മുമ്പും ഞങ്ങൾ കണ്ണു കഴയ്ക്കും വരെ തെരഞ്ഞെടുപ്പു കാലത്ത് ഫലമറിയാൻ ടി.വിക്കു മുന്നിലിരുന്നിട്ടുണ്ട്. എന്നാൽ, ഇപ്രാവശ്യം അതിനൊക്കെ അപ്പുറത്തായിരുന്നു അവസ്ഥ! കണ്ണ് ശരീരംവിട്ട് സ്വയം ടി.വിക്കുള്ളിലേക്ക് കടന്നതുപോലെ! ഇരിക്കപ്പൊറുതിയില്ലാത്ത ഒരേയൊരു ഇരിപ്പായിരുന്നു. എത്രയോ നേരം! ആരു ജയിക്കും ആരു തോൽക്കുമെന്നതിനേക്കാൾ, ഇന്ത്യതന്നെ ഇല്ലാതായിപ്പോവുമോ എന്ന വല്ലാത്തൊരാധിയായിരുന്നു മനസ്സ് നിറയെ! തെരഞ്ഞെടുപ്പുകൾ വരും പോകും എന്നാൽ വരാനല്ലാതെ പോവാൻ പാടില്ലാത്ത ചില മൂല്യങ്ങളുണ്ട്, ജനായത്തത്തിന്റെ എന്നും ജ്വലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്, ആകാശംതന്നെ ഇടിഞ്ഞുപൊളിഞ്ഞു വീണാലും വീഴാൻ പാടില്ലാത്ത ആദർശങ്ങളുണ്ട്, അതിനിനിയും കൂടുതൽ മുറിവേൽക്കുമോ എന്നായിരുന്നു പേടി.
ഇനിയും തെരഞ്ഞെടുപ്പുകൾ നടക്കണമെങ്കിൽ, ഇനിയും ഇന്ത്യക്കാർക്ക് നടുകൂനിച്ചാണെങ്കിലും നിവർന്ന് നിൽക്കണമെങ്കിൽ, പ്രയാസങ്ങളിലാണെങ്കിലും മനം നിറഞ്ഞ് ചിരിക്കണമെങ്കിൽ, വ്യത്യസ്ത ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പരസ്പരം അഭിമുഖീകരിക്കണമെങ്കിൽ, ഓരോരുത്തർക്കും അവരവരായി ജീവിക്കണമെങ്കിൽ; പ്രാഥമിക ജീവിതാവശ്യങ്ങൾക്കൊപ്പം അത്രതന്നെ പ്രധാനമായ മതനിരപേക്ഷ മാനവിക ജനായത്ത ആശയങ്ങളും നമുക്കൊപ്പം അനിവാര്യമായും ജീവിക്കണം. അതില്ലാത്ത ജീവിതം ഉപ്പില്ലാത്ത കടലുപോലെയോ മധുരമില്ലാത്ത കരിമ്പുപോലെയോ നിലനിൽപില്ലാത്ത ഒന്നാവും.
നവഫാഷിസ്റ്റ് അധികാരം എത്രമേൽ മതനിരപേക്ഷതക്കുമേൽ ആഞ്ഞുചവിട്ടിയിട്ടും അതുകൊണ്ടാണത് പൂർണമായും വിസ്മൃതിയിലേക്ക് ആഴ്ന്നുപോവാത്തത്. ചില കാലങ്ങളിൽ ബാഹ്യ ഇടപെടലുകൾ കാരണം, മരിച്ചതുേപാലെ കിടക്കുമെങ്കിലും അതുകൊണ്ടാണതിന് ആപത്കാലങ്ങളിൽപോലും മന്ദഹസിക്കാൻ കഴിയുന്നത്. ഇപ്രാവശ്യത്തെ ഇൻഡ്യ മുന്നണിയുടെ മുന്നേറ്റം സത്യത്തിൽ നവഫാഷിസ്റ്റ് അലർച്ചകളെയൊക്കെ പലവിധേനയും അപ്രസക്തമാക്കുന്ന മതനിരപേക്ഷ മാനവിക ജനായത്തത്തിന്റെ മാസ്മരികമായ മന്ദഹാസമാണ്.
