അന്ന് ആലിൻചോട് ഉണർന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ്.
‘കട്രി ബാലൻ വിഷം കുടിച്ചു.’
രാത്രി തന്നെ കുമാരൻ മുസ്തഫയുടെ ജീപ്പിൽ ആശുപത്രിയിൽ കൊണ്ടുപോയത്രേ! സമയം രാവിലെ ഏഴരയായി. ഇതുവരെയും ഒരു വിവരവും അറിഞ്ഞിട്ടില്ല. വേലായുധ മൂപ്പനും മാളു മൂപ്പത്തിയും ആശുപത്രിയിലേക്ക് പോകാൻ ബസ് കയറാനായി വളവിലേക്ക് വന്നു. കുപ്പമുടി പോയി പാല് കൊടുത്തുവരുന്ന സുലോചന അയ്യപ്പൻ അവരെ കണ്ടപ്പോൾ ഒന്ന് നിന്നു. ‘വേലായ്ദാ വല്ല വെവരോണ്ടോ?’
കേൾവി കുറവായ വേലായുധൻ എലി പുന്നെല്ല് കണ്ട പോലെ ഒന്ന് ചിരിച്ചു. മറുപടി പറഞ്ഞത് മാളു മൂപ്പത്തിയാണ്. ‘ഞങ്ങൾ പിന്നെ ഓടെ പോയിട്ട് വരട്ടെ, ചാത്തിട്ടുണ്ടാവ്ല്ല, ഓന് കുടിച്ചത് എലി വെസല്ലേ, പിന്നെങ്ങേനെ?’
കട്രി ബാലന്റെ ജീവന് ഒന്നും സംഭവിച്ചില്ല. മൂന്നാം ദിവസം ഗുളികൻകാവിനടുത്തുള്ള വയലിൽ കറപറ്റിയ കാവി മുണ്ടുമുടുത്ത് പോത്തുകളുടെ കൂടെ കട്രി ബാലൻ പ്രത്യക്ഷപ്പെട്ടു. വിഷംകുടിയും തൂങ്ങിച്ചാവലും ഒക്കെയായി ബാലൻ വീണ്ടും കാലം തള്ളിനീക്കി. കള്ളുകുടിച്ചു വന്നു രാത്രിയിൽ ഭാര്യയെ പൊതിരെ തല്ലുന്നതും തല്ലിൽനിന്ന് രക്ഷപ്പെടാനായി ഭാര്യ പുരക്കു ചുറ്റും ഓടുന്നതും അക്കാലത്തെ മൂപ്പൻ കുടിയിലെ ഒരു രാത്രികാല വിനോദമായിരുന്നു. ടി.വി സീരിയലും റിയാലിറ്റി ഷോകളും ഇല്ലായിരുന്ന അക്കാലത്ത് കട്രി ബാലന്റെയും ഭാര്യയുടെയും ഈ സൗജന്യ പ്രകടനം നാട്ടുകാർക്കൊരു അനുഗ്രഹമായിരുന്നു.
കട്രി ബാലന്റെ ഈ വിക്രിയകൾ ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ചാമണ്ണനും കുറുക്കൻ കേശവനുമൊക്കെ ഇക്കാര്യത്തിൽ ഏകദേശം സമാന സ്വഭാവക്കാരായിരുന്നു. ഒരു സ്ത്രീ വിമോചന സംഘടനയും ഇതിനെതിരെ അക്കാലത്തു രംഗത്തു വന്നിരുന്നില്ല. കാരണം ഇതവരുടെ ജീവിതത്തിന്റെ താളമായിരുന്നു. കാലം പിന്നെയും അതിന്റെ വഴിക്ക് പോയി. അമ്മ നാരായണ മൂപ്പത്തിയും സഹോദരിമാരായ സുധ, ദേവകി, പുഷ്പ, സഹോദരൻ പ്രഭാകരൻ, ഭാര്യ പുഷ്പ, രണ്ടു മക്കൾ എന്നിവർ അടങ്ങിയ കുടുംബമാണ് കട്രി ബാലന്റെത്.
