എഴുത്തുകാരൻ ടി. പത്മനാഭന്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദമാകുന്നു. സ്ത്രീകൾ അശ്ലീലം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് എ. സി ഗോവിന്ദൻ സമ്പൂർണകൃതികളുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
''അശ്ലീലസാഹിത്യം സ്ത്രീ എഴുതിയാൽ കൂടുതൽ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്ത്രീയ സന്യാസിയാണെങ്കിൽ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റർ എന്ന പേരിനൊപ്പം ചേർക്കുകയും വേണം''-പത്മനാഭൻ പറഞ്ഞു.
എഡിഷനുകൾ ഒന്നിനു പിറകെ ഒന്നായി തുരുതുരെ ഇറങ്ങും. എല്ലാവർക്കും പണം. ഒരു ക്രിസ്തീയ സന്യാസിനി, സിസ്റ്റർ, നൺ ആണെങ്കിൽ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്യാസിനി സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങൾ, മഠത്തിൽനിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ വലിയ ചെലവാണ്. അത്തരം ധാരാളം പുസ്തകങ്ങൾ വരുന്നുണ്ട്. സഭാവസ്ത്രം അഴിച്ചുവച്ചെങ്കിലും സിസ്റ്റർ എന്ന പേരുകൂടി ചേർക്കണം. അപ്പോൾ ഒന്നുംകൂടി വിൽപന വർധിക്കും-അദ്ദേഹം തുടർന്നു.
മന്ത്രി എം.വി ഗോവിന്ദൻ അടക്കമുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്മനാഭന്റെ പരാമർശം. വിവാദ പരാമർശത്തിൽ വൻ വിമർശനമുയരുന്നുണ്ട്. പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കാറില്ല എന്ന തരത്തിൽ കഴിഞ്ഞ ദിവസം എം.ടി നടത്തിയ പ്രസ്താവനയും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.