കോട്ടക്കൽ: പൊന്നോണ പൂവിളിയില്‍ ഞായറാഴ്ച അത്തം പിറന്നു. പൂക്കളങ്ങളില്‍ പരമ്പരാഗത പൂക്കളായ തുമ്പയും മുക്കുറ്റിയും ഓണപ്പൂവുകളും ഇത്തവണയും ഇടംപിടിക്കില്ല. കാലത്തിനൊപ്പം ഇത്തരം പൂക്കളും ഓർമയായി. എന്നാലും തൊടിയിലും പാടവരമ്പുകളിലും പൂപറിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ ഇത്തവണയും ഓണനാളുകളെ സജീവമാക്കുകയാണ്. കൃഷ്ണകിരീടം, തെച്ചി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കള്‍ തൊടികളിലും വീട്ടുമുറ്റത്തും കാണുന്നത് കുറച്ചെങ്കിലും ആശ്വാസമാണ്. ഗൃഹാതുര സ്മരണകളിൽ ചേർന്നുനിൽക്കുന്ന കൃഷ്ണകിരീടംതന്നെയാണ് ഇത്തവണ താരം.
തൊടികളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കൃഷ്ണകിരീടം മനോഹര കാഴ്ചയാണ്. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. പൊതുവേ തണലുള്ള പ്രദേശങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ ഓണനാളുകളെ സജീവമാക്കുകയാണ്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയിൽ ചുവപ്പുകലർന്ന ഓറഞ്ച് നിറത്തിലാണ് പൂക്കൾ. വലുപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്. പൂക്കളും ഇലകൾ അരിഞ്ഞും പൂക്കളങ്ങളെ വർണാഭമാക്കാൻ കഴിയും. തൃക്കാക്കരയപ്പനെ അലങ്കരിക്കാനാണ് കൂടുതൽ പേർ കൃഷ്ണകിരീടം ഉപയോഗിക്കുന്നത്. എന്നാലും അതിര്‍ത്തി കടന്നെത്തുന്ന പൂക്കളില്തന്നെയാണ് മലയാളികളുടെ പൂക്കളങ്ങള്‍. മല്ലിക, ജമന്തി, വാടാര്‍മല്ലി, ആസ്ട്ര, റോസ്, ചില്ലി റോസ്, അരളി തുടങ്ങിയവയാണ് പൂക്കളങ്ങളില്‍ ഇടംപിടിക്കാന്‍ വിപണികളില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.