ശാസ്താംകോട്ട: ഓണത്തിന് ഒരുക്കാൻ നാടൻ വിഭവങ്ങളുടെ കലവറയുമായി കാത്തിരിക്കുകയാണ് ജോഷ്വ എന്ന കർഷകൻ. ഓണത്തിന് ഉപ്പേരിയും അവിയലും തോരനും സാമ്പാറും ഇഞ്ചിക്കറിയുമൊക്കെ തയാറാക്കാൻ മായമില്ലാത്ത വിഭവങ്ങൾ നിരവധിയുണ്ട് ഈ ചെറിയ കടയിൽ.
കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ കുന്നത്തൂരിനും ഭരണിക്കാവിനും ഇടയിൽ തൊളിക്കൽ പള്ളിക്ക് മുൻ വശത്തായുള്ള ചെറിയകടയിൽനിന്ന് മായമില്ലാത്ത കാർഷിക വിഭവങ്ങൾ മിതമായ വിലക്കാണ് വിൽക്കപ്പെടുന്നത്.
കാച്ചിലും ചേനയും ചേമ്പും നേന്ത്രക്കായും ചീവക്കിഴങ്ങും പച്ചച്ചക്കയും മരച്ചീനിയും പുഴുങ്ങി ഉണക്കിയ കപ്പയും ചക്കയും വാഴക്കൂമ്പും അടക്കം എല്ലാം ഒരു കുടക്കീഴിൽ ലഭിക്കും. ഇതിനൊപ്പം നടീൽ വസ്തുക്കളും സുലഭമാണ്. തെങ്ങിൻ തൈ, മുന്തിയ കുരുമുളക് വള്ളി, വാഴവിത്ത്, മരച്ചീനി കമ്പ് ഉൾപ്പെടെ എല്ലാം ഇവിടുണ്ട്.
വാങ്ങാൻ എത്തുന്നവർക്ക് കൃഷി ചെയ്യേണ്ട രീതികളും മാർഗനിർദേശങ്ങളുമെല്ലാം പറഞ്ഞ് കൊടുക്കാനും ജോഷ്വ തയാറാണ്. സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കിയ വിഭവങ്ങളാണ് കടയിലൂടെ വിൽക്കുന്നതിൽ ഏറെയും. പോരാത്തത് മറ്റ് കർഷകരിൽനിന്നും ശേഖരിക്കും.
ജൈവ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ മാത്രമാണ് ജോഷ്വയുടെ കടയിൽനിന്നും ലഭിക്കുന്നത്. ഒട്ടും മായം ചേരാത്ത വിഭവങ്ങൾ ന്യായമായ വിലയ്ക്ക് ലഭിക്കുമെന്നതിനാൽ എപ്പോഴും നല്ല തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. വർഷങ്ങൾക്ക് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കച്ചവടമാണ് ജോഷ്വയെ തേടി ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ എത്തുന്ന വിജയ സംരംഭമായി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.