വെറും ഗ്രാൻഡല്ല, ഇത് സൂപ്പർ ഡാൻസിങ് ഗ്രാൻമദേഴ്സ്

എറണാകുളം ജില്ലയിലെ മിക്ക കോളജുകളിലും ഗ്രാൻമദേഴ്സ് നൃത്തം അവതരിപ്പിച്ചുകഴിഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സാംസ്കാരിക പരിപാടികൾ, ക്ലബ്, സംഘടന വാർഷികങ്ങൾ തുടങ്ങിയവയിലെല്ലാം ഇവരുടെ നൃത്താഘോഷത്തിന്റെ ചുവടുയർന്നു

‘‘എടിയേ, എന്റെ മാല ശരിക്കാണോ നിൽക്കുന്നേ, ഈ കൂളിങ് ഗ്ലാസ് നോക്കിയേ പുതിയതാ..’’ അതേ, നിന്റെ ചുണ്ടില് ലിപ്സ്റ്റിക് ലേശം ഓവറാട്ടോ.. ഒന്ന് തുടച്ചേക്ക്... മുകളിലെ ഡയലോഗൊക്കെ കേട്ടിട്ട് കുറെ യോയോ പിള്ളേര് ട്രിപ്പടിക്കാനുള്ള ഒരുക്കത്തിലാണെന്നു കരുതണ്ടാട്ടോ. എറണാകുളം നെട്ടൂരുള്ള കുറെ ഫ്രീക്ക് അമ്മച്ചിമാരാണ് കഥാനായകർ. ഈ വയസ്സാംകാലത്ത് ഇവരിതെന്തിനുള്ള പുറപ്പാടാണെന്നല്ലേ? മറ്റൊന്നുമല്ല ‘‘ഓണമൊക്കെയല്ലേ വരുന്നത്, അതിന്റെ ഭാഗമായി ഒരു തിരുവാതിരക്കളി കളിക്കണം. കൂട്ടത്തിൽ ഒരു മൂന്നാല് ഫാസ്റ്റ് സ്റ്റെപ്പിട്ട് ഒന്നു ചിൽ ആവണം.. അത്രേള്ളൂ..’’ പറഞ്ഞുവരുന്നത് നെട്ടൂരിലെ ഗ്രാൻമദേഴ്സ് ടീം എന്ന പേരുള്ള ഡാൻസിങ് അമ്മച്ചിമാരെ കുറിച്ചാണ്. നൃത്തം ചെയ്യാൻ വയസ്സും പ്രായവും ശാരീരിക അവശതകളുമൊന്നും ഒരു ഘടകമേയല്ല എന്നു തെളിയിക്കുകയാണ് ഈ ഒമ്പതംഗ സംഘം. ഒപ്പം എല്ലാത്തിനും കട്ട സപ്പോർട്ടുമായി, മുന്നിൽനിന്ന് നയിച്ചുകൊണ്ട് കൂട്ടത്തിലൊരാളുടെ മകൻ ഷൈനുമുണ്ട്.

നെട്ടൂർ ഹോളി ക്രോസ് പള്ളിക്കടുത്ത് താമസിക്കുന്ന റീത്ത പീറ്റർ ചക്കാലക്കൽ എന്ന 77കാരി മുതൽ മോളി ജോൺസൺ പുത്തൻവീട്ടിൽ എന്ന 56കാരി വരെയാണ് ഈ കിടിലൻ ഡാൻസ് ടീമിലെ അംഗങ്ങൾ. മേരി ജോയ് മാളിയേക്കൽ (68), ലീല പരമു കോലാടത്ത് (70), സുഭാഷിണി പുരുഷോത്തമൻ വെളിപറമ്പ് (72), ലൂസി ജോർജ് തട്ടാശ്ശേരി (66), വിരോണി ജോൺ മൂന്നുകൂട്ടുങ്കൽ (73), ബേബി ആൻറണി കോലോത്തുംവീട് (76), ചിന്നമ്മ സേവ്യർ നെടുംപറമ്പ് (74) എന്നിവരാണ് മറ്റുള്ളവർ. റീത്തയുടെ മകനാണ് ഷൈൻ. ടീമംഗങ്ങളെല്ലാം അയൽക്കാരാണ്. തിരുവാതിരക്കളി, മാർഗംകളി, സിനിമാറ്റിക് ഡാൻസ് എന്നിവയെല്ലാം ചേർന്ന ഫ്യൂഷൻ ഡാൻസ് എന്നിങ്ങനെ അമ്മച്ചിമാർ എല്ലാത്തരം ഡാൻസും കളിക്കും. മലയാളത്തിലെ മിക്ക വിനോദ ചാനലുകളിലെയും റിയാലിറ്റി ഷോകളിലും മറ്റും നൃത്തപരിപാടികൾ അവതരിപ്പിക്കാനും അസംഖ്യം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

