ജന്നത്ത്

ഇന്നലെ സുലൈമാനെ സ്വപ്‌നം കണ്ടു. ഓന്റെ ഭാഷയിൽ പറഞ്ഞാ സുഖോള്ള ഒരു ക്നാവ്. പതിനാലാം രാവിന്റെ മൊഞ്ചിൽ അവനെന്റെ മനോരാജ്യത്തിലെ സാരഥിയായി വിലസുന്നു.

‘രജീന്ദ്രൻ സാറെ, നിങ്ങ വരച്ച ഒരു ചിത്രം ഞാൻ പുതിയ പൊര വെക്കുമ്പം ചൊമരിൽ തൂക്കാൻ തരണം... അതിന് സമുദ്രത്തോളം വലുപ്പം വേണം...’

ഞാൻ ചിരിച്ചു.

‘സാറിന്റെ ചിരിക്ക് ഏഴഴകാ... അത് പോലെന്നെ നിങ്ങ വരക്കുന്ന ചിത്രങ്ങളും... എന്റെ വീടിനിടാനുള്ള പേരും എനിക്ക് പെറക്കാനിരിക്കുന്ന കുഞ്ഞിന്റെ പേരുമായിരിക്കും സാറിന്റെ വക എനിക്കുള്ള വിലപ്പെട്ട സമ്മാനങ്ങൾ...’

ലെഷർ പീരിയഡിലെ തന്റെ ഹോബിയാണ് ചിത്രരചനയെന്ന് ഓഫിസിൽ എല്ലാവർക്കുമറിയാം. മൃദുഭാഷിയായ സുലൈമാൻ ടേബിളിന് ചുറ്റും പാറി നടന്ന് പണി ചെയ്യുന്നു. അയാളുടെ നാവിൽനിന്നും ‘നോ’ എന്നൊരു പദം ഇതുവരെ ആരും കേട്ടിട്ടില്ല.

‘നിന്നോട് നീ ഈ സെക്ഷനിലെ ജോലിമാത്രം നോക്കിയാൽ മതി എന്ന് ഞാനെത്ര തവണ വാണിങ് തന്നിട്ടുള്ളതാ, അത് കൂട്ടാക്കാതെ മറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഫയലുകൾ തലയിൽ ചുമക്കുന്നത് എന്തിനാ..?’

അപ്പോഴുമുണ്ട് അവന്റെ ചുണ്ടിൽ മായാത്ത പുഞ്ചിരി.

‘അഥവാ ഞാൻ ഒരീസം ലീവെടുത്താ സാറിന് ഇതുവരെ എന്തെങ്കിലും അമാന്തം ഈ ഓഫീസിൽനിന്നും വന്നിട്ടുണ്ടോ? ഞാൻ മറ്റ് സെക് ഷനെ അകമഴിഞ്ഞ് സഹായിക്കുന്നത് കൊണ്ടല്ലേ സാറിന്റെ കാര്യം മൊറ പോലെ നടക്കുന്നത്... അതിന്റെ ഫുൾ ക്രെഡിറ്റ്‌ സാറിനാ, നല്ല മനുഷ്യനാവുക...’

ശരിയായിരിക്കാം. സുലൈമാൻ ഓഫിസിൽ ഇല്ലാത്ത ഒരീസം ഓർക്കാൻ പ്രയാസമാണ്. ആ കൃത്യനിഷ്ഠത അനുകരണീയം. കോംപ്ലിക്കേറ്റായ ഒരു ഫയലിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോഴാണ് സാന്ത്വനംപോലെ മൃദുവായ ആ വിളി.

‘സാർ...’

മുഖമുയർത്തി നോക്കുമ്പോൾ പ്ലേറ്റിൽ നിറയെ ഭംഗിയായി നിരത്തിയ മധുരപലഹാരങ്ങൾ.

‘മോളാണ്... വെളുപ്പിന് മൂന്നരക്കായിരുന്നു... അസമയമായതിനാൽ സാറിനെ വിളിച്ച് സ്വൈര്യം കെടുത്തേണ്ടെന്നു വിചാരിച്ചു. ഒരു ബാധ്യത കൂടിയായി സാറിന്. ഞാൻ പറഞ്ഞ ആ പേര്...’