സർവ സന്നാഹങ്ങളോടെ, ഇന്ത്യ ഇതുവരെ കേട്ടിട്ടില്ലാത്ത അശ്ലീല പ്രചാരണങ്ങളോടെ, ജനായത്തത്തിന്റെ കൈയും കാലും കെട്ടിയിട്ടാണ്, പ്രതിപക്ഷ പാർട്ടികളെയാകെയും നാനാതരത്തിലുള്ള ഭീഷണിയുടെ മുൾമുനയിൽ നിർത്തിയാണ്, പതിനെട്ടാം ലോക്സഭയിലേക്കുള്ള ജനവിധി നടന്നത്! നുഴഞ്ഞു കയറ്റക്കാർ, പശുപിടിയന്മാർ, സംവരണക്കാർ, മീൻ തിന്നികൾ, ഇറച്ചി തിന്നികൾ, താലിപൊട്ടികൾ, പെറ്റുപെരുകികൾ മുതൽ മാങ്ങാത്തൊലിവരെ ഒരു തെരഞ്ഞെടുപ്പിൽ നാലു വോട്ട് കിട്ടാൻ പറയുന്നൊരവസ്ഥയോളം, നമ്മുടെ ജനായത്തത്തിന് താഴേണ്ടിവന്നു. ഇതിലും നന്നായിരുന്നത് ഗുരുജി ഗോൾവൾക്കറിന്റെ ആഭ്യന്തരശത്രുക്കൾ എന്ന പഴയ പ്രയോഗമായിരുന്നു! ഒന്നുമില്ലെങ്കിലും അതിനൊരു നിഗൂഢ പ്രൗഢിയുണ്ടായിരുന്നു! ഇൻഡ്യ മുന്നണി ജയിച്ചാൽ അവർ രാമക്ഷേത്രം ബുൾഡോസർ വെച്ച് തകർക്കും എന്നുവരെ കൂട്ടത്തിൽ അടിച്ചുവിടാനും സംഘപ്രതിഭകൾ മടിച്ചില്ല.
ബാബരി പൊളിച്ചതിന്റെയും ജഹാംഗിർപുരിയിൽ ബുൾഡോസർ വെച്ച് കുടിലുകൾ പൊളിച്ചതിന്റെയും കുറ്റബോധം വേഷപ്രച്ഛന്നമായി വന്ന് അവരെ വേട്ടയാടിയതിന്റെ അനന്തരഫലമാണെങ്കിൽ മാത്രം അഭിനന്ദനാർഹമായൊരു പ്രയോഗം എന്ന അർഥത്തിൽ കാലം അതിനെ ആദരിച്ചേക്കും. അപ്പോൾപോലും ഒരുറപ്പുമില്ല!
ഇവ്വിധമുള്ള തരംതാണ ഗീർവാണങ്ങളൊക്കെയുണ്ടായിട്ടും, ഒരു മഹത്തായ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിതന്നെ അതിനൊക്കെ നേതൃത്വം നൽകിയിട്ടും, അവരുടെ പ്രതീക്ഷിക്കപ്പെട്ട കുതിപ്പിനെ പിടിച്ചുകെട്ടാൻ നമ്മുടെ ഇന്ത്യക്ക് കഴിഞ്ഞു എന്നത് പകരുന്ന ഊർജം അത്ര ചെറുതല്ല. ആ വിധമുള്ള സംഘ്പരിവാർ പ്രചാരണങ്ങളെയും സമാനതകളില്ലാത്ത അസഹിഷ്ണുതകളെയും അതിലേറെ സങ്കീർണമായ അൽപത്തത്തിന്റെ മഹാപർവതങ്ങളെയും മറിച്ചിട്ടുകൊണ്ട്, ഇൻഡ്യ മുന്നണിക്ക് വൻ മുന്നേറ്റം നേടാനായി എന്നുള്ളത് ജനായത്തത്തിന്റെ മഹാവിജയമാണ്. കേവലഭൂരിപക്ഷം കിട്ടാനാവശ്യമായ 272 പാർലമെന്റംഗങ്ങളെ ഒരൊറ്റ പാർട്ടിക്കും കിട്ടിയിട്ടില്ല എന്നുള്ളതും, നരേന്ദ്രമോദി നയിക്കുന്ന എൻ.ഡി.എ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയെന്നുള്ളതും, ഇനിമുതൽ അധികാരമേൽക്കാൻ പോവുന്നത് അവർ തന്നെയാണെന്നുള്ളതും സത്യമാണ്.