തന്ത നാരായണ് മൂപ്പൻ കുടിയിലെ കാരണവരായിരിക്കെ ഇഹലോകവാസം വെടിഞ്ഞു. കട്രി ബാലന്റെ അന്ത്യം വളരെ ദാരുണമായിരുന്നു. വിഷം കുടിച്ചും തൂങ്ങിച്ചാകാൻ നോക്കിയും മരണത്തെ പലതവണ കബളിപ്പിച്ച ബാലനെ മരണം കീഴടക്കിയത് കറൻറ് കമ്പിയുടെ രൂപത്തിലായിരുന്നു. രാമേട്ടന്റെ പറമ്പിലെ പൂള മരത്തിന്റെ ചോല വെട്ടാൻ കയറിയ ബാലൻ വെട്ടിയിറക്കിയത് പൂള മരത്തിന്റെ കൊമ്പ് മാത്രമല്ല, സ്വന്തം ജീവനും കൂടിയായിരുന്നു. പൂള മരത്തിന്റെ ചില്ലകൾക്ക് സമാന്തരമായി വലിച്ചുകെട്ടിയ ഇലവൻ കെ.വി ലൈൻ ബാലന്റെ ജീവൻ വലിച്ചെടുത്തു.
ബാലൻ താഴോട്ടു കൂപ്പുകുത്തി. സംഭവം ആദ്യം കണ്ടത് രാമേട്ടൻ തന്നെയായിരുന്നു. കിട്ടിയ വാഹനത്തിൽ കയറ്റി ബാലനെ ബത്തേരിയിലെ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂള മരത്തിന്റെ കൊമ്പ് വെട്ടാൻ കയറിയ ബാലൻ പൂള ചുട്ട പോലെ ഭൂമിയിലേക്ക് പതിച്ച വിവരം കാട്ടുതീ പോലെ പടർന്നു. കേട്ടവർ കേട്ടവർ മൂപ്പൻ കുടിയിലേക്ക് പാഞ്ഞു. ഇതിനിടയിൽ കൂക്കി വിളിച്ചുകൊണ്ട് ശവവണ്ടി എത്തി.
ശവം പോലും കാണാൻ നിൽക്കാതെ വിക്കൻ ഗോവിന്ദൻ വെള്ളമുണ്ടും വാരിച്ചുറ്റി കവലയിലേക്ക് ഓടി. ഓടുന്നതിനിടയിൽ ഗോവിന്ദന് ആരോടെന്നില്ലാതെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘ചെക്കൻ ഓളെ ബ്...ബ്... ബീട്ടിലാണ്’. മരണം അറിയിക്കാനുള്ള പാച്ചിലാണെന്ന് പിടികിട്ടി. മരണവീട്ടിൽ പലരും പലതും അടക്കം പറഞ്ഞു. ബാലന്റെ ഒരു പെങ്ങൾ ഒരു അന്യസമുദായക്കാരന്റെ കൂടെ പോയതും അവളെ ഊരുവിലക്കിയതും സാന്ദർഭികമായി ഇവിടെ കുറിക്കട്ടെ. തേണ്ടി എന്നായിരുന്നു അവളുടെ പേര്.
‘ഒക്കെ ഓളെ പറഞ്ഞാമതി’ സുലോചന പാറുവിന്റെ ചെവിയിൽ പറഞ്ഞു. നെഞ്ഞത്തടിയും നിലവിളിയുമായി തള്ളയും മക്കളും ഓടിക്കൂടി. കുറച്ചുകഴിഞ്ഞപ്പോൾ തേണ്ടി പാഞ്ഞുവന്നു. ആറേഴു കിലോമീറ്റർ ദൂരെ എവിടെയോ ആണ് അവൾ താമസിക്കുന്നത്. ‘ന്റെ ഏട്ടാ, എനിക്കിത് കാണാൻ ബെയ്യേ! തൈവമേ!’ കണ്ടുനിന്നവരുടെ കരലളയിക്കുന്ന രംഗമായിരുന്നു അത്. തേണ്ടിയുടെ കെട്ടിയോൻ അപ്പോഴും വളവിലെ ആൽമരച്ചോട്ടിൽ കുത്തിയിരിക്കുകയായിരുന്നു. പാവത്തിന് കുടിയിലേക്ക് കയറാനുള്ള അനുമതി ഇല്ല പോലും.
