കാറ്റിൽ, മേൽക്കൂരയിലെ തകരഷീറ്റുകൾ കരഞ്ഞു. മൺചുമരിലെ കുമ്മായം അടർന്നുവീണു. അടുപ്പിലെ തീനാളങ്ങൾക്കുമുകളിലെ കല്ലിൽ റോട്ടി വെന്തുകൊണ്ടിരുന്നു, അവളത് തിരിച്ചും മറിച്ചുമിട്ടു. ചുട്ട റോട്ടിയെടുത്ത് അയാൾ, നിലത്തുവട്ടമണഞ്ഞിരിക്കുന്ന പെണ്‍കുട്ടികളുടെയും യുവാവിന്റെയും വൃദ്ധയുടെയും നടുവിൽവെച്ച പാത്രത്തിലേക്കിട്ടു. അവരപ്പോൾ, ടി.വിയിലെ സിനിമാഗാനം കാണുകയാണ്. മാറാല കെട്ടിയ ബൾബ്, അടുപ്പിൽ നിന്നുയരുന്ന പുക തിങ്ങിയ ആ മുറിക്കുള്ളിൽ മങ്ങിയപ്രകാശം പരത്തിക്കൊണ്ടിരുന്നു.
ഇന്നലത്തെ മാട്ടിറച്ചിക്കറി അവൾ ചൂടാക്കുമ്പോൾ ടി.വിയിൽ വാർത്ത തുടങ്ങുകയാണ്. അയാൾ അവർക്കായി ഉള്ളി അരിയുന്നു. എവിടെനിന്നോ വന്ന ഈയൽ ബൾബിനെ വട്ടംചുറ്റി പറന്നു. പാർലമെന്റിനകത്തെ ആക്രമണത്തെക്കുറിച്ചു കേട്ടതോടെ വൃദ്ധ റോട്ടി ചവക്കുന്നതു നിർത്തി. അച്ചാർ തൊട്ടുനക്കിയ യുവാവിന്റെ വിരൽ വായിൽ അനക്കമറ്റുനിന്നു. ഉള്ളിഅരിയാനും എരിയുന്ന കണ്ണുകൾ തുടക്കാനുമാവാതെ അയാൾ ടി.വിയിലേക്കു മിഴിച്ചുനോക്കി. മാട്ടിറച്ചിക്കറി അടുപ്പിനടിയിലേക്കൊളിപ്പിച്ച അവൾ, മുൻവാതിൽ വേഗമടച്ചു. ഈയൽ ചിറകടർന്നുവീണ് റോട്ടിയിൽ കിടന്നു പിടയുന്നതു പെണ്‍കുട്ടികൾ നോക്കി.
അക്രമികളുടെ ഫോട്ടോയും പേരും വാർത്തക്കൊപ്പം തെളിഞ്ഞപ്പോൾ വൃദ്ധ വീണ്ടും റോട്ടി ചവക്കാൻ തുടങ്ങി. അയാൾ ഉള്ളി അരിഞ്ഞു. യുവാവ് വായിലെ വിരലെടുത്ത് അച്ചാർ പാത്രത്തിലേക്കൊഴിച്ചു.മാട്ടിറച്ചിക്കറി പുറത്തെടുത്ത് അവൾ അവർക്കു മുന്നിലേക്കുവെച്ചു. പുകക്കുള്ളിലിരുന്ന്, റോട്ടികൾ കൈകളിലെടുത്ത് അവർ കഴിക്കാൻ തുടങ്ങി.
രാജാവ് ഒരുക്കിയ വിരുന്നിൽ, വീഞ്ഞിൽ രക്തം ചുവച്ചു. പുരോഹിതർ അതേക്കുറിച്ചു ചോദിച്ചില്ല. അപ്പങ്ങളിൽ മാംസക്കഷണങ്ങൾ കടിച്ചു. ഇറച്ചിക്കറിയിൽനിന്ന് കുരിശുമാ ല വിരലിൽപിണഞ്ഞ പുരോഹിതൻ രാജാവിനെ നോക്കി. ‘‘അങ്ങ്, കിഴക്കൻ ദേശത്തെ ന്തൊ കലാപം നടക്കുന്നുണ്ടത്രേ. തിരക്കിനിടയിൽ എനിക്കതൊന്നും ശ്രദ്ധിക്കാനായില്ല. ചില ക്രൈസ്തവർ മരിച്ചത്രേ. അവിടെനിന്നുകൊണ്ടുവന്ന മാനിറച്ചിയിൽ അറിയാതെപെട്ടതാവും കുരിശുമാല...’’ രാജാവ് ചിരിച്ചു. പുരോഹിതരും ചിരിച്ചു. അവർ അപ്പവും വീഞ്ഞും കഴിച്ചു.
മരിച്ചുകിടക്കുന്നത് സ്റ്റോറി ഇടാനായി ശവപ്പെട്ടിയിൽനിന്ന് കൈനീട്ടി ഫോണെടുത്തപ്പോൾ ജീവൻ എന്നിലേക്കു തിരിച്ചുവന്നു. സ്റ്റോറിയെക്കുറിച്ചു മറന്ന് ഫോണിൽ മുഴുകിയപ്പോൾ, അടക്കംകഴിഞ്ഞ് അവരവരുടെ ഫോണിലേക്ക് മടങ്ങാനൊരുങ്ങിയവരെയത് അരിശംകൊള്ളിച്ചു. ഒടുവിൽ, അവരെല്ലാം ചേർന്നെന്റെ കൊങ്ങയ്ക്ക് പിടിച്ച് കൈകാലുകൾ മടക്കിക്കൂട്ടി, മൂടിയടച്ചു. ശവപ്പെട്ടിയേറ്റി ഫോൺ നോക്കി നടക്കുന്നു, പെട്ടിക്കുള്ളിൽ, ഫോൺ നോക്കി ഞാൻ കിടക്കുന്നു, എന്താല്ലേ... എന്തോര് വൈബാല്ലേ..!
ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ അയാൾ രാജ്യത്തിനുവേണ്ടി എതിരാളികളുടെ അഞ്ച് കനപ്പെട്ട വിക്കറ്റുകൾ പിഴുതെടുത്ത് അവരെ ചെറിയ റൺസിലേക്കു പിടിച്ചുകെട്ടി. ഫീല്‍ഡിങ് കഴിഞ്ഞു മടങ്ങുമ്പോൾ ഗാലറിയില്‍നിന്ന് അയാള്‍ക്കായി കൈയടികളുയർന്നു. ബാറ്റിങ് തുടങ്ങിയപ്പോൾ സ്വന്തം രാജ്യം തകരുന്നതയാൾ നെഞ്ചിടിപ്പോടെ കണ്ടു. ഒടുവിലത്തെ ബാറ്റ്സ്മാൻ അയാളായിരുന്നു. ആറു പന്തിൽനിന്ന് പത്തു റൺസായിരുന്നു ല ക്ഷ്യം. ആദ്യ ബോളിനെ ബൗണ്ടറിയിലേക്കു അടിച്ചുവിടാൻ ബാറ്റ് ആഞ്ഞുവീശിയയുടൻ മിഡിൽസ്റ്റംപ് മറിഞ്ഞുവീണു, അതോടെ കാണികൾ അയാളെ രാജ്യദ്രോഹിയുമാക്കി.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.