നഗരത്തിലെ പ്രശസ്തമായ ആശുപത്രിയുടെ പിറകിലെ ഗ്രൗണ്ടിൽ അടുക്കിയടുക്കി പാർക്ക് ചെയ്തിരിക്കുന്ന നൂറു കണക്കിന് വാഹനങ്ങൾക്കിടയിൽ സ്ഥലം കണ്ടെത്തി കാർ പാർക്ക് ചെയ്തിട്ട് നടക്കുമ്പോൾ അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ആശുപത്രി തികച്ചും വ്യത്യസ്തമായ ലോകമാണ്.
ഒരുപാട് ദുഃഖങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഇവിടെ മനുഷ്യനും മരണവുമായി നിരന്തരം യുദ്ധം നടക്കുന്നു. ദുഃഖവും അവശതയും അനുഭവിക്കുന്നവരെല്ലാം ഇവിടെ സമന്മാരാണ്. സഹന ശക്തിയുടെ നേർത്ത അതിരുകൾക്കപ്പുറത്ത് ദുരിതം പേറുന്നവരെ ഇവിടെ വേർതിരിച്ചെടുക്കുക ദുഷ്കരമാണ്.
അനഘയുടെ ഓപറേഷനെക്കുറിച്ച് സുഹൃത്ത് മുഹസിനിൽനിന്ന് അറിഞ്ഞതുമുതൽ അയാളുടെ മനസ്സിൽ ആധി കനക്കുകയായിരുന്നു. അവളെ ഒന്ന് ചെന്ന് കാണണമെന്ന് ഉപദേശിച്ചുകൊണ്ട് ഐ.സി.യുവിന്റെ ഡീറ്റേൽസും അവൻ പറഞ്ഞുതന്നു. ഏഴാം നിലയിൽ മുഴുവൻ ഓപറേഷൻ തിയറ്ററുകളാണ്. എട്ടാം നിലയിലാണ് ഐ.സി.യു. മേജർ ഓപറേഷനായിരുന്നു.
അർബുദം ബാധിച്ച വൻകുടൽ നീക്കംചെയ്തതിനുശേഷമുള്ള ഇരുപത്തിനാല് മണിക്കൂർ നിർണായകമായിരുന്നു. കാഷ്വാലിറ്റിയുടെ അരികുവഴി ലിഫ്റ്റിനടുത്തേക്ക് നടക്കുമ്പോൾ അവിടന്ന് വേദനാജനകമായ നിലവിളികൾ ഉയർന്നു കേട്ടുകൊണ്ടിരുന്നു.
ലിഫ്റ്റ് വന്നു. രണ്ടും മൂന്നും നിലകളിൽ ഏതാനും വാർഡ് ബോയ്സേ ഇറങ്ങാനുണ്ടായിരുന്നുള്ളൂ. നാലാം നിലയിൽ ലിഫ്റ്റിൽ കയറാൻ കുറെപേർ കാത്തുനിന്നിരുന്നു. അഞ്ചാറ് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയെ ഇരുത്തിയ വീൽചെയർ അവിടന്ന് ലിഫ്റ്റിൽ കയറ്റി. ആശുപത്രിയിൽ മാത്രം ധരിച്ചു കാണുന്ന, ഇലപ്പച്ച നിറത്തിലുള്ള വേഷമായിരുന്നു ആ കുട്ടി ധരിച്ചിരുന്നത്. തന്റെ കാലിലെ വയലറ്റ് നിറത്തിലുള്ള ചെരുപ്പ് ഊരി പോകുമെന്നായപ്പോൾ അവൻ പറഞ്ഞു, “അച്ഛാ... ചെരുപ്പ്.’’
അച്ഛൻ, മോന്റെ കാലിൽ ചെരുപ്പ് ഉറപ്പിച്ചുകൊടുത്തു. വാർഡ് ബോയ് അവന്റെ വീൽചെയർ ഉരുട്ടി ലിഫ്റ്റിൽ കയറ്റിക്കൊണ്ട് പറഞ്ഞു, “പേടിക്കാനൊന്നുമില്ല.’’ കുട്ടി, വാർഡ് ബോയിയെ നോക്കി അർഥരഹിതമായി ചിരിച്ചു. ഓപറേഷൻ തിയറ്ററുകൾ സ്ഥിതിചെയ്യുന്ന ഏഴാം നിലയിൽ ലിഫ്റ്റ് നിന്നു. അപ്പോൾ, കൈയിലെ ഫയലുകൾ ഒതുക്കിപ്പിടിച്ചുകൊണ്ട് കടന്നുവന്ന നഴ്സ് അവനെ നോക്കി ആർദ്രമായി ചോദിച്ചു, “കിച്ചൂ, നീ വേഗമിങ്ങ് വന്നല്ലോ..?”
അവൻ മൃദുവായി ചിരിച്ചുകൊണ്ട് ഒന്നു മൂളി. വാർഡ്ബോയ്, കിച്ചുവിന്റെ വീൽചെയർ ഓപറേഷൻ തിയറ്ററിന് അടുത്തേക്ക് തള്ളിക്കൊണ്ട് നടന്നു. ലിഫ്റ്റ് മുകളിലേക്ക് ഉയർന്നു.
എട്ടാം നിലയുടെ വരാന്തയിൽ നിൽപുണ്ടായിരുന്ന അനഘയുടെ ഭർത്താവ്, അയാളെ വേഗം തിരിച്ചറിഞ്ഞു. നഗരത്തിലെ മറ്റൊരു ഹോസ്പിറ്റലിലെ ഡോക്ടറായ അദ്ദേഹം കണ്ടയുടൻ അയാളുടെ കൈ പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
“ഇന്നലെ അമേരിക്കയിൽനിന്ന് മടങ്ങി എത്തിയപ്പോഴാണ് ഞാനറിഞ്ഞത്. ഇത്ര പെട്ടെന്ന് ഇതെങ്ങനെ സംഭവിച്ചു?”
“അത്ര പെട്ടെന്നൊന്നുമല്ല, നേരത്തെ രക്തസ്രാവം ഉണ്ടായിരുന്നെങ്കിലും ആദ്യം അത് നിയന്ത്രണവിധേയമായിരുന്നു. രണ്ടാഴ്ചക്ക് മുമ്പ് പെട്ടെന്ന് കൂടി. വലിയ കോംപ്ലിക്കേറ്റായിരുന്നു ഓപറേഷൻ, കഴിയാൻ ആറ് മണിക്കൂറെടുത്തു. സത്യത്തിൽ, ഞങ്ങൾ ഡോക്ടർമാരാണ് ഏറ്റവും മോശം രോഗികൾ. അനഘയും ഡോക്ടറാണല്ലോ? എല്ലാ കാര്യങ്ങളെ കുറിച്ചും അവൾക്ക് വ്യക്തമായ ധാരണയുണ്ട്.’’
“ഡോക്ടന്മാരാവുമ്പോൾ ധൈര്യമുണ്ടാവേണ്ടതല്ലെ?”
അദ്ദേഹം ഊറി ചിരിച്ചിട്ട് പറഞ്ഞു,
“അത് വെറുതെ, ഇപ്പോൾ അവൾക്ക് സംസാരിക്കാനാവുന്നില്ല, രക്തസമ്മർദം വല്ലാതെ കൂടിയിട്ടുണ്ട്. കൃത്രിമ ശ്വാസോച്ഛാസത്തിലാണ് കഴിയുന്നത്. എല്ലാം കൃത്രിമമായി നടക്കുന്നു!”
അയാൾ, ഡോ. അശോകിനോടൊപ്പം ചില്ല് വാതിലിന് അരികിലെത്തി. ചില്ലിലൂടെ നോക്കിയാൽ അനഘയെ അവ്യക്തമായി കാണാം. അവൾ സഹപാഠിയായ തന്റെ വരവ് അറിഞ്ഞിരിക്കില്ല എന്നയാൾ ഓർത്തു. എല്ലാ ബന്ധങ്ങളും എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നവളാണ് അവൾ. മനുഷ്യർ എത്ര വേഗമാണ് നിസ്സഹായരാവുന്നത്? കാലത്തിനും രോഗത്തിനും മുമ്പിൽ എത് മനുഷ്യനും നിസ്സഹായനായി പോവും. അപ്പോൾ ആർക്കും ആരെയും താങ്ങിനിർത്താനാവില്ല.
ഡോ. അശോക് പറഞ്ഞു, “ഇനി ചെറു കുടൽ വഴി എല്ലാം നടക്കണം. അത് സക്സസ്സാകുമോ എന്നറിയാൻ കുറച്ച് സമയമെടുക്കും. അൽപം ഭേദമായാൽ അമേരിക്കയിലേക്ക് കൊണ്ടുപോകണമെന്നാണ് വിചാരിക്കുന്നത്.” പുറത്ത്, അന്തരീക്ഷം ചുട്ടുകിടക്കുകയാണ്.
വിരസത കൂടിയപ്പോൾ അയാൾ വീണ്ടും ഉള്ളിലേക്ക് ഒളിഞ്ഞുനോക്കി. അകത്തെ ശീതം, ചില്ലിനെ കൂടുതൽ മൂടലുള്ളതാക്കിയിരിക്കുന്നു. പെട്ടെന്ന് ഒരു നഴ്സ് ആശങ്കാകുലയായി വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ ഡോ. അശോകും അയാളും തെല്ല് പരിഭ്രമിച്ചു. എന്നാൽ, അവൾ അതിവേഗം കടന്നുപോയത് അവരിൽ സമാധാനമുണ്ടാക്കി.
അയാൾക്ക് വീണ്ടും മടുപ്പ് തുടങ്ങിയിരുന്നു. അപ്പോൾ അയാൾ, ആഴ്ചകളും മാസങ്ങളും ആശുപത്രിയിൽ ചെലവിടേണ്ടി വരുന്നവരുടെ അവസ്ഥയെപ്പറ്റി ഓർത്തു. വിരസതയകറ്റാൻ വെറുതെ ലിഫ്റ്റിൽ കയറി താഴേ വരെ പോകാമെന്ന് അയാൾക്ക് തോന്നി. ലിഫ്റ്റിൽ ഒരു സ്ട്രെച്ചറും കുറച്ച് ആളുകളുമുണ്ടായിരുന്നു. അകത്ത് കയറിയ അയാൾ സ്ട്രെച്ചറിൽ, കടും പച്ച പുതപ്പ് മൂടി കിടത്തിയിരിക്കുന്ന കുട്ടിക്ക് അടുത്തായി നിലയുറപ്പിച്ചു.
കുട്ടി അബോധാവസ്ഥയിലായിരുന്നു. ആ കുട്ടിയെ ഓപറേഷൻ കഴിഞ്ഞ് കൊണ്ടുവരുകയാണെന്ന് മനസ്സിലായി. വിയർത്ത് നനഞ്ഞ് കുതിർന്ന് കിടക്കുന്ന കുട്ടിയുടെ മുഖം ശ്രദ്ധിച്ചപ്പോൾ അയാൾ ഞെട്ടി പോയി. കിച്ചു! അവന്റെ മുടി, നെറ്റിയിൽ ഒട്ടി കിടക്കുകയാണ്. മുഖത്ത് വായിച്ചെടുക്കാനാവാത്ത എന്തൊക്കെയോ വിഷാദം പടർന്നിരിക്കുന്നു.
അവന്റെ അച്ഛൻ ഒരു കൈയിൽ ഗ്ലൂക്കോസ് കുപ്പി പിടിച്ചുകൊണ്ട് സ്ട്രെച്ചറിനടുത്ത് നിൽക്കുന്നു. കിച്ചുവിന്റെ ഇളം കൈ ഞരമ്പിൽ കുത്തിയിറക്കി ഉറപ്പിച്ചിട്ടുള്ള സൂചിയിലൂടെ, കുപ്പിയിൽനിന്ന് കണ്ണീരു പോലെ ഇറ്റിറ്റ് വീഴുന്ന ഗ്ലൂക്കോസ്, ധമനികളിലൂടെ അകത്തെവിടേക്കോ പ്രവഹിച്ചുകൊണ്ടിരുന്നു. കിച്ചുവിന്റെ അച്ഛൻ, അവന്റെ നെറ്റിയിലെ വിയർപ്പിൽ പറ്റിച്ചേർന്ന് അലങ്കോലപ്പെട്ട് കിടക്കുന്ന ചെമ്പൻമുടി വിരൽകൊണ്ട് കോതിവെക്കാൻ ആഗ്രഹിച്ചു.
എന്നാൽ, ഒരു കൈയിൽ ഗ്ലൂക്കോസും മറു കൈയിൽ കുഞ്ഞിന്റെ ചെരിപ്പുകളും പിടിച്ചിരുന്നതിനാൽ അത് അയാൾക്ക് സാധിച്ചിരുന്നില്ല. ആ വിഷമം അയാളിൽ തെളിഞ്ഞുകണ്ടു. അതൊന്നും ശ്രദ്ധിക്കാതെ കുട്ടിയുടെ കാലിൽ നോക്കിക്കൊണ്ട് വാർഡ് ബോയ് ചോദിച്ചു, “കാല് മുറിച്ചുമാറ്റാതെ പറ്റില്ലെന്ന് വന്നാൽ പിന്നെന്ത് ചെയ്യും, അല്ലേ?”
കിച്ചുവിന്റെ അച്ഛന്റെ വിരലുകൾ വിറകൊണ്ടു. ഗ്ലൂക്കോസ് കുപ്പി താഴേക്ക് വീഴാതെ നിയന്ത്രിച്ച് നിർത്താൻ പാടുപെട്ട അയാൾ, കുനിഞ്ഞുപോയ ശിരസ്സ് ഉയർത്താതെ നിശ്ശബ്ദനായി നിന്നു.
വാർഡ് ബോയ് അടക്കി ചോദിച്ചു, “മറ്റെന്തെങ്കിലും..?”
“ഇടത്തെ തുടയുടെ അസ്ഥിയും ഒടിഞ്ഞു നുറുങ്ങി... അതിൽ കമ്പിയിട്ടിരിക്കുകയാണ്.”
“കാറല്ലേ ഇടിച്ചത്, ഹൈ സ്പീഡായിരിക്കും. ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം.”
കിച്ചുവിന്റെ അച്ഛൻ കണ്ണുകളുയർത്തി അയാളെ ഒന്ന് നോക്കിയിട്ട് തല കുമ്പിട്ട് നിന്നു. ലിഫ്റ്റ് മൂന്നാം നിലയിലെ കുട്ടികളുടെ വാർഡിന് മുമ്പിൽ നിന്നു. അവിടന്ന് തിക്കിത്തിരക്കി അതിൽ കേറാൻ ഒരുപാട് പേർ വന്നെങ്കിലും സ്‌ട്രെച്ചർ ഇറക്കുന്നതുവരെ എല്ലാവരും അക്ഷമരായി നിന്നു. വാർഡ് ബോയ് സ്‌ട്രെച്ചർ അശ്രദ്ധമായി വലിച്ചിറക്കിയപ്പോൾ അർധബോധാവസ്ഥയിലായിരുന്ന കുട്ടി കരയും വണ്ണം പറഞ്ഞു, “അച്ഛാ, നോവുന്നു...”
അച്ഛൻ, വാർഡ് ബോയിയെ തുറിച്ച് ഒന്ന് നോക്കി പോളകൾ കൂട്ടിയടച്ചു. നഴ്സ് ഓടിവന്ന് അച്ഛന്റെ കൈയിൽനിന്ന് ഗ്ലൂക്കോസ് കുപ്പി വാങ്ങി സ്‌ട്രെച്ചറിനോടൊപ്പം നടക്കാൻ തുടങ്ങി. അച്ഛൻ കൈയിൽ പിടിച്ചിരുന്ന കിച്ചുവിന്റെ വയലറ്റ് നിറമുള്ള പുത്തൻ ചെരുപ്പ് വരാന്തയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞ് സ്വതന്ത്രനായി നടക്കാൻ തുടങ്ങി.
അയാൾ രണ്ടടിയേ മുമ്പോട്ടു വെച്ചുള്ളൂ, പെട്ടെന്ന് അയാൾക്ക് തിരിച്ചറിവ് വന്നതായി തോന്നി. മോന് ബോധം തെളിഞ്ഞാലുടൻ, അവൻ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചെരുപ്പ് ചോദിക്കുമെന്ന് ഭയന്ന അയാൾ ഓടിച്ചെന്ന് അതെടുത്ത് നെഞ്ചത്ത് ചേർത്തുവെച്ച് വേച്ചുവേച്ച് നടന്നു. യന്ത്രം കണക്കെ നിൽക്കുകയായിരുന്ന ലിഫ്റ്റ് ഓപറേറ്റർ, ആളുകൾ തിങ്ങിനിറഞ്ഞു നിന്ന ലിഫ്റ്റിന്റെ ബട്ടണമർത്തി. ലിഫ്റ്റിന്റെ വാതിലുകൾ അടഞ്ഞു. ആ ഇരുമ്പ് കൂട് തിരിച്ച് താഴേക്ക് ഊർന്നിറങ്ങാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.