‘അങ്ങനെ അതും കഴിഞ്ഞു.’ കണ്ണുപൊട്ടൻ ഗോപാലൻ തപ്പിത്തടഞ്ഞു വളവിലെത്തി പറഞ്ഞു. വൈകീട്ട് ആറുമണിയോടെ കട്രി ബാലന്റെ ശവശരീരം തമ്പുരാട്ടി കാവിനടുത്തുള്ള ചുടലക്കാട്ടിൽ കുഴിച്ചുമൂടി. മരണവീട്ടിലെ മൂകത വിട്ടുമാറും മുേമ്പ മഴ പെയ്തു തുടങ്ങി. നേരം ഇരുട്ടുന്നതോട് കൂടി മഴയും കനത്തു. മഴയെ വക വെക്കാതെ പൊദയ മൂപ്പൻ ദൈവം കാണാൻ തുള്ളി തുള്ളി ദൈവപ്പുരയിൽ കയറി കൂവിക്കൊണ്ടിരുന്നു. മൂപ്പന് കൂട്ടായി കുടിയിലെ പട്ടികളും. മൂപ്പൻ സമുദായത്തിലെ ഒരു ആചാരമാണ് ദൈവം കാണൽ.
കൂരാകൂരിരുട്ടിൽ കനത്ത മഴക്ക് അകമ്പടിയായി ഇടിയും മിന്നലും എത്തി. വളവിലെ ആലിൻചുവട്ടിൽ കനത്ത മഴയിലും ഇരുട്ടിലും എന്തോ ഒന്ന് കിടന്നുരുളുകയും മുരളുകയും ചെയ്തുകൊണ്ടിരുന്നു. ഞരങ്ങുകയും മുരളുകയും ഉരുളുകയും ചെയ്യുന്ന ആ ഭീകര സത്വത്തെ ആദ്യം കണ്ടത് ശിപായി മമ്മത് ആയിരുന്നു. മീനങ്ങാടിയിൽ തപാൽ വകുപ്പിലെ ശിപായിയാണ് മമ്മത്. മെലിഞ്ഞ് കുറുതായ മനുഷ്യനാണ് കക്ഷി. രാവിലെ ഒമ്പതരയോട് കൂടി റോഡിന്റെ വലതുവശം ചേർന്ന് ദിനേശ് ബീഡിയും വലിച്ച് സൗമ്യനായി നടന്നുപോകുന്ന ഈ ചെറുപ്പക്കാരൻ തിരിച്ചുവരുന്നത് നാല് കാലിലാണ്. കവലയിൽ ബസിറങ്ങി കുപ്പമുടിയിലേക്ക് നടക്കുമ്പോൾ ശിപായി മമ്മതിന് പലപ്പോഴും പി.ഡബ്ല്യു.ഡിയെ കുറ്റം പറയാനേ നേരമുള്ളൂ, റോഡിനു വീതി പോര പോലും!
സമയം രാത്രി പത്തര ആയിക്കാണും. മൂളിപ്പാട്ടും പാടി ആടിയാടി വന്ന മമ്മത് ആലിൻചോട്ടിലേക്ക് ഒന്ന് നോക്കി. ‘പടച്ചോനെ കാത്തോളീൻ’ എന്നും പറഞ്ഞു നിലത്ത് ഉറയ്ക്കാത്ത കാല് തലയിൽ തല്ലി ശിപായി മമ്മത് ഒരൊറ്റ പാച്ചില്. പായുന്നതിനിടയിൽ എതിരെ വന്ന കൊല്ലൻ ബാലകൃഷ്ണനെ തളളിയിട്ടാണ് മമ്മത് പോയത്. ഓട്ടം നിന്നത് കുപ്പമുടി അമ്പലത്തിന്റെ അടുത്താണ്. മമ്മത് വീണ്ടും അമ്പലത്തിനടുത്തുള്ള ആലിൻചുവട്ടിലേക്ക് പേടിച്ചുവിറച്ചുകൊണ്ട് ഒന്ന് നോക്കി. പിന്നെ ഒന്നും മമ്മതിന് ഓർമയില്ല. തപാൽ വകുപ്പിന്റെ പ്രവർത്തനം മുടങ്ങുന്ന തരത്തിൽ മൂന്ന് ദിനം അവൻ ഗവൺമെൻറ് ആശുപത്രിയിൽ കൊതുക് കടിയേറ്റുകിടന്നു. ആശുപത്രി കിടക്കയിലെ മൂട്ടകളും അവനോടൊരു ദാക്ഷിണ്യവും കാട്ടിയില്ല. ശിപായി മമ്മത് ഓടുന്നതിനിടയിൽ തട്ടിയിട്ട കൊല്ലൻ ബാലകൃഷ്ണൻ നല്ല പൂസിലായിരുന്നു.