2016ലാണ് നെട്ടൂർ വിമലഹൃദയ ദേവാലയത്തിലെ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കുടുംബ യൂനിറ്റിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന ചർച്ചകൾക്കിടയിലാണ് അമ്മച്ചിമാരുടെ ഡാൻസ് ട്രൂപ് ഉദയംകൊണ്ടത്. ന്യൂജെൻ തലമുറ നല്ല അടിപൊളി പരിപാടികൾ പ്ലാൻ ചെയ്യവേയാണ് റീത്തയും ബേബിയും മോളിയുമെല്ലാം ചേർന്ന് ആ കലക്കൻ ഐഡിയ മുന്നോട്ടുവെക്കുന്നത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സമാനമനസ്കരായ അമ്മച്ചിമാരെയും ഒപ്പംകൂട്ടി, ഇംഗ്ലീഷ് പാട്ടിട്ട് ഡാൻസ് ചെയ്യാമെന്ന് തീരുമാനം വന്നു, സ്റ്റെപ്പുകൾ പഠിച്ചുതുടങ്ങി. പ്രശസ്ത ഗായകസംഘമായ ബോണി എമ്മിന്റെ ക്രിസ്മസ് പാട്ടിന് ചട്ടയും മുണ്ടും കൂളിങ് ഗ്ലാസും ധരിച്ച് അവർ വേദിയിൽ നിറഞ്ഞാടി. ക്രിസ്മസ് പപ്പായുടെ വേഷത്തിൽ ഷൈനും രംഗത്തെത്തി. തൊട്ടുപിന്നാലെ തേവര എസ്.എച്ച് കോളജിൽനിന്ന് ഏജ് ഫ്രണ്ട് ലി എന്ന കൺസെപ്റ്റിൽ അമ്മച്ചിമാരുടെ നൃത്താവതരണത്തിനായി ക്ഷണം ലഭിച്ചു. കോളജിലെ പുതുതലമുറയും ആ നൃത്തം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന്, എറണാകുളം സെന്റ് തെരേസാസ് കോളജിലും പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടി. ഇതിനിടെ ജോൺ എന്ന എം.എസ്.ഡബ്ല്യു വിദ്യാർഥി പ്രോജക്ടിന്റെ ഭാഗമായി ഏജ് ഫ്രണ്ട് ലി പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലക്ക് ഈ അമ്മച്ചിമാരെ കാണുകയും മാജിക്സ് എന്ന എൻ.ജി.ഒക്കുകീഴിൽ അവർക്ക് നിരവധി അവസരങ്ങളൊരുക്കുകയും ചെയ്തു.

തുടക്കത്തിൽ വലിയ ടഫ് സ്റ്റെപ്സ് ഒന്നും ചെയ്യാറില്ലായിരുന്നു. ഇതിനിടെയാണ് കുറച്ചുകൂടി ഡാൻസ് നന്നാക്കിയാലെന്താ എന്ന ചിന്ത വന്നത്. അങ്ങനെ പ്രഫഷനൽ ഡാൻസർ ഫെബീഷിന്റെ കീഴിലായി പരിശീലനം. എറണാകുളം ജില്ലയിലെ മിക്ക കോളജുകളിലും ഗ്രാൻമദേഴ്സ് ഡാൻസ് അവതരിപ്പിച്ചുകഴിഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ഓണാഘോഷം പോലുള്ള സാംസ്കാരിക പരിപാടികൾ, ക്ലബ്, സംഘടനാ വാർഷികങ്ങൾ തുടങ്ങിയവയിലെല്ലാം ഇവരുടെ നൃത്താഘോഷത്തിന്റെ അടിപൊളി ചുവടുയർന്നു. തുടക്കത്തിൽ ടീമിലുണ്ടായിരുന്ന ചിലർ ഇപ്പോഴില്ലെങ്കിലും പുതിയവർ ചേർന്ന് യോയോ ടീമായി മാറി.

പലയിടത്തുനിന്നും പരിപാടി അവതരിപ്പിക്കാൻ വിളിയെത്തുമ്പോഴും പുറത്തിറങ്ങുമ്പോൾ ചിലർ തിരിച്ചറിഞ്ഞ് സംസാരിക്കാനെത്തുമ്പോഴുമെല്ലാം അഭിമാനവും സന്തോഷവും നിറയുകയാണ് ഇവരുടെയുള്ളിൽ. നടുവേദന, മുട്ടുവേദന, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങി ജീവിതശൈലീ രോഗങ്ങളും അലട്ടുന്നവരാണ് ഇവരെല്ലാം. എന്നാൽ, തുടക്കത്തിൽ ശാരീരിക പ്രയാസത്തിന്റെ കാഠിന്യം വർധിച്ചുവെങ്കിലും തുടർച്ചയായി പരിശീലനം ചെയ്യാൻ തുടങ്ങിയതോടെ വേദനയുടെ തോത് കുറഞ്ഞതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. 

Tags:    
News Summary - Onam celebrations by grandmothers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.