തൊടുപുഴ: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാടും നഗരവും ഓണാഘോഷത്തിന്റെ നിറവിൽ. ഓണം പൊടിപൊടിക്കാൻ അവശ്യം വേണ്ട സാധനങ്ങളെല്ലാം ഒരുക്കുന്ന തിരക്ക് തുടങ്ങിക്കഴിഞ്ഞു.
ഓണസദ്യയാണ് അതിൽ പ്രധാനം. അതിനോടൊപ്പം നിർബന്ധമായ കാര്യമാണ് വാഴയിലയിൽ സദ്യ ഉണ്ണുകയെന്നത്. എന്നാൽ, വാഴയില കിട്ടണമെങ്കിൽ ഇതരസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഒരു വാഴയിലക്ക് ആറുരൂപ വരെയാണ് വില. ഒരുകെട്ട് വാഴയിലക്ക് (250 എണ്ണം) 1500 രൂപയെങ്കിലും ആകും. ഓണം അടുക്കുന്നതോടെ ആവശ്യക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് കച്ചവടക്കാർ പറയുന്നു. കാറ്ററിങ്, സദ്യയൊരുക്കുന്നവർ എന്നിവർ വലിയതോതിൽ ഓർഡർ നൽകിയിട്ടുണ്ട്. മേട്ടുപാളയത്തുനിന്നാണ് തൊടുപുഴ മാർക്കറ്റിൽ വാഴയില എത്തുന്നത്. കേരളത്തിലെ പ്രധാന മാർക്കറ്റുകളിലേക്ക് തൂത്തുക്കുടിയിൽനിന്നാണ് പ്രധാനമായും ഇല എത്തുന്നത്. പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നു എത്തുന്നുണ്ട്. കേരളത്തിൽ വാഴകൃഷി വളരെ കുറവാണ്. ഉള്ളതുതന്നെ കുലവാഴയാണ്, ഇലക്ക് വേണ്ടിയുള്ള ഇലവാഴകൃഷി അപൂർവമാണ്. മഴക്കുറവും കാലാവസ്ഥ മാറ്റവും കൃഷിയെ പ്രതികൂലമായി ബാധിച്ചു. പേപ്പർ വാഴയിലകൾ നിരോധിച്ചതും ഇലയുടെ ആവശ്യം വർധിപ്പിച്ചെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.