എന്നിട്ടുമതിനെ ജനായത്തത്തിന്റെ വൻ ചുവടുവെപ്പെന്ന് സർവബ്രാൻഡിലുംപെട്ട ഫാഷിസ്റ്റ് വിരുദ്ധരൊക്കെയും വിശേഷിപ്പിക്കാൻ കാരണം മുമ്പേ സൂചിപ്പിച്ച മതനിരപേക്ഷ മൂല്യങ്ങൾക്ക് മങ്ങലേറ്റെങ്കിലും അവ ഇന്ത്യയിലിപ്പോഴും പൂർണമായും മറിഞ്ഞുവീണിട്ടില്ല എന്നുള്ളതുകൊണ്ടാണ്. ജനായത്തമെന്ന രാഷ്ട്രീയ ശാസ്ത്രത്തിലെ മഹാവിസ്മയം വെറും എണ്ണംകൊണ്ടുള്ള കളിയല്ല. 231 നേക്കാൾ വലുതാണ് 294 എന്നംഗീകരിക്കുമ്പോഴും, ജനായത്തം ബഹുത്വത്തിലധിഷ്ഠിതമായ ആശയസംവാദങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. മാതൃകകളില്ലാത്ത ഒരു മഹാമാതൃകയായി ജനായത്തം മാറുന്നത്, വിജയപരാജയങ്ങൾ നിർണയിക്കുന്ന എണ്ണത്തോടൊപ്പം മൂല്യകേന്ദ്രിതമായി നിർവഹിക്കുന്ന പൗരരുടെ സംവാദശേഷികൊണ്ടുമാണ്. ആശയവിനിമയ രീതികളെ സൗകര്യത്തിന് സംവാദം, വിവാദം, വിദ്വേഷം, അസംബന്ധം, മുടിഞ്ഞമാരണം എന്നിങ്ങനെ വിഭജിക്കാമെങ്കിൽ, സംഘ്പരിവാർ പ്രചാരണങ്ങളധികവും വിദ്വേഷം അസംബന്ധം മുടിഞ്ഞമാരണം എന്നിവയിലുൾപ്പെടുത്തേണ്ടി വരും.
ഇന്ത്യയെ ഗുജറാത്താക്കുമെന്ന, അയോധ്യയായി ഇന്ത്യ മാറുമെന്ന, ഭരണഘടന മാറ്റി എഴുതുമെന്ന, പൗരത്വനിയമം പൂർണ പ്രതാപത്തോടെ നടപ്പാക്കുമെന്ന, ഏകീകൃത സിവിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന, മുമ്പേ നടപ്പിലാക്കിയ ജനവിരുദ്ധനയങ്ങളൊന്നും ഒരു കാരണവശാലും പുനഃപരിശോധിക്കുകപോലും ചെയ്യുകയില്ലെന്ന, നവഫാഷിസ്റ്റ് മോഹങ്ങളാണ്, വമ്പത്തരങ്ങളാണ്, ജനവിധിക്കുമുന്നിൽ മൂക്കുകുത്തി വീണത്. ഭക്ഷണത്തിനുപകരം വികാരം വിളമ്പിയും ജീവിതാവശ്യങ്ങൾക്കുമേൽ വെറുപ്പിന്റെ നിഴൽ പരത്തിയും മനുഷ്യാവകാശങ്ങളെ വർഗീയതകൾക്ക് കീഴ്പ്പെടുത്തിയും രാജ്യസ്നേഹികൾ രാജ്യേദ്രാഹികൾ എന്ന കൃത്രിമദ്വന്ദ്വം സൃഷ്ടിച്ചും ഇനി മുമ്പേപോലെ വളരെ എളുപ്പം മുന്നോട്ടുപോവാൻ സംഘ്പരിവാർ മുന്നണിയെ അനുവദിക്കാത്തവിധം, രാജ്യം മാറിക്കഴിഞ്ഞിരിക്കുന്നു.
