അനന്തൻ വിളാകത്ത് മഹമൂദ് മുസ്ലിയാരെ കാണാതെ നരുവാമുക്ക് ഗ്രാമവും നാട്ടിടവഴികളും കണ്ണും കാതും കൂർപ്പിച്ച് വിഷാദിച്ചിരുന്നു. മദ്റസ അധ്യാപകനും ദിവ്യനുമായ അയാൾ ചുറ്റുവട്ട നാടുകളുടെ നാവുകളിലൂടെ ഉയിർക്കൊണ്ടു. അയാൾ ഓതിക്കൊടുത്ത നൂലുകൊണ്ടും വെള്ളംകൊണ്ടും സാധ്യമായ നേട്ടങ്ങളെക്കുറിച്ച് നാടുനീളെ വീരകഥകൾ പ്രചരിച്ചു.
പഠനത്തിൽ പിന്നിലായിരുന്ന പടിഞ്ഞാറേൽ അൻസാരിയുടെ മകൻ ഇസ്മായിൽ മികച്ച മാർക്കോടെ പത്താംതരത്തിൽ ജയിച്ചതാണ് അക്കൂട്ടത്തിൽ ഒടുവിലെ കഥ. നാടുകാണാൻ ഇഷ്ടമില്ലാതെ ഗൾഫിൽതന്നെ കൂടിയ വലിയപുരയിടത്തിൽ കുഞ്ഞുവറീതിനെ നാട്ടിലെത്തിച്ചതും കെട്ടുപ്രായം കഴിഞ്ഞിട്ടും ആലോചനകൾ വരാതെ ഇരുന്നുപോയ ലേശം മുടന്തുള്ള വടക്കേതിൽ ആമിനക്ക് മണവാളനെത്തിയതും മഹമൂദിന്റെ ദിവ്യശക്തിയിലാണെന്ന് നാട് വിശ്വസിക്കുന്നു.
ഇടക്കിടെ വഴിമാറി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന മുസ്ലിയാർ സുബഹി നമസ്കാരശേഷം യാത്ര തുടങ്ങുന്നത് മുതലപ്പൊഴി മുനമ്പിൽ നിന്നാണ്. ആദ്യമെത്തുന്നത് നാട്ടിലെ അറിയപ്പെടുന്ന ഇറച്ചിവെട്ടുകാരായ അസനാരിന്റെയും ഹുസൈന്റെയും കുടികളിലേക്ക്.
പുലർവെട്ടം തട്ടി വെള്ളിനൂൽപോൽ തിളങ്ങുന്ന മഹമൂദിന്റെ കശാപ്പ് കത്തി അധിക വേദന കൂടാതെ മൃഗങ്ങൾക്ക് മരണം സാധ്യമാക്കുമെന്നാണ് വിശ്വാസം. കശാപ്പുകാരനായുള്ള രൂപപരിണാമത്തെക്കുറിച്ച് ചോദിച്ചാൽ പൊക്കിൾവരെ ഇറങ്ങിക്കിടക്കുന്ന വെള്ളി താടിയിൽ ഉഴിഞ്ഞ് തെല്ലൊരു ചിരിയോടെ ചോദ്യകർത്താവിനെ നോക്കിയൊരു നിൽപ്പുണ്ട്.
‘അയിന്റ് മിറ്ഗ ജീവിതത്തെ റബ്ബിൽ ആലമീനായ പടച്ചതമ്പുരാൻ എന്റെ കത്തികൊണ്ട് മോചിപ്പിക്കയല്ലേ ഹിമാറേ... സ്വർഗത്തിലോട്ടാ അയിന്റെ പോക്ക്... അനക്ക് പോണോ’ - കത്തിയും ഉയർത്തിയുള്ള വരവുകണ്ട് ഓടിയൊളിക്കുന്ന മുക്കോപ്പിള്ളാരെ നോക്കി അട്ടഹസിച്ചൊരു ചിരിയുണ്ട്.
