കോട്ടയം: ഓണാഘോഷത്തിന്റെ പകിട്ടറിയിച്ച് അത്തം പിറന്നു. ഇനിയുള്ള 10 ദിവസങ്ങൾ പൊന്നോണത്തെ വരവേൽക്കാനുള്ള തിരക്കിലാണ് നാടും നഗരവും. ഓണാഘോഷത്തെ കേമമാക്കാനുള്ള ആവേശത്തിലാണ് ജനങ്ങൾ. നഗരങ്ങളിൽ പലയിടങ്ങളിലായി പൂക്കളും ഇടംപിടിച്ചിട്ടുണ്ട്. നാടൻ പൂക്കൾക്ക് പുറമെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളാണ് നഗരത്തിന്റെ വഴിയോരങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.
വരവ് പൂക്കളെ ആശ്രയിക്കാതെ, സ്കൂൾ, കുടുംബശ്രീ, കൃഷി വകുപ്പ് എന്നിവ മുഖേന ഇത്തവണത്തെ പൂക്കളം ഒരുക്കാനുള്ള പൂക്കളും ജില്ലയിൽ സജീവമാണ്. സ്കൂൾ, കോളജുകളിൽ ഓണാഘോഷം വരുംദിവസങ്ങളിൽ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. ഓണക്കോടികൾക്കും ഓണസദ്യകൾക്കുമുള്ള വിപണിക്കായി വിവിധ വ്യാപാരസ്ഥാപനങ്ങളിൽ അവശ്യസാധനങ്ങൾ എത്തിതുടങ്ങിയിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് അവശ്യസാധനങ്ങൾക്ക് വില ഉയർന്നിട്ടുണ്ടെങ്കിലും മലയാളിയുടെ ദേശീയോത്സവത്തെ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് നഗരവും ചുറ്റുവട്ടവും. പൂവേ പൊലി പൂവിളികളും മറഞ്ഞെങ്കിലും ഉത്സാഹത്തിമിർപ്പോടെയാണ് നാട് ഓണത്തെ വരവേൽക്കുന്നത്. അത്തം മുതൽ തിരുവോണം വരെ വീട്ടുമുറ്റത്ത് പൂക്കളമിടുന്ന പാരമ്പര്യത്തിന് ഇന്നും കോട്ടം തട്ടിയിട്ടില്ല. റെഡിമെയ്ഡ് ഓണാഘോഷവും സജ്ജമാണ്.
ഓണച്ചന്തകൾ, ഓണം ഫെയർ, മേള തുടങ്ങി നിരവധി പരിപാടികളും ഗ്രാമനഗര വ്യത്യാസമില്ലാതെ വരുംദിവസങ്ങളിൽ സജീവമാകും. ഓണത്തിന്റെ മുമ്പുള്ള അവധി ദിവസങ്ങളിലാണ് വിപണിയിൽ പ്രധാനതിരക്ക്. പോക്കറ്റ് കാലിയാക്കുമെങ്കിലും ഈ വർഷത്തെ ഓണം കളറാക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആശ്വാസമായി ഹോർട്ടികോർപ്, സപ്ലൈകോ എന്നിവയിലാണ് ജനങ്ങളുടെ പ്രതീക്ഷ. വരുംദിവസങ്ങളിൽ അവശ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.