സംഘ്പരിവാറിനോട് എതിർപ്പുണ്ടായിട്ടും, അവർക്കെതിരെ വോട്ടുചെയ്യാൻ പേടിച്ച പഴയ പൗരർക്കുപകരം, പതുക്കെയാണെങ്കിലും ആത്മബോധമുള്ള പുതിയ പൗരരുടെ പിറവിയെ കൂടിയാണ് 18ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുകൊണ്ടുവരുന്നത്. ഒന്നും രണ്ടും തവണകളെ അപേക്ഷിച്ച് മൂന്നാംതവണ നരേന്ദ്രമോദിയുടെ വോട്ട് സ്വന്തം തട്ടകമായ വാരാണസിയിൽ കുത്തനെ കുറഞ്ഞതും, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ സംഘ്പരിവാർ പരാജയവും കേന്ദ്രമന്ത്രിമാരുടെ ദയനീയ തോൽവിയും ചൈന, അമേരിക്ക, ബ്രിട്ടൻ എന്നിങ്ങനെയുള്ള രാജ്യങ്ങൾകൂടി തങ്ങളെ തോൽപിക്കാൻ ശ്രമിച്ചു എന്ന സംഘ്പരിവാർ വിലാപങ്ങളും ജനായത്തശക്തികളുടെ വിജയത്തെയാണ് പരോക്ഷമായെങ്കിലും ആഘോഷിക്കുന്നത്.
മോദിഗ്യാരന്റി, മുഗളമനസ്സ് തുടങ്ങി വെറുപ്പ് ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി അറപ്പുളവാക്കുന്ന അസംസ്കൃത പദാർഥങ്ങളാണ് ജനഹിതത്തിൽ ഒതളങ്ങേപാലെ ഒലിച്ചുപോയത്. 1992ൽ ബാബരി പള്ളി പൊളിച്ചതിന് കാലം കാത്തുവെച്ച മനോഹരമായ മറുപടി കണ്ട് ആദ്യം ചിരിച്ചത് ശ്രീരാമനാവണം. പിന്നെ ആ അയോധ്യയിലെ യഥാർഥ രാമഭക്തരും. ഫൈസാബാദിലെ സംഘ്പരിവാർ പരാജയം അവരുടെ കുടിലതകൾക്കുമേൽ വന്നുവീണ ഇടിത്തീയായി ഇന്ത്യ ചരിത്രത്തിൽ ഇടംപിടിക്കും.
17ാം ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിലെ മിന്നുന്ന പശ്ചാത്തലത്തിലാണ് 2019ൽ ഇനി ഇന്ത്യയിൽ മതേതരത്വം എന്ന വാക്ക് ഉച്ചരിക്കാൻ ഒരു പാർട്ടിക്കാരനും ധൈര്യപ്പെടുകയില്ലെന്നും ഇത് സംഘ്പരിവാർ ആശയങ്ങളുടെ വിജയകാലമെന്നും സവർക്കർയുഗമെന്നുമുള്ള പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ടവർ ഉയർത്തിയതും ഓർമയിലുണ്ടെങ്കിൽ; 2019 മുതൽ 2024 മേയ് വരെയുള്ള കാലത്തെ ഗാന്ധി, നെഹ്റു, ആസാദ് നിന്ദകളുടെയും കോർപറേറ്റ്, നവ ഫാഷിസ്റ്റ് സയണിസ്റ്റ് സ്തുതികളുടെയും ഉള്ളടക്കം വ്യക്തമാവും. അതിനോടെല്ലാമാണ് 18ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത പ്രതികരിച്ചത്. ഗുജറാത്ത് വംശഹത്യ അന്നും ഏറക്കുറെ ഇന്നും നവഫാഷിസത്തിന്റെ കുതിപ്പിന് കളമൊരുക്കിയെങ്കിൽ, ഇപ്രാവശ്യം മണിപ്പൂർ വംശഹത്യക്ക് അവർക്ക് കൃത്യം കണക്ക് പറയേണ്ടിവന്നു. മണിപ്പൂരിലെ രണ്ട് സീറ്റിലുമുണ്ടായ പരാജയം വംശഹത്യക്കെതിരായ ജനവിധിയാണ്. ഗുജറാത്തും വലിയ മാറ്റമൊന്നുമില്ലാതെയാണെങ്കിലും, പതുക്കെ മാറുന്നുണ്ട് എന്നുള്ളതും ആവേശകരമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചത് സംഘ്പരിവാർ മുന്നണിയാണെങ്കിലും മുമ്പേപോലെ ഇന്ത്യൻ മതനിരപേക്ഷ മാനവിക ജനായത്തത്തെ തോൽപിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അത്രയെളുപ്പം ഇനി കഴിയുകയുമില്ല. ഒരാശയമുക്ത അന്തരീക്ഷമൊരുക്കി, വെറുപ്പ് വൈറസിനെ തുറന്നുവിട്ട് വൈകാരികതയിലധിഷ്ഠിതമായ സംഘ്പരിവാർ ആശയങ്ങളുടെ വിജയം ദൃഢപ്പെടുത്താനാവുമെന്ന നവഫാഷിസ്റ്റ് മോഹത്തിനാണ് ഇത്തവണ കനത്ത പ്രഹരമേറ്റത്.
