മലപ്പുറം: അത്തം പിറന്നതോടെ നാടെങ്ങും പൂവിളികൾ ഉണർന്നു. വീടുകളിൽ പൂക്കളമൊരുക്കുന്നതിനുള്ള തിരക്കിലാകും ഇനി പത്ത് ദിവസം ആളുകൾ. നാട്ടുപുഷ്പങ്ങളുടെ ലഭ്യതക്കുറവ് കാരണം വീടുകളിലെ ഓണ പൂക്കളങ്ങളിൽ അന്യ സംസ്ഥാനങ്ങളിലെ ചെണ്ടുമല്ലിയും വാടാമല്ലിയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എങ്കിലും തുമ്പയും തുളസിയും മുക്കുറ്റിയും തെച്ചിയും ഒരു പരിധി വരെ ഗ്രാമീണ മേഖലയിലെ പൂക്കളങ്ങളിൽ സ്ഥാനം പിടിക്കാറുണ്ട്. ഇനി വിവിധ സംഘടനകളും വിദ്യാലയങ്ങളും സ്ഥാപനങ്ങളും ഓണാഘോഷ തിരക്കിന്റെ ഭാഗമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇനി ഓണാഘോഷ പരിപാടികൾ പൊടിപൊടിക്കും. പൂക്കളമൊരുക്കലും ഓണക്കളികളും പാട്ടുകളും ഓണസദ്യയുമെല്ലാം ചേര്‍ന്ന ഒരു ഓണക്കാലം. ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും കാലം കൂടിയാണിത്.
ഓണക്കാലമെത്തിയതോടെ വിപണിയെ വ്യാപാരോത്സവം പോലെ കൊണ്ടാടുകയാണ് കച്ചവടക്കാർ. വസ്ത്രം, ഇലക്ട്രോണിക്സ്, ഗൃഹോപകരണം തുടങ്ങി എല്ലാ മേഖലകളും ഓഫറുകളുമായി ഒരുങ്ങിക്കഴിഞ്ഞു. വ്യാപാര മേഖലയിൽ ഓഫറുകളുടെയും മത്സരത്തിന്റെയും സമയം കൂടിയാണിത്. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വ്യാപാര സ്ഥാപനങ്ങൾ ഓഫറുകളുടെ പെരുമഴയുമായി രംഗത്ത് വന്ന് കഴിഞ്ഞു. ഓണം സീസൺ ആഘോഷത്തോടെ നടത്താൻ നേരത്തെ വ്യാപാര സംഘടനകൾ തീരുമാനിച്ചിരുന്നു.
ആഘോഷത്തിന് മാറ്റേകാൻ പൂ വിപണിയും സജീവമായി. ജില്ലയിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി ആവശ്യക്കാരെ കാത്ത് പൂക്കളെത്തി കഴിഞ്ഞു. ചെണ്ടുമല്ലി, ജമന്തി, അരളി അടക്കം വിപണിയിൽ ശനിയാഴ്ച രാവിലെയോടെ തന്നെ വ്യാപാരികളെത്തിച്ചിട്ടുണ്ട്. ആഘോഷം മുന്നിൽ കണ്ട് വിൽപ്പനക്കായി ഇത്തവണ കൂടുതൽ പൂക്കളെത്തിച്ചിട്ടുണ്ട്.
ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടാൻ തൃക്കാക്കരയപ്പനും വിപണിയിൽ സജീവമായി. വേങ്ങരയിലെ പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികളാണ് തൃക്കാക്കരയപ്പനുമായി വന്നത്.
മൂന്ന് സെറ്റ് തൃക്കാക്കരയപ്പന് 500 മുതൽ 600 രൂപ വരെയാണ് വില. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്തും വേങ്ങര ടൗണിലുമാണ് വിൽപ്പന. ഇത്തവണ കളിമണ്ണിന് വില കൂടിയത് കാരണം നിർമിക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന് മൺപാത്ര നിർമാണ തൊഴിലാളിയായ ചിന്നൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.