തൃശൂർ: എല്ലാവർഷവും ഡിസംബറിൽ ഡാർജലിങ്-സിക്കിം അതിർത്തിയിൽ ഗാരോ മലനിരകൾക്ക് താഴെ വനപ്രദേശത്ത് സാൽ മരത്തിന്റെ (കൈമരുത് -ശാല മരം) കീഴിൽ അവർ എത്തും. മരച്ചുവട് വൃത്തിയാക്കും മുളങ്കുഴലും ഇലകളും ഉപയോഗിച്ച് മറ തീർക്കും, പിന്നീട് നാടകം തുടങ്ങും.
മൈക്കും ലൈറ്റും സാങ്കേതിക വിദ്യകളുമില്ലാതെ കാടൊരുക്കുന്ന പശ്ചാത്തല സംഗീതത്തിൽ അവർ നാടകം കളിക്കും. ‘സാൽമരത്തിന് കീഴെ’ എന്നറിയപ്പെടുന്ന ഡിസംബറിലെ മൂന്ന് ഫെസ്റ്റിവൽ ദിനങ്ങൾ കഴിഞ്ഞ 13 വർഷമായി നാടകാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമാണ്.
അസമിലെ ഗോൽപാര ജില്ലയിൽ രാംപൂർ എന്ന കുഗ്രാമത്തിലാണ് ടിബറ്റോ-ബർമൻ വംശജരായ മലയോര ഗോത്ര വിഭാഗമായ ‘രാഭ ’ക്കാരുടെ ‘ബാദുഗ്ദുപ തിയറ്റർ കോളനി’ നാടക ഗ്രാമമുള്ളത്. ഇവരാണ് ‘ സാൽ മരത്തിന് കീഴെ’ എന്ന തിയറ്റർ ഫെസ്റ്റിവലിന്റെ നടത്തിപ്പുകാർ.
13ാമത് ഇറ്റ്ഫോക്കിന് ‘റാഥേർ റാഷി’ നാടകവുമായി തൃശൂരിൽ ഇവർ എത്തുന്നത് തിയറ്റർ സ്ഥാപകാചാര്യനായ ശുക്രാചാർജ്യ രാഭയുടെ വേർപാടിന്റെ വേദനയോടെയാണ്. 2010ൽ ഒടുവിൽ ഇറ്റ്ഫോക്കിൽ എത്തിയത് അദ്ദേഹം സംവിധാനം ചെയ്ത നാടകവുമായിട്ടായിരുന്നു.
ഇപ്പോഴിതാ അദ്ദേഹം സംവിധാനം ചെയ്ത മറ്റൊരു നാടകവുമായി സംവിധായകനില്ലാതെ എത്തിയിരിക്കുന്നു, അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങളിലുണ്ട്-തിയറ്റർ മാനേജിങ് ഡയറക്ടർ മദൻ രാഭ ‘മാധ്യമ’ ത്തോട് പറഞ്ഞു.
നാടകക്കമ്പനികൾ നഗരങ്ങളിൽ ചേക്കേറുമ്പോഴാണ് നമുക്ക് ഗ്രാമാന്തരങ്ങളിലേക്ക് പോകാം. അവിടെയാണ് കഥകളുടെ സാഗരമുള്ളതെന്ന് ശുക്രാചാർജ്യ രാഭ തന്റെ സംഘാംഗങ്ങളോട് പറഞ്ഞത്. അങ്ങനെ കാടിനോട് ചേർന്ന് രാംപൂർ എന്ന ഉൾഗ്രാമത്തിൽ ബാദുഗ്ദുപ തിയറ്റർ കോളനി 1998ൽ സ്ഥാപിച്ചു.
ചെറിയ ഓഡിറ്റോറിയം, രണ്ട് ഗെസ്റ്റ്ഹൗസുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഡോർമിറ്ററി, പരിശീലന സ്ഥലം ഇവ അടങ്ങിയതായിരുന്നു നാടക ഗ്രാമം. 23 വർഷത്തിനിടെ 24 ഗ്രാമീണ തനിമയുള്ള നാടകങ്ങളാണ് ഇവർ അവതരിപ്പിച്ചത്.
നാടോടി കഥകളെയും ഐതിഹ്യങ്ങളെയും സമകാലിക യാഥാർഥ്യത്തിലടുപ്പിച്ച് സത്യം തുറന്നുപറയുന്ന നാടകങ്ങളായിരുന്നു ഓരോന്നും. ഇത്തവണ ഇറ്റ്ഫോക്കിൽ എത്തുന്നതും ജാതി മേൽക്കോയ്മകളെ ചോദ്യംചെയ്യുന്ന ഇതിവൃത്തവുമായിട്ടാണ്.
മുഴുവൻ സമയ നാടക പ്രവർത്തകരായ കുടുംബമാണ് നാടക ഗ്രാമത്തിലുള്ളത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽനിന്ന് ചെറിയ തുകമാസം തോറും കിട്ടുന്നുണ്ട്. അത് വീതംവെച്ചാണ് ജീവിതം തള്ളിനീക്കുന്നത്. പല സർക്കാർ സ്കീമുകളും സഹായവും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. കൃഷി ഉള്ളതിനാൽ വീട്ടിൽ അരിയുണ്ട്,പിന്നെ സബ്ജി, കുറച്ചു ഉപ്പും...ഇവയിലാണ് ജീവിതം മുന്നോട്ടുപോകുന്നത്-മദൻ രാഭ പറയുന്നു.
2018 ജൂൺ ഒന്നിനാണ് 44ാം വയസ്സിൽ ശുക്രാചാർജ്യ രാഭ ഹൃദയസ്തംഭനം മൂലം മരിച്ചത്. വിയോഗം സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് ‘ സാൽമരത്തിന് കീഴെ’ എന്ന നാടക ഫെസ്റ്റിവൽ നാടിന്റെ ആഘോഷമാക്കി തിയറ്ററിന്റെ പ്രയാണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.