മറ്റൊരർഥത്തിൽ ഇന്ത്യൻ ജനതക്ക് ആശയപ്രബുദ്ധതയുടെ പതാക, പ്രതിസന്ധിഘട്ടത്തിലും ഉയർത്താൻ കഴിഞ്ഞു എന്നുള്ളതാണ്, വിജയപരാജയങ്ങൾക്കു ശേഷമുള്ള ജനായത്തത്തിന്റെ ബാക്കിപത്രം. എൻ.ഡി.എ ജയിച്ചെങ്കിലും അവിടെയാണവർ തോറ്റത്. അതുപോലെ ഇൻഡ്യ മുന്നണി തോറ്റെങ്കിലും, മതനിരപേക്ഷതക്ക് കാവൽനിൽക്കാൻ കഴിവുള്ള എത്രയെത്രയോ മനുഷ്യർ ഇന്ത്യയിലുണ്ടെന്ന് തെളിയിക്കുന്നതിലാണവർ വിജയിച്ചത്. സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെങ്കിലും സർവ വിഭാഗത്തിലും പെട്ട മനുഷ്യർക്കും മതനിരപേക്ഷതയുടെ മധുരം നൽകാൻ അവർക്കു കഴിയും!
പ്രധാനമായും രണ്ട് പക്ഷത്തായി അണിനിരന്ന രാഷ്ട്രീയ കൂട്ടുകെട്ടിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സ്ഥാനാർഥികൾക്കും മുകളിൽ സൂപ്പർതാരമായത് ഭരണഘടനയാണ്. മഹാത്മാഗാന്ധിയുടെ മന്ദഹാസത്തിനും അംബേദ്കറുടെ ഭരണഘടനാധാർമികതക്കും കർഷകരുടെ മുഷ്ടിക്കും ശാഹീൻബാഗ് സമരം സൃഷ്ടിച്ച ഇടിമുഴക്കത്തിനും പ്രശസ്ത യുവയൂട്യൂബർ ധ്രുവ്റാഠി മോഡൽ തുറന്നുകാട്ടലുകൾക്കും നവഫാഷിസം ക്ലാസിക്കൽ ഫാഷിസത്തേക്കാൾ ഭീകരമാണെന്ന സാംസ്കാരിക പ്രവർത്തകരുടെ നിരന്തരമായ ഓർമപ്പെടുത്തലുകൾക്കും, ഞാൻ ഞാൻ എന്ന മോദിഗ്യാരന്റി മന്ത്രത്തിന്റെ അസഹ്യതക്കും ഫോട്ടോഷൂട്ട് ധ്യാനത്തിനും ഗാന്ധിയെ ലോകമറിയില്ലെന്ന വൈകിവന്ന വിചിത്രമായ വെളിപാടിനും ഇടയിൽവെച്ചാണ്, നവഫാഷിസ്റ്റ് ശക്തികളുടെ മൂന്നാമൂഴത്തിന്റ നിറം അവരൊരിക്കലും പ്രതീക്ഷിക്കാത്തവിധം മങ്ങിപ്പോയത്. എന്നാലവർ ഇപ്പോഴും രാഷ്ട്രീയമായും ശക്തരാണ്, സാംസ്കാരികാർഥത്തിൽ അതിനേക്കാളും ശക്തരാണ്.
