മലപ്പുറം: തിരുവോണ പുലരിക്ക് ദിവസം മാത്രം ശേഷിക്കെ നാടും നഗരവും ഉത്രാട പാച്ചിലിൽ. പഴം, പച്ചക്കറി, പരചരക്ക് കടകളിലും തുണിക്കടകളിലും ഞായറാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച തിരക്ക് മൂർധന്യത്തിലെത്തും. നഗരങ്ങളിലും സംസ്ഥാനപാതകളിലെ പ്രധാന കവലകളും കേന്ദ്രീകരിച്ചാണ് പൂ കച്ചവടം പൊടിപൊടിക്കുന്നത്. കൂടാതെ ഓണാഘോഷങ്ങളും നാടാകെ തകർക്കുകയാണ്. വിദ്യാലയങ്ങൾക്ക് പുറമെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ക്ലബുകളും വ്യത്യസ്ത പരിപാടികളോടെ ആഘോഷ തിമിർപ്പിലാണ്.
ചുവപ്പ്, മഞ്ഞ വര്‍ണങ്ങളിലുള്ള ചെണ്ടുമല്ലികളും അരളി, ജമന്തി, മറ്റ് നാടന്‍ പൂക്കളും ചില്ലി റോസും മുല്ലയും ബംഗളൂരു പൂക്കളുമാണ് പൂ വിപണിയിലെ താരങ്ങൾ. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കൃഷി നശിച്ചതാണ് വില വര്‍ധനവിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോ 100 രൂപയാണ് വില. വാടാമല്ലിക്ക് 150 രൂപയും അരളിക്ക് 300 രൂപയുമാണ് വില. പലനിറങ്ങളിലുള്ള റോസാപൂക്കള്‍ക്കും ആസ്ട്രോ പൂക്കള്‍ക്കും 300 രൂപയാണ് കിലോക്ക് ഈടാക്കുന്നത്. പച്ചില എന്നു വിളിക്കുന്ന ഇല വര്‍ഗത്തിന് കിലോ 120 രൂപ. വിപണി ലക്ഷ്യമിട്ട് തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് പൂക്കള്‍ എത്തിച്ചത്. അമ്പതും നൂറും രൂപക്ക് എട്ടുതരം പൂക്കള്‍ അടങ്ങുന്ന കിറ്റും ലഭ്യമാണ്.
കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളെക്കാൾ നാടൻ പൂക്കൾക്കും വിപണിയിൽ വൻ ഡിമാൻഡാണ്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ചെണ്ടുമല്ലിക്കാണ് ആവശ്യക്കാരേറെ. പഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബശ്രീകളും സ്വകാര്യ വ്യക്തികളും നടത്തിയ ചെണ്ടുമല്ലി പലയിടത്തും വിളവെടുത്തിട്ടുണ്ട്. ചെണ്ടുമല്ലി തോട്ടങ്ങളില്‍നിന്നും പറിച്ച് വിൽപന നടത്തുന്ന പൂക്കള്‍ക്ക് 80 മുതല്‍ 90 രൂപ വരെയാണ് വില ഈടാക്കുന്നത്. ഇത്തവണത്തെ മഴക്കുറവ് ചെണ്ടുമല്ലി കൃഷിയെ ബാധിച്ചതായി ചെണ്ടുമല്ലി കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ മാസങ്ങളിലെ റെക്കോഡ് വില വർധന തിരുവോണമടുത്തപ്പോൾ കുറഞ്ഞത് ആശ്വാസമായി. നൂറിന് മുകളിൽ പോയ തക്കാളി വില കുറഞ്ഞ് രണ്ടര കിലോക്ക് 50 രൂപക്ക് വരെ ചിലയിടങ്ങളിൽ വിൽക്കുന്നുണ്ട്. അതുപോലെ ഇഞ്ചിയുടെയും ചെറിയ ഉള്ളിയുടെയും വിലയിലും കുറവുണ്ടായിട്ടുണ്ട്. കുടുംബശ്രീ ഓണ ചന്തകൾ സജീവമായതും പച്ചക്കറി ഇറക്കുമതി വർധിച്ചതും വില കുറയാൻ കാരണമായി. വലിയ ഉള്ളി - 35 മുതൽ 40 വരെ, ചെറിയ ഉള്ളി - 80, വെണ്ടക്ക - 30, കാരറ്റ് - 60, പടവലം - 40, മുരിങ്ങാക്കായ - 50-60, പയർ - 30-40, പച്ചമുളക് - 70-80, പാവയ്ക്ക - 45, ഉരുളക്കിഴങ്ങ് - 25-30, കോളിഫ്ലവർ - 20, വെള്ളരി - 15, കാബേജ് - 25, മത്തൻ - 40, വഴുതന - 45-50, ഇഞ്ചി - 150 എന്നിങ്ങനെയാണ് ജില്ല ആസ്ഥാനത്തെ വില. എന്നാൽ, ഉത്രാട ദിവസം വിലയിൽ കാര്യമായ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
മലപ്പുറം: ഓണാഘോഷം കെങ്കേമമാക്കാൻ രാസലഹരിയും കഞ്ചാവും ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസും എക്സൈസ് വകുപ്പും. ഓണാഘോഷം കൊഴുപ്പിക്കാൻ ജില്ലയിലേക്ക് അന്തർ സംസ്ഥാനങ്ങളിൽനിന്നു വരെ മയക്കുമരുന്ന് വ്യാപകമായി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാസലഹരിക്ക് അടിമപ്പെടുന്ന യുവാക്കളുടെ എണ്ണം ജില്ലയിൽ പതിന്മടങ്ങ് വർധിക്കുകയാണെന്നാണ് എക്സൈസ് നേരത്തേ ഇറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ആഘോഷ സമയങ്ങളിലാണ് മയക്കുമരുന്നിന് ആവശ്യക്കാർ കൂടുന്നതെന്നാണ് വിവരം. ജില്ലയിൽ ഈ വർഷം ഇതുവരെ 1161 രാസലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020ൽ ഇത് 155 ആയിരുന്നു. യുവാക്കളും വിദ്യാർഥികളുമാണ് പ്രധാന ഇരകൾ.
ഓണക്കാലത്തെ വ്യാജമദ്യ ഉൽപാദനവും വിപണനവും നടത്തുന്നത് കണ്ടെത്താൻ എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വ്യാജമദ്യ ദുരന്തം തടയാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജില്ല അതിർത്തി കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.