞാൻ.‘കുട്ടികളല്ലേ, വിട്ടേക്ക് തോമസേ’ ഞങ്ങൾക്കൊപ്പം വന്നയാളെ നോക്കി ആശ്വാസത്തോടെ പുറത്തേക്ക് പോകുമ്പോൾ ആ സ്ത്രീയോട് അമ്മയോടെന്ന പോലെ ഇഷ്ടം തോന്നി.
‘അങ്ങോട്ടല്ല, ഇങ്ങോട്ട് ‘തോമസ് അകത്തെ മുറിയിലേക്ക് വിരൽ ചൂണ്ടിയപ്പോൾ അമ്പരപ്പ്! ആ മുറിയുടെ പിന്നിൽ കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇരിക്കാവുന്ന ഇരുട്ട് വീണൊരു ചായ്പ്.
‘ഇരിയ്ക്ക്. എത്ര ഉണ്ട് കൈയിൽ?’-അയാൾ. ‘ആയിരത്തിൽ ഞാൻ ഒതുക്കാം.
കേസ് ആയാൽ അറിയാല്ലോ?’.ഒരു നിമിഷം ഒന്നും മനസ്സിലായില്ല. പൊടുന്നനെ വന്ന ബോധത്തിൽ കീശയിൽ സിനിമ കാണാൻ കരുതിയ 200 രൂപയിൽ കൈയമർത്തി.‘500 കാണില്ലേ.. അതെങ്കിലും ഇല്ലാതെ കാര്യം നടക്കില്ല. അവിടിരുന്നില്ലേ, അവർക്ക് തന്നെ വേണം 250. പിന്നെയും ഉണ്ട് ആൾക്കാർ ’-ഒട്ടും അലിവില്ലാതെ അയാൾ. ആകെയുള്ള നൂറിന്റെ മുഷിഞ്ഞ രണ്ടു നോട്ടുകൾ നീട്ടി ഞാൻ മെല്ലെ പറഞ്ഞു -‘ഇത്രേ ഉള്ളു കൈയിൽ’. കാശ് ചുരുട്ടി പോക്കറ്റിൽ ഇട്ട് ഞങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുമ്പോൾ അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു. ‘ഇതിൽ നിന്ന് ഇനി എനിക്കെന്ത് നക്കാപ്പിച്ച കിട്ടാനാണ്’...
അൽപം മുൻപ് മനസ്സിൽ പടുത്തുയർത്തിയ ബിംബം തകർന്ന് വീണത് ഞാൻ അറിഞ്ഞു.‘കുട്ടികൾ അല്ലേ വിട്ടേക്ക് തോമസേ’.... ചെവിയിൽ അവരുടെ ശബ്ദം മുഴങ്ങുന്നു!. കുട്ടികൾ പിന്നീട് പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതിരുന്നിട്ടില്ല... നക്കാപ്പിച്ചകൾക്ക് വേണ്ടിയുള്ള പരക്കം പാച്ചിലുകൾ തോമസ് നിർത്തിയിട്ടുമുണ്ടാവില്ല... വർഷങ്ങൾക്കിപ്പുറവും കാത്തു നിൽക്കുന്നുണ്ടാകും ഒരു തുടർക്കഥ പോലെ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.