ഒരു ഭാഗത്ത് നവഫാഷിസം ഒറ്റക്കും മറുഭാഗത്ത് എല്ലാ വിഭാഗത്തിൽപ്പെട്ട ജനതയും എന്ന വിധത്തിലുള്ള ധ്രുവീകരണം സാധ്യമാകുന്നതുവരെ, ഫാഷിസ്റ്റ് വിജയങ്ങൾ അവസാനിക്കുകയില്ല. ഫാഷിസത്തെ പ്രതിരോധിക്കാൻ രാഷ്ട്രീയമുന്നണിമാത്രം മതിയാവില്ല, സൗഹൃദത്തെയും സംവാദത്തെയും ആഘോഷിക്കുന്ന സാംസ്കാരിക മുന്നണികൂടി അനിവാര്യമാകും.
ഞങ്ങൾക്കിടയിൽ വെറുപ്പിന് സൂചികുത്താൻ ഇടം നൽകുകയില്ലെന്ന ജനങ്ങളുടെ ജാഗ്രതക്കിടയിൽവെച്ച്, ഏത് കൊടുംമഴയിലും ഫാഷിസ്റ്റുകൾ വിയർക്കും. കോർപറേറ്റ് പിന്തുണയിൽ മാത്രമല്ല, പലവിധത്തിലുള്ള മുൻവിധികളുടെ മുടക്കുമുതലിന്റെ പിൻബലത്തിൽ കൂടിയാണവർ കളിച്ചുകൊണ്ടിരിക്കുന്നത്. ഏത് ചതുരംഗം കളിക്കും അവർ തയാറായേക്കും. പക്ഷേ, സ്വന്തം ചാതുർവർണ്യത്തിൽ തൊടാനവർ സമ്മതിക്കില്ല! അതാണവരുടെ മൂല്യേലാകം! ദേവനുരുമഹാദേവ എഴുതിയത് കാണുക: ചാതുർവർണ്യ സമ്പ്രദായത്തെ നിഷേധിക്കുന്ന ഇന്ത്യയിൽ പിറന്ന ജൈനമതം, ബുദ്ധമതം, സിഖുമതം, ലിംഗായത്ത മതം മുതലായവയുടെ പല്ലും നഖവും പിഴുതെടുത്ത് ചാതുർവർണ്യ പദ്ധതിക്ക് ഹാനികരമാകാത്തവിധം സംരക്ഷിച്ചു കൊണ്ടുപോകാൻ ആർ.എസ്.എസ് ശ്രമിക്കുന്നു.
അതിനർഥം, അവയും നമ്മുടേതാണ് എന്ന് കണക്കാക്കി ഈ ചാതുർവർണ്യതന്ത്രത്തിനുള്ളിൽ ഒതുക്കിക്കളയുന്നു. മറുവശത്ത് ചാതുർവർണ്യത്തിനു വഴങ്ങാത്ത ഇസ്‍ലാം, ക്രിസ്ത്യൻ മതങ്ങളെ ആക്രമിക്കാൻ സംഘ്പരിവാറിനെ അഴിച്ചുവിടുകയും ചെയ്യുന്നു. ഈ ആക്രമണങ്ങൾ പല തരം. പല രൂപത്തിലും ഭാവത്തിലും. ഇത് ഇപ്പോൾ മാത്രമല്ല നടക്കുന്നത്. ചാതുർവർണ്യഹിന്ദുത്വത്തിന്റെ പിറവിയോടൊപ്പം തന്നെ ഇത്തരം ചതിയും ചതിയുടെ കളികളും പിറന്നിട്ടുണ്ടാകണം. ഇതിന്റെ ഒരു ഉദാഹരണം; 1948 മാർച്ച് 14ന് രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് പ്രധാനമന്ത്രി നെഹ്റുവിനും ആഭ്യന്തരമന്ത്രി സർദാർ പട്ടേലിനും എഴുതിയ കത്തിൽ ഇങ്ങനെ സൂചിപ്പിച്ചു: ആർ.എസ്.എസുകാർ കലാപം സൃഷ്ടിക്കാൻ പദ്ധതിയിട്ടതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുസ്‍ലിംവേഷം ധരിപ്പിച്ച് പലരെയും അവർ രംഗത്തിറക്കിയിട്ടുണ്ട്. ഹിന്ദുക്കളെ ആക്രമിക്കുക, കലാപം സൃഷ്ടിക്കുക, ഹിന്ദുക്കളെ പ്രകോപിപ്പിക്കുക തുടങ്ങിയ ദൗത്യങ്ങളാണ് അവരെ ഏൽപിച്ചിരിക്കുന്നത്.