മുസ്ലിയാർക്ക് വെളിപാട് ഉണരുന്നതിന് നേരവും കാലവുമൊന്നുമില്ല. രാവ് നേർത്ത് തുടങ്ങുമ്പോഴേക്കും ഇടംവലം നോക്കാണ്ടൊരു പാച്ചിലുണ്ട്.
വെട്ടപ്പണിക്കുപോയി മടങ്ങുന്ന അരയന്മാർ ഭവ്യതയോടെ മാറിനിൽക്കും.
‘മുസ്ലിയാർക്ക് ഹാളിറായിട്ടുണ്ട്. പോണ പോക്ക് കണ്ടില്ലേ.. വിയർത്തൊലിച്ച്’.
അരണ്ട വെളിച്ചത്തിൽ പാട്ടൊഴുകിയെത്തുന്ന കുടികളിലേക്ക് അത്തറിന്റെ മണം പൂശിയ വിയർപ്പ് കടന്നെത്തും. മൊഞ്ചത്തിമാരെ ശല്യം ചെയ്യുന്ന ജിന്നിനെ ഒഴിപ്പിക്കണ സമയമാണത്. പാഞ്ഞ് വിയർത്ത ശരീരവും ഉമിനീരും കൊണ്ട് നന്നായൊന്ന് ഓതി ഉഴിയും. പിന്നെ അരക്കെട്ടിന്റെ അളവിനൊപ്പിച്ച് ജപിച്ച നൂലുകെട്ടിയാണ് മടക്കം.
‘ദൊന്നും ന്റെ ചെയ്ത്തല്ല. റബ്ബിൽ ആലമീനായ തമ്പിരാന്റെ പോരിഷ.. ഏത്...’
വലം കൈയിലിരുന്ന് തിരിയുന്ന തസ്ബി ഉയർത്തി ഊറി ഊറി ചിരിക്കും. ആ ചിരിയും നടപ്പും കൈകളിലിരുന്ന് എപ്പോഴും തിരിയുന്ന തസ്ബിയും നരുവാമുക്ക് ഗ്രാമത്തിന്റെ സ്വകാര്യ സ്വത്താണ്. അതാണ് കുറേ ദിവസമായി കാണാതെ പോയിരിക്കുന്നത്.
അന്വേഷിച്ച് പോയവർക്ക് അനന്തൻവിളാകത്തിനടുത്ത് എത്തിയപ്പോഴേ മുസ്ലിയാരുടെ നിലവിളി കേൾക്കാനായി. നാലുകെട്ട് മാതൃകയിലുള്ള വീടിന്റെ ഉമ്മറത്തോട് ചേർന്നുള്ള ഹാളിലെ ചന്ദനക്കട്ടിലിൽ കിടന്ന് തന്റെ വലത്തേ കാൽ ഉയർത്തിവെച്ച് മുസ്ലിയാർ നീട്ടിവിളിച്ചു.
‘യാ റബ്ബിൽ ആലമീനായ തമ്പുരാനേ... എന്നെ കാത്തോളീ..’
കാലായിരുന്നു പ്രശ്നം. നരുവാമുക്ക് ഗ്രാമത്തിന്റെ ഇടവഴികൾ തിരിച്ചറിയുമായിരുന്ന നഗ്നപാദം ചുട്ടുപൊള്ളുകയും വെന്തുനീറുകയും ചെയ്തു. നീല ഞരമ്പോടിയ കാലിനുള്ളിൽ കൂടുകൂട്ടിയ ശെയ്ത്താന്റെ വാസത്തിനുമേൽ ദിക്റുകളുടെയും ദുആകളുടെയും പ്രവാഹമായി. മന്ത്രിച്ചൂതിയ നൂലും വെള്ളവും വകഞ്ഞുമാറ്റി മഹമൂദിന്റെ നിലവിളി രാത്രിയുടെ മൂടുപടത്തിനുമേൽ പെയ്തിറങ്ങിയപ്പോൾ ഗ്രാമം ഉണർന്നിരുന്നു. എന്ത് കറാമത്താണ് ഈ ദുരിതത്തിന് തടയിടാൻ വേണ്ടത്?
