തൊടുപുഴ: കുതിച്ചുകൊണ്ടിരുന്ന പച്ചക്കറി വില ഓണമടുത്തെത്തിയപ്പോൾ താഴ്ന്നു തുടങ്ങിയത് വിപണിയിലും ആശ്വാസമായി. ഒരുമാസം മുമ്പ് വരെ പച്ചക്കറി വില വർധിച്ച നിലയിലായിരുന്നു. രണ്ടാഴ്ച മുമ്പ് 160 രൂപയായിരുന്ന തക്കാളി വില 50ൽ എത്തി. സവാള 50 ആയി കുറഞ്ഞു. ബീൻസ് 90 ആയിരുന്നത് 60ലെത്തി. വെണ്ടക്ക 60 രൂപയായിരുന്നത് 40 ആയി. പച്ചമുളക് 120ൽനിന്നു 80 ആയി കുറഞ്ഞു. പാവക്ക 60, പയർ 40, മുരിങ്ങ 70, വെള്ളരി 30, കിഴങ്ങ് 40 എന്നിങ്ങനെ പലതിനും വില കുറഞ്ഞിട്ടുണ്ട്.
കാലാവസ്ഥയിൽ ഉണ്ടായ മാറ്റവും മഴക്കുറവുംമൂലം ഉണ്ടായ കൃഷിനാശവും പച്ചക്കറിയുടെ വിലക്കയറ്റത്തിന് കാരണമായി. ഉൽപാദനം സാധാരണ നിലയിലേക്ക് എത്തിയതോടെയാണ് വില താഴോട്ടിറങ്ങിയത്. വില വർധിച്ചുനിന്നതിനെ തുടർന്ന് പലരും ഓണച്ചന്തയിൽ പച്ചക്കറി ഉൾപ്പെടുത്താൻ ആദ്യം താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ, പച്ചക്കറിവില സാധാരണ നിലയിലേക്ക് എത്തിയതോടെ സർക്കാർ ഏജൻസികളും കുടുംബശ്രീയും സഹകരണ സംഘങ്ങളും വീണ്ടും ഉണർന്നിട്ടുണ്ട്. വില കുറഞ്ഞതോടെ പച്ചക്കറി എത്തിക്കാൻ കുടുംബശ്രീയും കൃഷി വകുപ്പും രംഗത്തിറങ്ങിയിട്ടുണ്ട്. പൊതുവിപണിയിൽ കിട്ടുന്നതിനെക്കാൾ പത്ത് ശതമാനം വില കർഷകന് കൂടുതൽ നൽകും. പൊതുവിപണിയേക്കാൾ പത്ത് മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ഉപഭോക്താവിന് പച്ചക്കറി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഇവർ പറഞ്ഞു. കൃഷി വകുപ്പ് ജില്ലയിൽ ഇത്തവണ 52 ഓണച്ചന്തയാണ് തുറക്കുന്നത്.
മൂന്നാർ: വിനോദസഞ്ചാരികൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി ടൂറിസം വകുപ്പ് ഒരുക്കുന്ന നദീതീര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായുള്ള കുട്ടികളുടെ ഉദ്യാനവും നദീതീര നടപ്പാതയും വെള്ളിയാഴ്ച തുറക്കും. 3.6 കോടി രൂപ ചെലവിട്ട് മുതിരപ്പുഴയാർ തീര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് രണ്ടു പദ്ധതികളും പൂർത്തിയാക്കിയത്. ഓണം നാളുകളിൽ മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്താണ് ഇവ തുറക്കുന്നത്. പഴയ മൂന്നാറിൽ ഡി.ടി.പി.സിയുടെ ഇൻഫർമേഷൻ സെന്റർ മുതൽ 450 മീറ്ററിലാണ് മുതിരപ്പുഴയാറിന്റെ തീരത്തുകൂടി നടപ്പാത നിർമിച്ചിരിക്കുന്നത്. സന്ദർശകർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങളും അലങ്കാരവിളക്കുകളും സജ്ജമാക്കിയിട്ടുണ്ട്. ദേശീയപാതയോരത്ത് നേരത്തേ ഉണ്ടായിരുന്ന കുട്ടികളുടെ ഉദ്യാനമാണ് കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചത്. വെള്ളിയാഴ്ച തുറക്കുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം പിന്നീടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.