‘അതിന് കുഞ്ഞിന് പേരിടാൻ സമയമായിട്ടില്ലല്ലോ... അതൊക്കെ അതിന്റെ നേരത്ത് ഞാൻ ചെയ്തിരിക്കും. താനൊരു പെൺകുഞ്ഞിന്റെ അച്ഛനായതിൽ ഞാൻ അഭിനന്ദിക്കുന്നു. വേണമെങ്കിൽ തനിക്ക് ഇന്ന് ഒരീസത്തെ ലീവ് എടുക്കാമായിരുന്നു...’

അവൻ ചിരിച്ചുകൊണ്ട് വേണ്ടെന്ന് തലയാട്ടി.

‘ഞാനില്ലെങ്കിൽ സാറിന്റെ ജോലി...’

മുഖമുയർത്തുമ്പോഴേക്കും അവൻ മധുരപലഹാരപ്പാത്രവുമായി മറ്റ് ടേബിളുകളിലേക്ക് പറന്നു. ആർക്കും പിടികിട്ടാത്ത ഒരു അപൂർവ സിദ്ധി.

കുറേ ദിവസങ്ങൾക്കു ശേഷം സുലൈമാൻ തല ചൊറിഞ്ഞുകൊണ്ട് മുന്നിൽവന്നുനിന്നു. എനിക്ക് വേഗം കാര്യം പിടി കിട്ടി.

‘മോള് വളർന്ന് വലുതാകുമ്പം ഞാൻ നിർദേശിക്കുന്ന ഈ പേര് ഓൾക്ക് ഇഷ്ടാവോന്നാ എന്റെ പേടി,

ഹൂറി...’

‘ഹൂ..റി... അസ്സലായി.. ഞാൻ മനസ്സിൽ നിരീച്ചത് തന്നെ. എന്റെ കെട്ടിയോൾ സുഹ്‌റക്കും ഈ പേര് നല്ലോണം സുഹിക്കും.’

എല്ലാം ഇന്നലെയെന്നോണം മുന്നിലുണ്ട്. മോളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചതിന്റെ പിറ്റേന്ന് സുലൈമാൻ ഏറെ സന്തോഷവാനായിരുന്നു.

‘സാർ...’

അതേ സ്നേഹത്തിൽ ചാലിച്ച വിളി.

‘സുഹ്‌റയുടെ ബാപ്പ സ്ത്രീധനമായി തന്ന പതിനഞ്ച് സെന്റ് ഭൂമിയിൽ ഒരു ചെറിയ പൊര വെച്ചാലോ എന്നൊരാലോചന. സാറിനോട് സമ്മതം ചോദിച്ചതിനു ശേഷം മുന്നോട്ട് നീങ്ങാമെന്ന് വിചാരിച്ചു. അനുഗ്രഹിക്കണം.’

ഉത്തരം കിട്ടാത്ത ചോദ്യംപോലെ എന്നും മുന്നിൽ സുലൈമാൻ. എല്ലാറ്റിനും വല്ലാത്ത തിടുക്കം കാട്ടുന്നത് പോലെ എനിക്ക് തോന്നി.

‘എന്റെ അനുഗ്രഹം എന്നും തന്റെ കൂടെയുണ്ടെടോ...’

‘പി.എഫിൽനിന്നും ചെറിയൊരു തുക ലോൺ വേണ്ടി വരും. ഓളുടെ ഉപ്പ അഞ്ച് തരാമെന്ന് ഏറ്റിട്ടുണ്ട്. രണ്ട് മുറിയുള്ള ചെറിയൊരു വീട്. എന്തിനും ധാരാളിത്തം കാണിക്കുന്ന മലയാളികളുടെ സ്വതേയുള്ള പൊങ്ങച്ചത്തിന്റെ പിന്നാലെ പായാനൊന്നും ഞാനില്ല. കൊക്കിലൊതുങ്ങുന്ന ചെറിയൊരു കിളിക്കൂട്...’

സുലൈമാൻ കണ്ണീരൊപ്പിക്കൊണ്ട് മുറിയിൽനിന്നും പുറത്തിറങ്ങി. ഓഫിസ് വിട്ടപ്പോൾ സുലൈമാൻ വീട് പണിയാനിരിക്കുന്ന ഭൂമി പോയിക്കണ്ടു. കണ്ണായ സ്ഥലം. ഓഫിസിനടുത്ത്. സെന്റിന് മൂന്ന് മൂന്നര വരെ ആരും കണ്ണടച്ച് നൽകും. നല്ലവനായ അവന് നന്മമാത്രം സംഭവിക്കട്ടെ. തറ കെട്ടിയതും കട്ടില വെച്ചതും ഇന്നലെയെന്നോണം കണ്ണിൽ നിൽക്കുന്നു. എല്ലാറ്റിനും വല്ലാത്ത ധൃതിയായിരുന്നു അവന്.

