ആലപ്പുഴ: ഓണത്തിരക്കിലമർന്ന് നാടും നഗരവും. മുല്ലക്കൽ, കിടങ്ങാംപറമ്പ്, ജില്ല കോടതി, കൈചൂണ്ടി, ബോട്ടുജെട്ടി, വഴിച്ചേരി, കല്ലുപാലം, ഇരുമ്പുപാലം എന്നിവിടങ്ങളിലാണ് തിരക്കേറിയത്.
അവധിദിനങ്ങളിൽ വിവിധ ഓണാഘോഷ പരിപാടികൾ ഒന്നിച്ചെത്തിയതും തിരക്കിന് കാരണമായി. ഉപ്പുതൊട്ട് കർപ്പൂരം വരെകിട്ടുന്ന മുല്ലകക്കൽ തെരുവിലാണ് വൻതിരക്കുള്ളത്. വസ്ത്ര, ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങളിൽ വൻ ഓഫറുകളും സമ്മാനങ്ങളും നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. തിരക്ക് വർധിച്ചതോടെ പ്രധാന റോഡുകളിലും ഇടറോഡുകളിലെയും അനധികൃത പാർക്കിങ്ങാണ് പ്രധാനപ്രശ്നം.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് നഗരത്തിലെത്തുന്നത്. പല സ്ഥാപനങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല. ഇതിനാൽ വഴിയോരത്താണ് മിക്കവാഹനങ്ങളും പാർക്ക് ചെയ്യുന്നത്. പലയിടത്തും നിയന്ത്രിക്കാൻ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും കുരുക്കുതന്നെ. നഗരത്തിലാണ് വാഹനത്തിരക്ക് ഏറെയുള്ളത്. ശവക്കോട്ട, കൊമ്മാടി പാലങ്ങൾ തുറന്നത് നേരിയ ആശ്വാസമാണ്.
തെരുവോരങ്ങളിലും വ്യാപാരം പൊടിപൊടിക്കുകയാണ്. കനത്ത ചൂടും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ശനിയാഴ്ച അനുഭവപ്പെട്ടത് 34 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.
ഓഫറുകൾ നിറഞ്ഞ ഗൃഹോപകരണ വിൽപനശാലകൾ, പച്ചക്കറി-പലചരക്ക് കടകൾ, കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്, ഓണച്ചന്തകൾ എന്നിവിടങ്ങളിലും ആൾത്തിരക്കുണ്ടായിരുന്നു. പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു.
ഓണക്കോടിയെടുക്കാൻ വസ്ത്രശാലകളിലായിരുന്നു വൻതിരക്ക്. സ്ത്രീകൾക്ക് സെറ്റും മുണ്ടും കസവ് സാരികളും ദാവണിയുമാണ് പ്രിയം. പുരുഷന്മാർ കസവ് മുണ്ടും അതിനുചേരുന്ന ഷർട്ടും കുർത്തയുമാകും. പെൺകുട്ടികൾക്ക് ഉടുപ്പ് മുതൽ ചുരിദാറും ടോപ്പും വരെ വൈവിധ്യങ്ങൾ നിറഞ്ഞിരിക്കും. വസ്ത്രശാലകളിൽ മാത്രമല്ല നിരത്തുകളിലും കച്ചവടം പൊടിപൊടിക്കുകയാണ്. 250 രൂപ മുതൽ ഷർട്ട് കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.