വേച്ച് വേച്ചു കൊല്ലൻ ആലിൻചോട്ടിലേക്ക് നടന്നു. മുന്നിൽ കിടക്കുന്ന രൂപത്തെ കാല് കൊണ്ടൊന്നു തൊഴിച്ചു. ‘അയ്യോ അമ്മേ എന്നെ കൊല്ലുന്നേ’ എന്നൊരു ദീനരോദനം പെടുന്നനെ ഉയർന്നു. ‘നായിന്റെ മോൻ ആളെ പേടിപ്പിക്കാനായി...’ കൊല്ലന് ദേഷ്യം വന്നു. പിന്നെ ആലിൻചോട്ടിൽനിന്ന് ഇടവഴിയിലേക്ക് ഇറങ്ങിനിന്ന് ഉറക്കെ വിളിച്ചു ‘എടാ സുന്ദരാ തന്തേനെ എടുത്തുകൊണ്ട് പോ, വല്ല ലോറീം കേറി ചാവും.’ കള്ള് കുടിച്ചാലും കൊല്ലൻ തന്റെ ധാർമികത കൈവിട്ടില്ല. പിന്നേം എന്തൊക്കെയോ പിറുപിറുത്തു കൊല്ലൻ തന്റെ വഴിക്ക് പോയി.
കൊല്ലൻ വിളിച്ചുപറഞ്ഞത് കേട്ടെങ്കിലും ചാമണ്ണനെ കൊണ്ടുപോകാനൊന്നും മക്കൾ മിനക്കെട്ടില്ല. കാരണം മക്കൾക്കിതൊരു പുതിയ അധ്യായമല്ല. മൂപ്പൻ ചാമണ്ണൻ വേളാത്തി ലക്ഷ്മിയെ കെട്ടുേമ്പാഴേ മുഴുക്കുടിയനായിരുന്നു. മൂപ്പൻ സമുദായത്തെ മൊത്തം തെറിവിളിച്ചും വേളാന്മാരുടെ കൂടെ കൂടാതെ ഒറ്റയാനായ ഒരു ജീവിതമായിരുന്നു ചമാണ്ണേൻറത്. വല്ല പണിക്കും പോയി കിട്ടുന്ന കാശിന് മൊത്തം കള്ള് കുടിച്ചു മൂപ്പന്മാരോട് പോരിനുപോകുക എന്നത് ചാമ്മണ്ണന്റെ ജീവിതശൈലി ആയിരുന്നു.
ഇന്ന് ചാമണ്ണൻ കുടിച്ചതെന്തിന്?
മൂപ്പൻ കുടി മൊത്തം മൂകമാണ്. കട്രി ബാലന്റെ മരണം ഒരു പക്ഷെ ചാമണ്ണനെ ദുഖത്തിലാഴ്ത്തിയോ? അതോ ബദ്ധശത്രു നാരായണ മൂപ്പന്റെ പുത്രന്റെ അപകടമരണം അവനെ സന്തോഷിപ്പിച്ചോ?
മഴ തെല്ലൊന്നു കുറഞ്ഞപ്പോൾ ചാമണ്ണന്റെ മക്കളായ വി. ജയനും കുട്ടനും കൂടി വന്നു തന്തയെ എടുത്തു കൊണ്ടുപോയി. അങ്ങനെ ശിപായി മമ്മതിനെയും കൊല്ലൻ ബാലകൃഷ്ണനെയും ഭയപ്പെടുത്തിയ ആ ഭീകരസത്വം മക്കളുടെ കരുണയിൽ വീടണഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.