പുനലൂർ: നാശോന്മുഖതയിൽനിന്നു കെട്ടുംമട്ടും മാറ്റി രാജകീയ പ്രൗഢിയിലാക്കിയ മുസാവരി ബംഗ്ലാവ് പുനലൂരിൽ എത്തുന്നവർക്ക് ഇനി ആതിഥേയത്വമേകും. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ളതും രാജഭരണത്തിന്റെ ശേഷിപ്പുമായി പട്ടണത്തിലുള്ള ബംഗ്ലാവ് പുതിയ തലമുറക്ക് കൗതുകമുളവാക്കുന്നതാണ്. ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലത്തോടും കൊല്ലം- തിരുമംഗലം ദേശീയപാതയോടും ചേർന്നുള്ളതുമായ ബംഗ്ലാവ് പൈതൃക സ്മാരകമായിട്ടാണ് നിലനിൽക്കുക.
തമിഴ്നാട്ടിലെ ചെങ്കോട്ട താലൂക്ക് മുമ്പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കാലത്ത് തിരൂവിതാംകൂർ രാജക്കന്മാർ ഈ മേഖലയിലെക്ക് സഞ്ചരിക്കുമ്പോൾ വിശ്രമിക്കാനായാണ് ’മുസാഫർ’ ബംഗ്ലാവ് നിർമിച്ചത്. മുസാഫർ പിന്നീട് മുസാവരി ബംഗ്ലാവായി മാറി. രാജാക്കന്മാർ കൂടാതെ, ഈ മേഖലയിൽ എത്തുന്ന മറ്റുള്ളവർക്കും വിശ്രമിക്കാനായി ഈ ബംഗ്ലാവ് വിട്ടുകൊടുത്തിരുന്നു.
പുനലൂരും പരിസരവും അക്കാലത്ത് വനമായിരുന്നതിനാൽ താമസക്കാർക്ക് വന്യമൃഗങ്ങുടെ ശല്യമുണ്ടാകാതിരിക്കാൻ തറനിരപ്പിൽനിന്ന് അഞ്ചടിയോളം ഉയരത്തിൽ, കൂറ്റൻ തൂണുകളിലാണ് കെട്ടിടം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് നിലവിൽ ബംഗ്ലാവ് പ്രവർത്തിക്കുന്നത്.
തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു പഴയ കെട്ടിടം പൊളിച്ചുമാറ്റി മൂന്നുകോടി രൂപ ചെലവിൽ പുതിയ വിശ്രമകേന്ദ്രം ആറു വർഷം മുമ്പ് നിർമിച്ചതോടെ മുസാവരി ബംഗ്ലാവ് അവഗണനയിലായി. വലുതും ചെറുതുമായ രണ്ടുമുറികളുള്ള ഈ കെട്ടിടം കോവിഡ് കാലത്ത് ദീർഘകാലം അടച്ചിട്ടതോടെ നാശം പൂർണമായി.
മരപ്പട്ടികളും ഇഴജന്തുക്കളും താവളമാക്കിയ ബംഗ്ലാവ് പൊളിച്ചു നീക്കാതെ നിലനിർത്തണമെന്ന ആവശ്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് 24.6 ലക്ഷത്തോളം രൂപ ചെലവിൽ നവീകരിച്ചു. കെട്ടിടത്തിന്റെ രൂപഘടനയിൽ മാറ്റം വരുത്താതെയാണ് നവീകരണം പൂർത്തിയാക്കിയത്. മേൽക്കൂരയിലെ പൊട്ടിയ ഓടുകൾ മുഴുവനായി മാറ്റി പുതിയ ചായം തേച്ച ഓടുകൾ പാകി. മേൽക്കൂരയിലേയും മച്ചിലേയും ദ്രവിച്ചപലകകൾ മാറ്റി.
മേൽക്കൂരയിൽ ജി.ഐ പൈപ്പുകളും ഘടിപ്പിച്ചു. ചോർച്ച തടയാൻ മുകളിലും ഓടിനും അടിഭാഗത്തും ടിൻഷീറ്റും സ്ഥാപിച്ചു. പൊട്ടിപ്പൊളിഞ്ഞ തറയോടുകൾ പൂർണമായും മാറ്റി പുതിയ ടൈലുകളും വിരിച്ചു. വൈദ്യുതീകരണവും പ്ലംബിങ്ങും പൂർത്തയാക്കി. ജനാലകളും വാതിലുകളും എല്ലാം അറ്റകുറ്റപ്പണി നടത്തി. ആവശ്യമായ ഫർണിചർ കൂടി എത്തിയാൽ ബംഗ്ലാവ് താമസിയാതെ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.