തൊടുപുഴ: ആനുകാലികങ്ങൾ വാങ്ങാൻ ബുക്സ്റ്റാളിന് മുന്നിൽ ആളുകൾ ക്യൂ നിന്ന കാലമുണ്ടായിരുന്നു. ഓരോ പ്രസിദ്ധീകരണവും ഇറങ്ങുന്ന ദിവസം കാത്തിരിക്കുകയായിരുന്നു അവർ. ജനപ്രിയ വാരികകൾ വരുന്ന അന്നുതന്നെ വിറ്റു പോകും. കച്ചവടക്കാർ തലേന്നുതന്നെ പണമടച്ച് ടോക്കൻ വാങ്ങിവെക്കും... അര നൂറ്റാണ്ടിലധികമായി തൊടുപുഴയിൽ ബുക്സ്റ്റാൾ നടത്തുന്ന കെ.എൻ. രവീന്ദ്രൻപിള്ള(കെ.എൻ.ജി. രവി) ഒാർക്കുന്നു.
കാലം മാറി. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ വരവോടെ അച്ചടി മാധ്യമങ്ങളുടെ പ്രതാപം കുറഞ്ഞെന്നാണ് രവിയുടെ അഭിപ്രായം. ചില കോട്ടയം വാരികകൾ ആഴ്ചയിൽ 25,000 കോപ്പിവരെ വിറ്റ ചരിത്രമുണ്ട്. ഒരു വാരിക ജില്ലയിൽ ഏറ്റവും കൂടുതൽ വിൽപന നടത്തിയതിന് പ്രസാധനാലയം സംഘടിപ്പിച്ച ഡൽഹി ടൂറിൽ ഇടവും ലഭിച്ചു. പൈങ്കിളി വാരികകൾ എന്ന് പിന്നീട് അറിയപ്പെട്ട മാഗസിനുകളാണ് അധികവും വിറ്റു പോയിരുന്നത്. പിൽക്കാലത്ത് ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രചാരം ക്ഷയിച്ചു. പലതും പൂട്ടിപ്പോയി. 80കളിൽ വലിയ പ്രചാരം നേടിയ പ്രസിദ്ധീകരണങ്ങളായിരുന്നു ബാലമാസികകൾ. അതിൽ മിക്കതും പൂട്ടി. പത്രങ്ങളുമായി ബന്ധപ്പെട്ട് ഇറങ്ങുന്ന ചിലത് നടക്കുന്നുണ്ട് എന്ന് മാത്രം.
ഗൗരവ വായന ലക്ഷ്യംെവക്കുന്ന വാരികകൾക്കും മാസികകൾക്കും ധാരാളം വായനക്കാർ പണ്ടേ ഉണ്ടായിരുന്നു. പ്രചാരം കുറവായിരുന്നെങ്കിലും കാലത്തെ അതിജീവിച്ചത് അത്തരം പ്രസിദ്ധീകരണങ്ങളാണ്. സിനിമ മാസികകളും വാരികകളും സിനിമ പാട്ടുപുസ്തകങ്ങകളും മറ്റും വലിയ തോതിൽ വിറ്റുപോയിരുന്നതായും രവി പറയുന്നു.
1940കളിൽ സഹോദരൻ കെ.എൻ. ഗോപാലപിള്ള കെ.എൻ.ജി ബുക്സ്റ്റാൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനം 1966ൽ രവീന്ദ്രൻ പിള്ള ഏറ്റെടുക്കുകയായിരുന്നു. തൊടുപുഴ -മുവാറ്റുപഴ റോഡിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ശ്രീകൃഷ്ണ തിയറ്ററിന് എതിർവശത്തായിരുന്നു 25 വർഷം മുമ്പ് വരെ ബുക്സ്റ്റാൾ. പിന്നീട് റോട്ടറി ജങ്ഷനിലേക്ക് മാറി. അച്ചടി ആനുകാലികങ്ങളുടെ നല്ലകാലം വായനയുടെ വസന്തകാലം കൂടിയായിരുന്നെന്ന് രവി ഓർക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും 60 വർഷത്തോളമായി തൊടുപഴക്ക് വായനയുടെ രുചിമേളം ഒരുക്കുന്ന രവീന്ദ്രൻ പിള്ളക്ക്(കെ.എൻ.ജി. രവി) നിരാശയില്ല. അച്ചടി വായനയുടെ വസന്തം ഇനിയും തിരിച്ചുവരുമെന്ന് അക്ഷരങ്ങളുടെ ഈ കൂട്ടുകാരൻ വിശ്വസിക്കുന്നു. മുമ്പ് തൊടുപുഴക്കാരനായ രവി ഇപ്പോൾ മുവാറ്റുപുഴ ആനിക്കാടാണ് താമസം. ഭാര്യ: ഗിരിജ. മൂന്ന് ആണും രണ്ട് പെണ്ണുമായി അഞ്ച് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.