കൊച്ചി: ഒറ്റ ക്ലിക്ക്, അല്ലെങ്കിൽ ഒരൊറ്റ ഫോൺകോൾ മതി...സാമ്പാറും അച്ചാറും പപ്പടവും പച്ചടിയും കിച്ചടിയും ഓലനും കാളനും എരിശ്ശേരിയും പുളിശ്ശേരിയും ഇഞ്ചിക്കറിയും പായസവും നല്ല കുത്തരിച്ചോറും കായവറുത്തതും ശർക്കര ഉപ്പേരിയും കൂട്ടുകറിയുമെല്ലാം ചേർന്ന രുചികരമായ സദ്യ തൂശനില ഉൾെപ്പടെ വീട്ടിലെത്താൻ.
തിരക്കുകൾക്കിടയിൽ സദ്യയൊരുക്കാൻ സമയവും സൗകര്യവുമില്ലാത്ത കൊച്ചിക്കാരെ ലക്ഷ്യമിട്ട് ദിവസങ്ങൾക്കു മുമ്പേ നഗരത്തിലെ ഹോട്ടലുകളും ഭക്ഷണശാലകളും ഓണസദ്യ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ആകർഷക ഓഫറുകളുമായാണ് ഹോട്ടലുകളും കാറ്ററിങ് സർവിസുകാരും തിരുവോണ ഉപഭോക്താക്കളെ മാടിവിളിക്കുന്നത്.
പലയിടത്തും സദ്യ വിൽപന ഇതിനകം തുടങ്ങിയിട്ടുണ്ട്, ഇത് തിരുവോണനാൾ വരെ തുടരും. നേരത്തേ ഫോണിൽ വിളിച്ചോ ഓൺലൈനായോ ബുക്ക് ചെയ്താൽ സദ്യ പാർസലായും ഹോം ഡെലിവറിയായും വീട്ടിലെത്തും.
കൊച്ചിയിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ ഇടത്തരം ഭക്ഷണശാലകൾ വരെ വിവിധ നിരക്കിൽ ഓണസദ്യ ഒരുക്കുന്നുണ്ട്. ഹൈപ്പർമാർക്കറ്റുകളിൽനിന്നും ഓൺലൈൻ ആപ്പുകൾ വഴി വിവിധ ഹോട്ടലുകളിൽനിന്നും ഓണസദ്യ ഓർഡർ ചെയ്യാം. വീടുകളിൽ സദ്യയുണ്ടാക്കി നൽകുന്ന ചെറുസംരംഭക സംഘങ്ങളും രംഗത്തുണ്ട്.
300 രൂപ മുതൽ 1700 രൂപ വരെയാണ് ഓണസദ്യയുടെ നിരക്ക്. വിഭവങ്ങളുടെ എണ്ണത്തിനും മറ്റും അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും. സദ്യക്കൊപ്പം തന്നെ പായസവും പാക്കേജിലുണ്ടാകും. അടപ്രഥമൻ, പരിപ്പ്, ഗോതമ്പ് പായസങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. ഒരു ലിറ്ററിന് 250 രൂപയിൽ തുടങ്ങുന്ന പായസം മാത്രമായി വാങ്ങാനുള്ള അവസരവും ഹോട്ടലുകാർ ഒരുക്കുന്നുണ്ട്. ചിലർ സദ്യക്കൊപ്പം ഒന്നിലധികം പായസ ഇനങ്ങളും നൽകുന്നുണ്ട്.
കൂടുതൽ ഓർഡർ നൽകിയാൽ അതിനനുസരിച്ച് വില കുറച്ചും കോമ്പോ പാക്കേജായും നൽകുന്ന ഹോട്ടലുകളുമുണ്ട്. നേരത്തേ ബുക്ക് ചെയ്യാൻ മറന്നുവെന്നോർത്ത് വിഷമിക്കേണ്ട, ചില ഹോട്ടലുകൾ തിരുവോണ നാൾ രാവിലെ വരെ ബുക്കിങ് സ്വീകരിക്കും.
തനി നാടൻ സദ്യ കൂടാതെ ബീഫ്, ചിക്കൻ, മത്സ്യ വിഭവങ്ങൾ ചേർത്ത നോൺ വെജ് സദ്യ ഒരുക്കുന്ന ഹോട്ടലുകളും നഗരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.