``എഴുത്തുകാർക്ക് പെട്ടെന്ന് പ്രതികരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല, ചിന്തിക്കാനും പ്രതികരിക്കാനും സമയം വേണം'' ഗീതാഞ്ജലി ശ്രീ

വടകര: പ്രതിസന്ധികൾ എത്ര വലുതാണെങ്കിലും സമൂഹവും ഭരണകൂടവും എതിരായാലും എഴുത്തുകാർ കടമ നിർവഹിക്കണമെന്ന് ബുക്കർ ജേത്രി ഗീതാഞ്ജലി ശ്രീ പറഞ്ഞു. മടപ്പള്ളി ഗവ. കോളജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപകനേതാവ് എം.ആര്. നാരായണക്കുറുപ്പ് സ്മാരകപ്രഭാഷണത്തിൽ 'ഒരു എഴുത്തുകാരിയുടെ ഉത്തരവാദിത്തം' എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അവർ.

എഴുത്തുകാരൻ എഴുതുകയെന്ന പ്രക്രിയ തുടരണം. സമൂഹം അതിന് സാചര്യമൊരുക്കണം. എഴുത്തുകാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച ചർച്ചയോടൊപ്പം സമൂഹത്തിന്റെ എഴുത്തുകാരോടുള്ള സമീപനവും ചർച്ച ചെയ്യപ്പെടണം. പരസ്പര ബഹുമാനത്തിലും സ്നേഹത്തിലുമധിഷ്ഠിതമാവണം സമൂഹവും എഴുത്തുകാരും തമ്മിലെ ബന്ധം. സ്വതന്ത്രമായി ജീവിക്കാനും എഴുതാനും പ്രതികരിക്കാനുമുള്ള അന്തരീക്ഷം ഉണ്ടാവുക എന്നത് പരമപ്രധാനമാണെന്ന് അവർ പറഞ്ഞു.

ഇന്ത്യയിലെ എന്റെ തലമുറയിലെ സ്ത്രീയെഴുത്തുകാർ അനുഭവിച്ച വിവേചനം വളരെ തീവ്രമായിരുന്നു. വ്യവസ്ഥിതി അടിച്ചേൽപിച്ച ഗാർഹികജോലികൾ നിറവേറ്റിക്കൊണ്ടുവേണം എഴുത്തിലേക്ക് തിരിയാൻ. ഇന്നത്തെ പെൺകുട്ടികൾ ഈ കാര്യത്തിൽ ഭാഗ്യവതികളാണെന്ന് അവർ പറഞ്ഞു. സമൂഹം എപ്പോഴും പൊടുന്നനെയുള്ള പ്രതികരണമാണ് എഴുത്തുകാരിൽനിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷേ, എഴുത്തുകാർക്ക് പെട്ടെന്ന് പ്രതികരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. അവർക്ക് ചിന്തിക്കാനും പ്രതികരിക്കാനും സമയം വേണം, സ്വസ്ഥതയും സ്വാതന്ത്ര്യവും വേണം. ആക്ടിവിസ്റ്റ് ആവണോ എഴുത്തിന്റെ സർഗവ്യാപാരത്തിൽ മുഴുകണോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. സമൂഹം ഇങ്ങനെ ചെയ്യൂ എന്ന് നിർദേശിക്കുന്നതാണ് പക്ഷേ നാം പലപ്പോഴും കാണുന്നത് -ഗീതാഞ്ജലി ശ്രീ പറഞ്ഞു.

ചടങ്ങ് മുന് എം.എല്.എ സി.കെ. നാണു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്സിപ്പല് ഒ.കെ. ഉദയകുമാര് അധ്യക്ഷനായി. ഒഞ്ചിയം പഞ്ചായത്ത് അംഗം വി.പി. ഗോപാലകൃഷ്ണന് അനുസ്മരണപ്രഭാഷണം നടത്തി. എന്.കെ. അന്വര്, പി.എം. ഷൈനു, കോളജ് ചെയര്മാന് മുഹമ്മദ് സഹാഫ്, ജിതിന് പി. പോള്, എ.എം. ശശി എന്നിവര് സംസാരിച്ചു.

Tags:    
News Summary - Speech by Booker Prize winner Geetanjali Shree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT