മലയാള കവിതയിൽ ആധുനികതക്ക് തുടക്കംകുറിച്ച മഹാകവി. മാനവികതാവാദം ഉയർത്തിയ ഇതിഹാസ ശബ്ദം. സമുദായ പരിഷ്കരണത്തിെൻറ കാഹളം. 'ഉണ്ണിനമ്പൂതിരി' എന്ന പ്രസിദ്ധീകരണത്തിെൻറ എഡിറ്റർ. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ് എന്നീ മഹാരഥന്മാരുടെ നിഴലായി പ്രവർത്തിച്ചിരുന്ന പുരോഗമനവാദി. പ്രശസ്തമായ പൊന്നാനി കളരിയുടെ പ്രയോക്താവ്. 'ജീവിതം വേദനയെങ്കിൽ ഔഷധം സ്നേഹ'മാക്കിയ ഭിഷഗ്വരൻ. ഇങ്ങനെ അക്കിത്തം അച്യുതൻ നമ്പൂതിരിയെക്കുറിച്ചുള്ള വിശേഷണങ്ങൾ എത്രയും നീട്ടാവുന്നതാണ്.
ആ മനീഷിയുടെ തിരോധാനത്തോടെ മലയാളത്തിലെ മഹാകവികളുടെ അവസാനത്തെ കണ്ണിയാണ് അറ്റിരിക്കുന്നത്. വിഷയത്തിെൻറയും അനുഭൂതിയുടെയും വൈവിധ്യത്താലും വൈചിത്ര്യത്താലും ഏറെ ആഴവും പരപ്പുമാർന്നതാണ് അക്കിത്തത്തിെൻറ കാവ്യലോകമെന്നു പറയാം. എട്ടാം വയസ്സിൽ അദ്ദേഹം കവിതയെഴുതിത്തുടങ്ങി. ചിത്രകലയിലും സംഗീതത്തിലും താൽപര്യമുണ്ടായിരുന്നു. ദുഃഖം, സ്നേഹം, കർമം എന്നിവയാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കവിതകളുടെ അച്ചുതണ്ടുകൾ. ജീവിതം ദുഃഖവും വേദനയുമാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ, ആ അവസ്ഥാവിശേഷത്തെ മറികടക്കാനുള്ള ഔഷധം നിരുപാധിക സ്നേഹമാണ്. നിസ്വാർഥ കർമങ്ങളിലൂടെയാണ് നിരുപാധിക സ്നേഹം പ്രകാശിതമാകുക. ഇതാണ് അക്കിത്തംകവിതകളുടെ ദാർശനികസത്ത.
മനുഷ്യബന്ധങ്ങളാണ് അദ്ദേഹം പ്രധാനമായും തെൻറ കൃതികളിൽ കൈകാര്യം ചെയ്യുന്നത്. പേക്ഷ, സമസ്ത ജീവജാലങ്ങളും പ്രകൃതിയിലെ പ്രതിഭാസങ്ങളും ആ കവിതക്ക് വിഷയമാകുന്നുണ്ട്. ഇവയെല്ലാം സമന്വയിപ്പിക്കുന്ന സർവഭൂത ഹൃദയത്വം അക്കിത്തത്തിെൻറ രചനകളിൽ കാണാം.
80 വയസ്സിനുശേഷവും മഹാകവിയുടെ സർഗശക്തിക്ക് ഒരു കുറവും വന്നിരുന്നില്ലെന്ന് അവസാനകാലത്തെഴുതിയ 'അന്തിമഹാ കാലം' സാക്ഷ്യപ്പെടുത്തുന്നു. 'അന്തിമഹാ കാലം' എന്ന പേരുതന്നെ വളരെ ആലോചനാമൃതമാണ്. തെൻറ അന്തിയായെന്നും പേക്ഷ, തനിക്കല്ല മഹാകാലത്തിനാണ് പ്രസക്തിയെന്നും ഈ ശീർഷകം ധ്വനിപ്പിക്കുന്നുണ്ട്. കാലത്തിനു മുന്നിൽ അക്കിത്തം പരമ വിനീതനാണ്. കാലം മാത്രമാണ് സത്യമെന്ന് അദ്ദേഹം പേർത്തും പേർത്തും ഓർമിപ്പിക്കാറുണ്ട്. 'നീ മാത്രം സത്യം' എന്ന കവിത ഇങ്ങനെയാണ്.
കാലമേ, കനിയുക!
സദയം വെട്ടിക്കള-
ഞ്ഞാലുമെന്‍ കൈക്കുറ്റപ്പാ-
ടിലുള്ള പാഴ്‌വാക്കുകള്‍.
അർഥമുള്ളവ, നിത്യ-
പ്രണവസംഗീതസാ-
ന്ദ്രാനന്ദം പൊഴിപ്പവ,
വല്ലതും ശേഷിക്കുകില്‍
അതുമാത്രം നീ ശേഖ-
രിച്ചുവെക്കുക! വെട്ടി-
യകറ്റീടുകെന്‍ പേര്‍: ഞാന്‍
മിഥ്യ; നീ മാത്രം സത്യം.
മേൽപറഞ്ഞ വിനയാന്വിതമായ അഹന്താരാഹിത്യം
'എെൻറയല്ല എെൻറയല്ലയീ കൊമ്പനാനകൾ
എെൻറയല്ലയീ മഹാക്ഷേത്രവും മക്കേള'
എന്ന വരികളിലും കണ്ടെത്താം.
