പാലക്കാട്: മാവേലിമന്നനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും. ഓണവട്ടത്തിന്റെ അവസാന ഒരുക്കങ്ങളിലേക്ക് ഒഴുകിയെത്തുകയാണ് ജനസഞ്ചയം. ഓണക്കോടി എടുക്കാനും പൂക്കൾ വാങ്ങാനും പലവ്യജ്ഞനങ്ങൾ വാങ്ങാനും നിരത്തിൽ ജനം നിറയുകയാണ്.
ഓണം ഓഫറുമായി വ്യാപാര സ്ഥാപനങ്ങൾ സജീവമാണ്. എല്ലാ വസ്ത്രശാലകളിലും ദിവസങ്ങളായി തിരക്കോട് തിരക്കാണ്. മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, കുടുംബശ്രീ, വ്യവസായ വകുപ്പ് സ്റ്റാളുകൾ തുടങ്ങിയവയിലും വൻ തിരക്കാണ്. ഓണത്തോടനുബന്ധിച്ച് ഞായറാഴ്ച പാലക്കാട് മേലാമുറി പച്ചക്കറി മാർക്കറ്റ് തുറന്നുപ്രവർത്തിക്കും. പൂക്കാരത്തെരുവിലെ പൂവിപണിയും സജീവമാണ്.
കോട്ടമൈതാനത്തും പരിസരത്തുമുള്ള വഴിയോര വിപണിയിലും ജനത്തിരക്കാണ്. നഗരത്തിൽ ഗതാഗതം സുഗമമാക്കാൻ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടുതൽ പൊലീസിനെ പ്രധാന ജങ്ഷനുകളിൽ നിയോഗിച്ചു. തിരക്കിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പട്രോളിങ് ശക്തമാക്കി. തിങ്കളാഴ്ചയാണ് ഉത്രാടം. ഓണക്കോടി വാങ്ങി, സദ്യക്കുള്ള വിഭവങ്ങൾ ശേഖരിച്ച് തിരുവോണത്തിനായി നാടൊന്നാകെ ഒരുങ്ങും. വർഷത്തിൽ ഒരു ദിവസം മാത്രം കാണാവുന്ന വലിയ തിരക്കിന്റേയും നെട്ടോട്ടത്തിന്റേയും കാഴ്ചയാണ് ഉത്രാടം നാളിൽ ദൃശ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.