ചെന്നൈ: 46ാമത് ചെന്നൈ ബുക്ക് ഫെയറിൽ ആദ്യമായി ട്രാൻസ്ജെൻഡർ പവലിയൻ. തമിഴ്നാട് സർക്കാറിന്റെ സഹകരണത്തോടെ ബുക്ക് സെല്ലേഴ്സ് ആന്റ് പബ്ലിഷേഴ്സ് അസോസിയേഷൻ ഓഫ് സൗത് ഇന്ത്യ സംഘടിപ്പിക്കുന്നതാണ് ചെന്നൈ ബുക്ക് ഫെയർ. പ്രശസ്തമായ ബുക്ക് ഫെയറിന്റെ 46ാമത് എഡിഷനിലാണ് ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പവലിയൻ ലഭിച്ചത്.
ക്വിർ പബ്ലിഷിങ് ഹൗസിന്റെ പവലിയനിൽ രാജ്യത്ത് ആകത്താകമാനമുള്ള ട്രാൻസ്ജെൻഡർ എഴുത്തുകാരുടെ പുസ്തകങ്ങളുണ്ടെന്ന് ട്രാൻസ് റൈറ്റ് നൗ കലക്ടീവിന്റെ അധ്യക്ഷ ഗ്രേസ് ബാനു പറഞ്ഞു. മലയാളിയായ
വിജയരാജമല്ലിക ഇംഗ്ലീഷിലും മലയാളത്തിലും രചിച്ച പുസ്തകമടക്കം എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റിയിലെ 50 ഓളം പേരുടെ 1000 ഓളം പുസ്തകങ്ങൾ വിൽപ്പനക്കുണ്ട്.
കഥകൾ, കവിതകൾ, ജീവിതാനുഭവങ്ങൾ, പ്രണയം, ട്രാൻസ്ജെൻഡർ ചരിത്രം തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള ബുക്കുകൾ സ്റ്റാളിലുണ്ട്. അന്തരം ഫെയിമും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ നേഹയുടെ ആർ.ഐ.പി, ടീച്ചർ ട്രെയിനിങ് കഴിഞ്ഞ ട്രാൻസ്ജെൻഡർ യുവതിയുടെ ഒരു കലയിൻ കവിതകൾ (പോയംസ് ഓഫ് ബ്രീഡ്), രാജ്യത്തെ ആദ്യ ട്രാൻസ്മെന്റെ കവിത എന്നിലിരുന്തവർ, ട്രാൻസ് റൈറ്റ് നൗ ഭാരവാഹി ഗ്രേസ് ബാനുവിന്റെ ട്രാൻസ് ഓഫ് ഗ്രേസ് ബാനു തുടങ്ങിയ പുസ്തകങ്ങൾ അവയിൽ ചിലതാണ്.
പൊതുജനങ്ങൾ സ്റ്റാൾ സന്ദർശിക്കുക മാത്രമല്ല, ബുക്കുകൾ വാങ്ങുകയും തങ്ങളുടെ വാക്കുകൾ വായിക്കുകയും ചെയ്യുന്നു. വളരെ നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായിരിക്കുന്നതെന്ന് ഗ്രേസ് ബാനു പറഞ്ഞു. പാ രഞ്ജിത് അടക്കമുള്ള പ്രമുഖരും സ്റ്റാൾ സന്ദർശിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജനുവരി 22 ന് ബുക്ക് ഫെയർ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.