ലോകത്തിലെ ഏറ്റവും അപൂർവവും പുരാതനവുമായ കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും ഇനി ഷാർജ പബ്ലിക് ലൈബ്രറിയിൽ കാണാം. മുൻകാല സാംസ്കാരിക ചരിത്ര രേഖകൾ അടങ്ങിയ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, പേർഷ്യൻ, ജർമ്മൻ തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങളും കൈയെഴുത്തു പ്രതികളുമാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. ഭാഷ, വ്യാകരണം, ആരാധനാലയങ്ങൾ, വൈദ്യം, വ്യാഖ്യാനങ്ങൾ, ജ്യോതിശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിൽ 3,102 അപൂർവ പുസ്തകങ്ങളും 912 ശീർഷകങ്ങളും ലൈബ്രറിയിൽ പ്രദർശിപ്പിക്കുന്നു.
സാഹിത്യം, ചരിത്രം, കല, ശാസ്ത്രം എന്നിവയെ കുറിച്ച് പഠിക്കാൻ ഗവേഷകർക്ക് ഈ പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും സഹായകമാകും. പഠിക്കാൻ താൽപ്പര്യമുള്ളവർക്കും സന്ദർശകർക്കും ഷാർജ പബ്ലിക് ലൈബ്രറി പൂർണ്ണ ഡിജിറ്റൽ സൗകര്യവും നൽകുന്നുണ്ട്.
തുർക്കിയിലെ ടോപ്കാപ്പി പാലസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന Uthman’s copy of the Quran എന്നകൈയെഴുത്തുപ്രതിയുടെ സമാനമായ പകർപ്പ് ഷാർജ പബ്ലിക് ലൈബ്രറിയിലെ അപൂർവ ഗ്രന്ഥങ്ങളിലൊന്നാണ്. ഈ കൃതികളെ അമൂല്യമാക്കുന്നത് അവ പ്രസിദ്ധീകരിച്ച തീയതിയോ പതിപ്പോ മാത്രമല്ല, അവയുടെ വിഷയവും കൂടിയാണ്. അത്തരത്തിൽ അമൂല്യമായ അറിവിന്റെ ഉദാഹരണമാണ് ‘Antidote’. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിണാമത്തിലെ ആദ്യകാല അറബ് സംഭാവനകളെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
സസ്യ സംയുക്തങ്ങൾ അടങ്ങിയ മറുമരുന്നുകൾ എങ്ങനെ തയാറാക്കാമെന്നും ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു. എ.ഡി 1122-ൽഅന്തരിച്ച എഴുത്തുകാരനായ ‘അസംബ്ലിസ് ഓഫ് ഹരീരി’ എന്നറിയപ്പെടുന്ന മഖാമത്ത് അൽ ഹരിരിയുടെ പ്രസിദ്ധമായ കൈയെഴുത്തു പ്രതിയുടെ പകർപ്പും എ.ഡി 1122-ൽ അന്തരിച്ച ആറാം നൂറ്റാണ്ടിലെ ഹിജ്റ കാലഘട്ടത്തിലെ ഗ്രന്ഥകർത്താവ് അബ്ദുൾ മാലിക് ബിൻ അബ്ദുല്ല ഇബ്നു ബെദുറൂന്റെ ‘ശർഹ് ഖാസേദത്ത് ഇബ്നു അബ്ദുൽ’ എന്ന കൈയെഴുത്തു പ്രതിയും ലൈബ്രറിയിലെ മാറ്റിവെക്കാനാകാത്ത ഗ്രന്ഥങ്ങളിൽ ചിലതാണ്.
മുഹമ്മദ് ബിൻ മുഹമ്മദ് ഉമർ അൽ അഖ്സിക്തി എഴുതിയ ‘ശർഹ് അൽ മുൻതഖബ് അൽ ഹുസാമി’ എന്ന ഫിഖ്ഹ് ഗ്രന്ഥം, അബ്ദുല്ല ബിൻഅഹമ്മദ് അൽ ഫക്കിഹിയുടെ ‘കെതാബ് കഷ്ഫ് അൽ നെഖാബ് അൻ മുഖദാരത്ത് മലഹത്ത് അൽ അറബ്’ എന്ന പുസ്തകവും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ അപൂർവ അറബിമാസികകളും ആനുകാലികങ്ങളും ഷാർജ ലൈബ്രറി പ്രദർശിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.