ആലപ്പുഴ: പൊന്നിൻ തിരുവോണത്തെ വരവേല്‍ക്കാൻ ഉത്രാട വിപണി ഒരുങ്ങി. കോവിഡും മഴയും വിലങ്ങുതടിയായ ഓണക്കാലങ്ങൾ മറികടന്ന് വർഷങ്ങൾക്ക് ശേഷമാണ് നല്ലൊരു ഓണക്കാലം വന്നെത്തുന്നത്. പൊതുവിപണിയിൽ നല്ല തിരക്കാണ്. തിരുവോണത്തിനുള്ള വിഭവങ്ങൾ സ്വരുക്കൂട്ടാനുള്ള അവസാന ഒരുക്കമെന്ന നിലയിൽ ഉത്രാടദിനമായ തിങ്കളാഴ്ച എല്ലാവരും കടകമ്പോളങ്ങൾ കയറിയിറങ്ങും. ഉത്രാടച്ചന്തയില്‍ കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയാറെടുപ്പ് പൂർത്തിയാകില്ല.
ഉത്രാടദിനം പ്രമാണിച്ച് എല്ലാ സപ്ലൈകോ വിൽപനശാലകളും ഓണച്ചന്തകളും രാത്രി വൈകിയും പ്രവർത്തിക്കും. പൊതുവിപണിയിൽ ഉൽപന്നങ്ങൾക്ക് വലിയ വിലക്കയറ്റം ഉള്ളതിനാൽ സഹകരണ സ്ഥാപനങ്ങളും നാട്ടിലെ കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ഓണച്ചന്തകളിൽ വലിയ തിരക്കാണ് അനുഭവപെടുന്നത്.
വില നിലവാരം ഇങ്ങനെ: ഒരു കിലോ മട്ട അരിക്ക് (ഉണ്ട) സപ്ലൈകോയിൽ 45 രൂപയും പൊതുവിപണിയിൽ 60 രൂപയുമാണ് വില. ജയ അരിക്ക് സപ്ലൈകോയിൽ 42 രൂപയും വിപണിയിൽ 50 രൂപയോളവുമാണ് വില. വറ്റൽമുളക് 251 രൂപയാണ് സപ്ലൈകോയിൽ. പൊതുവിപണിയിൽ 300നടുത്ത് ഈടാക്കുന്നു. കശ്മീരി മുളകിന് പൊതുവിപണിയിൽ 520 രൂപക്ക് മുകളിൽ വിലയുണ്ട്. അത് സപ്ലൈകോയിൽ ഇല്ല. പിരിയൻ മുളകിന് സപ്ലൈകോയിൽതന്നെ 310 രൂപ വിലയുണ്ട്.
ഏത്തക്ക കിലോക്ക് 70 മുതൽ 75 രൂപയായി. ഞാലിപ്പൂവൻ പഴത്തിന് 70 രൂപയും പാളയൻകോടന് 35, വൻ വിലയായിരുന്ന തക്കാളിക്ക് ഇപ്പോൾ 50 രൂപ വരെയായി കുറഞ്ഞു, ചെറു നാരങ്ങക്ക് ഹോർട്ടികോർപ് സ്റ്റാളുകളിൽ 86, മാങ്ങ 118, ചേന 64, കാരറ്റ് 64, പയർ 44, സവാള 35, വെള്ളരി 22, മുരിങ്ങക്ക 34, ഇഞ്ചി 140 എന്നിങ്ങനെയാണ് ഹോർട്ടികോർപ് സ്റ്റാളുകളിലെ വില.
വയനാടൻ ഏത്തക്കയുടെ വരവ് ഇത്തവണ കുറവായതാണ് വില കൂടാൻ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.
സപ്ലൈകോ ഷോപ്പുകളിൽ നിത്യോപയോഗ സാധനങ്ങൾ പലതും കിട്ടാനില്ലെന്നും ഉള്ളവ പലതിനും ഗുണനിലവാരമില്ലെന്നുമുള്ള പരാതികൾ ഇനിയും നിലച്ചിട്ടില്ല. വിലക്കയറ്റം എന്ന പരാതി വ്യാപകമാണെങ്കിലും വിപണികളെല്ലാം ഇത്തവണ ഉഷാറാണെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.