ഓണം വാരാഘോഷ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ഉത്സവ ദിനങ്ങൾ കാത്ത് തലസ്ഥാനവാസികൾ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓണം ഒരുമയുടെ ഈണം എന്ന പ്രമേയത്തിൽ നടക്കുന്ന വാരാഘോഷത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ നടൻ ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികളാവും.

ചടങ്ങില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. പ്രധാന വേദികൾ ആയ കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.

ലേസര്‍ ഷോ പ്രദര്‍ശനം ഇത്തവണത്തെ ആഘോഷത്തിന് മാറ്റു കൂട്ടും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സംഘടിപ്പിച്ചു വരുന്ന വെര്‍ച്വല്‍ ഓണപ്പൂക്കളം ഇത്തവണയും ഉണ്ട്. കവടിയാർ മുതൽ മണക്കാട് വരെയും ശാസ്തമംഗലം വരെയും നഗരം ഇല്യൂമിനേഷൻ ലൈറ്റുകളാൽ തിളങ്ങും. ഓഗസ്റ്റ് 26ന് വൈകിട്ട് ഇതിൻ്റെ സ്വിച്ച് ഓൺ നടക്കും. വാരാഘോഷം തുടങ്ങും മുൻപേ ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവൽ, ട്രേഡ് സ്റ്റാളുകൾ കൊണ്ട് കനകക്കുന്ന് സജീവമാവും. 24ന് വൈകീട്ട് നാലിന് ഫുഡ് ഫെസ്റ്റിവൽ, ട്രേഡ് സ്റ്റാളുകളുടെ ഉദ്ഘാടനം.

Tags:    
News Summary - Preparations for the Onam week celebrations are in the final stage; Residents of the capital are waiting for the festive days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.