ഈ സന്ദർഭത്തിൽ ആർ.എസ്.എസിനാൽ പ്രചോദിതരായ ഹിന്ദുക്കൾ, മുസ്‍ലിംകളെ ആക്രമിക്കുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യും. ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലുള്ള സംഘർഷം ഒരു കലാപം സൃഷ്ടിക്കും.(ആർ.എസ്.എസ് ഒളിഞ്ഞും തെളിഞ്ഞും: ദേവനുരു മഹാദേവ. പരിഭാഷ: അനാമിക) ദേവനുരു മഹാദേവയെ ഒരൽപം വിശദമായി ഉദ്ധരിച്ചത് ഒരു കലാപവും മുമ്പു നടന്നതും ഇപ്പോൾ നടക്കുന്നതും മതപരമല്ല മറിച്ച് നവഫാഷിസ്റ്റ് ജാതി അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാക്കാനാണ്. 2024 ജൂൺ 4ന്റെ തെരഞ്ഞെടുപ്പ് ഫലം ആവശ്യപ്പെടുന്നത്, ആശ്വാസത്തോടും ആവേശത്തോടുമൊപ്പം നിതാന്ത ജാഗ്രതയുമാണ്. തെരഞ്ഞെടുപ്പിലെ ആവിധമുള്ള ജാഗ്രതക്കുറവിന്റെ ഭാഗമാണ്, ഒരിക്കലും ജയിക്കില്ലെന്നുറപ്പുള്ള സ്ഥലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി സംഘ്പരിവാറിനെ വിജയിപ്പിക്കുംവിധമുള്ള താൻപോരിമാ പ്രകടനം?
യു.പിയിലെ നാഗിനയിലെ ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദ് രാവണന്റെ മിന്നുന്ന വിജയം ജനായത്തത്തെ കോരിത്തരിപ്പിക്കുമ്പോഴും, അവിടെ സെക്കുലർ സമീപനം പുലർത്തുന്നവർ സ്വീകരിച്ച സമീപനത്തെ സ്വാഗതം ചെയ്യാനാവില്ല. അവരുടെ സ്ഥാനാർഥിത്വം കൊണ്ടെങ്ങാനും ചന്ദ്രശേഖർ ആസാദ് രാവണൻ തോൽക്കുകയും ബി.ജെ.പി ജയിക്കുകയും ചെയ്തിരുന്നെങ്കിൽ, സംഘ്പരിവാർ മുന്നണിയുടെ അംഗസംഖ്യ വർധിക്കുമെന്നതിനേക്കാൾ ജനാധിപത്യത്തിന്റെ അന്തസ്സ്തന്നെ തകർന്ന് പോവുമായിരുന്നു. ആശ്വാസം, അങ്ങനെ സംഭവിച്ചില്ല. കേരളത്തിലെ പ്രായോഗിക-ആശയ ജീവിതമണ്ഡലങ്ങളിൽ മുമ്പില്ലാത്തവിധം സംഘ്പരിവാർ ശക്തികൾ ശക്തിയാർജിച്ചിട്ടുണ്ട്. ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെയും, മൂപ്പിളമ തർക്കങ്ങളുടെയും പേരിൽ തമ്മിലടിക്കാതെ, തെറ്റാൻ നൂറ് കാരണങ്ങളുണ്ടെങ്കിൽ, നൂറ്റൊന്നാമത്തെ തെറ്റാതിരിക്കാനുള്ള കാരണത്തെ നവഫാഷിസ്റ്റ് ശക്തികൾക്കെതിരെ
കൊണ്ടാടാൻ നേതൃത്വം നൽകേണ്ടത് സെക്കുലർ കാഴ്ചപ്പാട് പുലർത്തുന്നവരാണ്. ജയിക്കുമ്പോൾ അഹങ്കരിക്കാതെയും തോൽക്കുമ്പോൾ തളരാതെയും ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷ്യസാക്ഷാത്കാരം സാധ്യമാക്കാനുള്ള പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള ധീരമായ വിനയവും വിവേകവുമാണ് കാലം അവരിൽനിന്നും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.