‘അലവിക്കുട്ടി വൈദ്യർ...’
ആരോ നിർദേശിച്ച ആ പേരിന് പിന്നാലെയായി പിന്നെ അലച്ചിൽ. വൈദ്യരെത്തി ചികിത്സ തുടങ്ങി. ധാരകളെയും കിഴികളെയും നിഷേധിച്ച് മഹമൂദിന്റെ കാൽ യാത്ര മുടക്കിനിന്നു. തറവാട്ടിന്റെ തട്ടുമ്പുറത്ത് മുസ്ലിയാർ വകതിരിച്ച് വെച്ചിരുന്ന നൂലുകളൊക്കെ കെട്ടി മടുത്തു. മഹല്ല് ഖാളി തന്റെ അറിവ് വെളിവാക്കി;
‘മ്മള് തയാറാക്കണ നൂലുകൾ മ്മള എടങ്ങേറുകൾക്ക് ഫലമാവില്ല... വേറാരേങ്കിലും നോക്കിയാട്ടേ’.
വിദഗ്ധ മതമനുസരിച്ച് നാട്ടിൽ പേരുകേട്ട മൊയിലാക്കന്മാരെയൊക്കെ വരുത്തി നൂലോതിപ്പും വെള്ളം മന്ത്രിക്കലും പതിവാക്കി. തറവാട്ടിന് പിന്നിലെ ഊട്ടുപുരയിൽനിന്ന് ബിരിയാണിച്ചെമ്പ് പൊട്ടിക്കുമ്പോഴുള്ള മണം നാട്ടിലെങ്ങും വീശി. പല്ലിനിടയിലൊളിച്ച ഇറച്ചിപ്പറ്റുകൾ കോലുകൊണ്ടെടുത്ത് മണത്തുനോക്കി ഇങ്ങനെയും അഭിപ്രായങ്ങളുണ്ടായി;
‘മൂത്തതാണേയ്... കടുക് ചേർത്ത് ഇച്ചിരിക്കൂടി വേവിച്ചാൽ നന്നായേനെ’.
കടിയേൽക്കുന്നില്ലെന്ന പരാതിയോടെ നീക്കിവെക്കപ്പെട്ട ഇറച്ചിക്കഷണങ്ങൾ കറുമുറെ തിന്ന് മുക്കോപ്പിള്ളേർ മദിച്ചു നടന്നു. നിറഞ്ഞ കുംഭ തലോടി ഉമ്മറത്തിണ്ണ ചാരിയിരിക്കുന്നതിനിടയിൽ ആരെങ്കിലും വല്ലപ്പോഴും പറഞ്ഞാലായി;
‘മഹ്മൂദിന്റെ കാലിങ്ങനെ വെച്ചോണ്ടിരുന്നാ മതിയോ ?’
മരപ്പലകമേൽ വിരിച്ച കോസടിയിൽ കിടന്ന് മഹമൂദ് നരുവാമുക്ക് ഗ്രാമത്തിലെ മീൻ ചൂര് വീശുന്ന മണലിടങ്ങളിലൂടെ പിന്നോട്ടലഞ്ഞ് ഉരുകിയൊലിച്ചു. കശാപ്പുമൃഗത്തിന്റെ ജീവൻ നിലക്കുംമുമ്പ് അവയുടെ കാലുകൾ മുറിച്ചുമാറ്റിയതോർത്ത് സങ്കടപ്പെട്ടു. ചെറ്റമറകൾ മറികടന്ന് ആസക്തിയടക്കുമ്പോൾ ബലിഷ്ഠ കൈപ്പടങ്ങൾക്കകത്ത് ചിതറിപ്പോയ പരിദേവനങ്ങളോട് മാപ്പിരന്നു. എല്ലാ വേദനകളും ശാപമായി കൂടെയുണ്ട്.
‘ഇനിയെന്തു ചെയ്യും?’