അതിരാവിലെ ഫോൺ വിളി വന്നപ്പോൾ തന്നെ തോന്നി എന്തോ പന്തികേടുണ്ടെന്ന്.

‘ചെറിയൊരു പനി സാർ... ശനിയാഴ്ച ഓഫിസിൽനിന്ന് എത്തിയ പാടെ കേറിക്കിടന്നതാണ്. രണ്ടീസം റെസ്റ്റ് എടുത്താൽ മാറുമായിരിക്കും. ഒരീസം കൂടി ലീവ് തരണം...’

‘താൻ പനി നല്ലോണം മാറിയിട്ട് വന്നാൽ മതി. വീടുപണിയുടെ ടെൻഷനൊന്നും വേണ്ട. എല്ലാം അതിന്റെ മുറക്ക് നടക്കും. യു ടേക്ക് കംപ്ലീറ്റ് ബെഡ് റെസ്റ്റ്’.

ആ പറഞ്ഞത് സുലൈമാന്റെ കാര്യത്തിൽ അധികപ്പറ്റായോ? അതെ. ഓഫിസിൽ സുലൈമാൻ ഇല്ലാതെ ഒരു വർഷം കടന്നുപോയിരിക്കുന്നു! ന്യൂമോണിയ ആയിരുന്നു അവന്. അത്യാവശ്യത്തിനല്ലാതെ അര ദിവസംപോലും ലീവെടുക്കാൻ ഇഷ്ടപ്പെടാത്ത ആ പാവം എന്നെന്നേക്കുമായി അവധിയിൽ പ്രവേശിച്ചു!

കമ്പനിയുടെ കീഴ് വഴക്കം അനുസരിച്ച് ഭാര്യക്ക് നാളെ പകരം ജോലി ലഭിച്ചേക്കും. ആ കുട്ടിക്ക് വലിയ വിദ്യാഭ്യാസം ഉണ്ട്. ജോലിചെയ്യുന്ന കാര്യത്തിൽ അവരെ സമ്മതിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സമയമാണ് മുറിവുകൾ ഉണക്കുന്നത്. ഒരു വർഷത്തിനു ശേഷം ഫോണിന്റെ സ്‌ക്രീനിൽ സുലൈമാന്റെ പേരും മുഖവും തെളിഞ്ഞപ്പോൾ മനസ്സൊന്ന് ആളി.

‘ഹ..ലോ...സാർ.. ഞാൻ സുഹ്‌റ... മിസിസ്സ് സുലൈമാൻ...’

‘മനസ്സിലായി... പറയൂ സുഹ്‌റാ...’

അവൾ കരയുകയാണ്. സമാധാനിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഇടറി. സംയമനം വീണ്ടെടുത്ത് ഞാൻ മെല്ലെ ശബ്ദിച്ചു.

‘പറയൂ സുഹ്‌റാ...ജോലി ചെയ്യാമെന്ന് സമ്മതിച്ചോ..?’

‘അതല്ല സാർ...മോൾക്ക് നാമകരണം ചെയ്തത് പോലെ, പൂർത്തിയായ ഞങ്ങളുടെ പുതിയ വീടിനും സാറ് പേരിടുമെന്ന് ഇക്ക എന്നോട് പറഞ്ഞിരുന്നു. അടുത്താഴ്ച ഗൃഹപ്രവേശം നടത്തിയാലോ എന്ന് ഉപ്പ ചോദിക്കുന്നു. ഇക്കയുടെ സ്വപ്നഗേഹമായിരുന്നു. ഞാൻതന്നെ ഇക്കാര്യം സാറിനെ നേരിട്ട് വിളിച്ചറിയിക്കണമെന്ന് ഉപ്പാക്ക് ഒരേ നിർബന്ധം. ആ പേരൊന്ന് പറയാമോ സാർ..’?

ഞാൻ സ്വപ്നലോകത്ത് നിന്നും മെല്ലെ താഴേക്ക് ഇറങ്ങി. വരണ്ടുപോയ നാവിനെ ആയാസത്തിൽ വലിച്ച് പുറത്തേക്കിട്ടു. എന്നിട്ട് മൃദുവായി ഇങ്ങനെ മന്ത്രിച്ചു...

‘ജ...ന്ന...ത്ത്!’

Tags:    
News Summary - Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.