'ആനന്ദ ചിന്മയ ഹരേ
ഗോപികാ രമണ
ഞാനെന്ന ഭാവമിതു തോന്നായ്ക വേണമിഹ
തോന്നുതാകിലഖിലം
ഞാനിതെന്നവഴി...തോന്നേണമേ..
വരദ നാരായണായ നമഃ'
എന്ന് പ്രാർഥിച്ച തുഞ്ചത്താചാര്യെൻറ താവഴിക്കാരൻതന്നെയാണ് അക്കിത്തവും എന്നർഥം. അതുകൊണ്ടായിരിക്കാം അദ്ദേഹം പൊന്നാനിക്കളരിയുടെ പ്രയോക്താവായതും. നാട്യമോ ഗർേവാ തൊട്ടുതീണ്ടാത്ത ഇടശ്ശേരിയായിരുന്നു അക്കിത്തത്തിെൻറ ഗുരു. പൊന്നാനിക്കളരിയുടെ സവിശേഷതകളെയും അതിലെ എഴുത്തുകാരെയും കുറിച്ച് അദ്ദേഹം പുസ്തകവും എഴുതിയിട്ടുണ്ട്. ആ പുസ്തകത്തിൽ പരാമർശിക്കപ്പെടാൻ ഈ ലേഖകനും ഭാഗ്യമുണ്ടായിട്ടുണ്ട്. പരക്ലേശ വിവേകം, പരപരിഗണന എന്നീ പൊന്നാനിക്കളരിയുടെ മൂല്യങ്ങൾ അക്കിത്തം പരമാവധി സ്വാംശീകരിച്ചു.
'ഒരു കണ്ണീർക്കണം
മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവെ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം'
എന്നീ വരികൾ അങ്ങനെ ഉറവയെടുത്തതാണ്.
ദാർശനികത ലാവണ്യാത്മകമായി തിളങ്ങുന്ന മലയാളത്തിലെ അപൂർവം രചനകളിൽ അക്കിത്തത്തിെൻറ 'നിത്യ മേഘ'വും ഉൾപ്പെടുന്നു.
'വജ്രം തുളച്ചിരിക്കുന്ന രത്നങ്ങള്‍ക്കുള്ളിലൂടെ
ഞാന്‍ കടന്നുപോന്നു ഭാഗ്യത്താല്‍
വെറും നൂലായിരുന്നു ഞാന്‍'
എന്നീ വരികളുടെ അപൂർവ ചാരുതയോർക്കുക. നവീനമായ ജീവിതത്തിെൻറ അവസ്ഥാവിശേഷങ്ങളെയും അഗാധമായ മാനങ്ങളോടെ പിടിച്ചെടുക്കാൻ മഹാകവിക്ക് മിടുക്കുണ്ടായിരുന്നു. താരതമ്യേന അവസാനകാലത്തെഴുതിയ 'ബുഫേ' എന്ന കവിതതന്നെ ഉദാഹരണം. വൃദ്ധനായ കവി ബുഫേ വിരുന്നിൽ പങ്കെടുത്ത് കളിമൺ കിണ്ണത്തിൽനിന്ന് ഭക്ഷണം കഴിക്കുകയാണ്. ഒന്ന് ശ്രദ്ധപാളിയാൽ മതി കിണ്ണം വീണുടയും. വീണുടഞ്ഞാൽ ആ കളിമൺ ഭാജനത്തിെൻറ വിലകെട്ടേണ്ടിയുംവരും.
ക്ഷണികമാണെങ്കിലും ജീവിതത്തോട് ഉത്തരവാദിത്തം പുലർത്തേണ്ട ഗതികേട് മനുഷ്യനുണ്ടെന്നാണ് കവി ഇവിടെ ധ്വനിസാന്ദ്രമായി സൂചിപ്പിക്കുന്നത്. കുതിപ്പും കിതപ്പുമെല്ലാം അടങ്ങി ജീവിതത്തെ നിർമമമായും നിരാസക്തമായും നോക്കിക്കാണുന്ന തലത്തിലേക്ക് അക്കിത്തം അവസാന രചനകളിൽ എത്തിച്ചേർന്നിരുന്നു. സ്വാഭാവികമായും പല കവിതകളിലെയും പ്രമേയം വാർധക്യവും മരണവുമൊക്കെയായി.
ഇടശ്ശേരിയെ ഗുരുനാഥനായി സ്വീകരിച്ച അക്കിത്തത്തിെൻറ മനസ്സിലെ ആദർശബിംബം മഹാത്മജിയായിരുന്നു. പൊന്നാനിക്കളരിയുടെ ഉദാത്തമായ ബഹുസ്വര പൈതൃകവും അദ്ദേഹം പങ്കുവെച്ചു. എന്നിട്ടും, പ്രതീക്ഷിക്കാനാവാത്ത ചില രാഷ്ട്രീയ നിലപാടുകൾ എന്തുകൊണ്ട് അദ്ദേഹം സ്വീകരിച്ചു എന്നത് ഒരു സമസ്യതന്നെയാണ്. പൊന്നാനിക്കളരിക്കാരെൻറ നിഷ്കളങ്കതകൊണ്ടായിരിക്കം, സ്നേഹിച്ചാൽ എല്ലാം മറക്കുന്ന ശുദ്ധത കൊണ്ടായിരിക്കാം.
അവസാനമായി ഒരു കടപ്പാടിെൻറ രേഖപ്പെടുത്തൽ കൂടി. മഹാകവി അക്കിത്തത്തിൽനിന്നും ഏറ്റുവാങ്ങിയ ഇടശ്ശേരി അവാർഡോടു കൂടിയാണ് ഈ ലേഖകൻ സജീവ സാഹിത്യജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.