കുറച്ചകലത്തിലുള്ള സർക്കാർ ആശുപത്രിയിലേക്കായി പിന്നീട് യാത്ര. ആദ്യ കാഴ്ചയിൽതന്നെ ഡോക്ടർ മൂക്കത്ത് വിരൽവെച്ചു. വിങ്ങി വിതുമ്പിയ കാലിനുമേൽ വിരൽകൊണ്ട് ഭൂപടം വരച്ചിരുന്ന ഡോക്ടർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
‘മുറിച്ചുമാറ്റണം... ഇപ്പോഴാണേൽ മുട്ടിന് താഴെവെച്ച് മതി’.
നരുവാമുക്ക് ഗ്രാമത്തിന്റെ കാലങ്ങളെ കൂട്ടിയിണക്കിയ കാൽ മുറിച്ചുമാറ്റുകയോ! തീരുമാനത്തോട് മനസ്സുകൊണ്ട് കലഹിച്ച ഒരു കൂട്ടർ പള്ളിയിൽ ഒത്തുകൂടി ദുആ ചെയ്തു. സകല ചരാചരങ്ങളുടെയും ജഗന്നിയന്താവായ ജല്ലജലാലായ തമ്പുരാനേ...ഞങ്ങടെ മഹമൂദ് മുസ്ലിയാരുടെ കാലുകളെ കാത്തോളണേ... ദീർഘായുസ്സ് നൽകണേ...
ധൂമക്കുറ്റികളിൽനിന്ന് ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണത്തിനൊപ്പം ദുആ അന്തരീക്ഷത്തിൽ പടർന്നു. പ്രാർഥനയുടെ ഒടുവിൽ അമർത്തിയൊരു ആമീനോടെ ഡോക്ടർ മഹമൂദിന്റെ വലതുകാൽ മുട്ടിനുതാഴെവെച്ച് മുറിച്ചുനീക്കി. ജീവൻ നിലനിർത്താൻ അതല്ലാതെ മറ്റ് വഴികളില്ല.
വിശ്വാസി സമൂഹത്തിന് മുന്നിൽ ഇപ്പോൾ വിഷയങ്ങൾ പലതായി. ആൾ ജീവനോടിരിക്കെ മുറിച്ചുനീക്കപ്പെട്ട കാൽ എന്തുചെയ്യും? ഇതിനെക്കുറിച്ച് മതവിധി എന്തുപറയുന്നു? മയ്യിത്തുകൾ അടക്കം ചെയ്യേണ്ടുന്ന ഖബർസ്ഥാനുകളിൽ ഇത്തരം ശരീരാവശിഷ്ടങ്ങൾ അടക്കം ചെയ്യുമോ?
ആശുപത്രിക്ക് മുന്നിൽ തർക്കങ്ങൾ ഉടലെടുത്തു. ചേരികൾ രൂപമെടുത്തു. വേദപുസ്തകത്തെ പിടിച്ച് എല്ലാവരും ശാഠ്യംപിടിച്ചു. ഞങ്ങൾ പറയുന്നതാണ് ശരി. അപ്പോൾ പിന്നെ കൂടുതൽ ശരി കണ്ടെത്തേണ്ടി വരും. അതാര് പറയും? മഹമൂദിന് ഏത് വിഭാഗക്കാരോടാണ് അടുപ്പമെന്ന് കണ്ടെത്താനായി പിന്നെ ശ്രമം.
അതനുസരിച്ച് തീരുമാനമെടുക്കാമല്ലോ. കൃത്യമായൊരു ഉത്തരം കണ്ടെത്താനാകാതെ എല്ലാവരും കലഹിച്ചു. ഇതിനിടെ ഓപറേഷൻ തിയറ്ററിന്റെ വാതിൽ തുറക്കപ്പെട്ടു. മരുന്നിന്റെ മണവും തണുപ്പുമുള്ള അലൗകികമായൊരു പ്രവാഹം എല്ലാവരുടെയും മുഖങ്ങളിൽ വന്നുമുട്ടി ഉണർത്തി;
‘മഹമൂദ് മരിച്ചു’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.