കൊച്ചി: ഓണക്കാലം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കൊച്ചി മെട്രോ. ആർപ്പോ മെട്രോ എന്ന പേരിൽ 31വരെ നീളുന്ന പരിപാടികളാണ് വിവിധ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയും ഐ.ഒ.സി.എല്ലും സംയുക്തമായി നടത്തുന്ന ആർപ്പോ മെട്രോയുടെ ലോഗോ പ്രകാശനം കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർവഹിച്ചു.
കൊച്ചി മെട്രോയിലെ മാവേലി യാത്രക്കും തുടക്കമായി. കൊച്ചി മെട്രോയിലെ സ്റ്റേഷനുകളിലും ട്രെയിനുകളും മാവേലി സഞ്ചരിക്കും. മാവേലിയിൽനിന്ന് യാത്രക്കാർക്ക് സർപ്രൈസ് സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിന് നിള നാട്ടരങ്ങ് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ടും തെയ്യം അവതരണവും ഉണ്ടാകും. ആലുവ, ഇടപ്പള്ളി, കളമശ്ശേരി മെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്ന ഗെയിം സോണിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. 23ന് വൈകീട്ട് ആലുവ മെട്രോ സ്റ്റേഷനിൽ യുവകലാസാഹിതി നേതൃത്വത്തിൽ കലാപരിപാടികൾ ഉണ്ടായിരിക്കും. 25ന് ഉച്ചക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും. വൈകീട്ട് വൈറ്റില സ്റ്റേഷനിൽ മിസ്റ്റർ മെട്രോ മത്സരം അരങ്ങേറും. 26ന് നിഖിൽ വേലായുധൻ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും 27ന് റോക് സംഗീത പരിപാടിയുമുണ്ടാകും. 27ന് വൈറ്റില മെട്രോ സ്റ്റേഷനിൽ മിസ് മെട്രോ മത്സരവും ശ്രീഭദ്ര കലാസംഘം അവതരിപ്പിക്കുന്ന പിന്നൽ തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ്.
28ന് ജോസ് ജങ്ഷനിലുള്ള കൊച്ചി മെട്രോയുടെ ഓപൺ എയർ തിയറ്ററിൽ മഹാബലി ചരിതം തോൽപാവക്കൂത്ത് അരങ്ങേറും. വൈകീട്ട് ആറ് മുതലാണ് കലാശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപാവക്കൂത്ത്. 30ന് വിവിധ മെട്രോ സ്റ്റേഷനുകളിലായി പൂക്കള മത്സരവും ഒരുക്കിയിട്ടുണ്ട്. 31ന് വൈറ്റില മെട്രോ സ്റ്റേഷനിൽ നടക്കുന്ന മ്യൂസിക് ബാൻഡ് മത്സരത്തോടെ ആർപ്പോ മെട്രോ പരിപാടികൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.