മുറിഞ്ഞസ്വപ്നത്തിലെ മഴവില്ലോർമ്മയിൽ
ചാഞ്ഞ പകൽ.
തളച്ച കള്ളിയിലെ ഒരൊഴിഞ്ഞ മുറിയിൽ
വിറയാർന്നകൈ താങ്ങുതേടി നീങ്ങുന്നു.
ഓടി മറയുന്ന ജനക്കൂട്ടത്തിൻ നടുവിൽ
ഒറ്റപ്പെട്ട വലയിൽ കുടുങ്ങിയ ഇര.
തിളകൂടി വെന്തുമലർന്ന ചോറ്, വരണ്ടവറ്റായി
കഴുകാനിട്ടിരുന്ന പാത്രത്തിൽ.
മിഴിവറ്റിയ പ്രത്യാശയിൽ തെളിയും ചുളിവുകൾക്കിടയിൽ താനെവിടെയെന്ന്
തിരഞ്ഞ് വലഞ്ഞുരുകിയ
പകൽകഷ്ണങ്ങളിൽ, ചിതറി മറഞ്ഞോരു
തണൽ.
താങ്ങുവടിയിൽ തായ് വേരു മുളച്ച്,
പോയവസന്തങ്ങളിലെ പൂക്കാലമണങ്ങളിൽ
രമിച്ച്, രണ്ടടി രണ്ടടി നടന്ന് ശുചിമുറിയിലേക്ക്.
കനൽക്കാല ബോധ്യങ്ങൾ നെടുനിശ്വാസത്തിൽ ഒതുക്കി, പരുത്ത പരിചാരക വിരൽ സ്പർശത്തിൽ മക്കളെ
തൊട്ടറിഞ്ഞ്, കുളിരും ശൈശവ തണുപ്പ്.
ഞാനിവിടെയുണ്ടെന്ന് കൂവലറിയിക്കും
കിളിയിൽ, ഇണയോർമ്മ തികട്ടി പിടഞ്ഞെണീക്കും പുലർച്ച.
അടച്ചിട്ട പടിവരെപ്പോയി
വട്ടം തിരിഞ്ഞ് യജമാനന്റെ
വരവും കാത്ത് കാത്തങ്ങനെ......!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.