ചെറുതോണി: തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വണ്ടികൾ എത്തി തുടങ്ങിയതോടെ ഓണവിപണി ഉണർന്നു. ജില്ലാ ആസ്ഥാനത്തും സമീപ ടൗണുകളിലുമടക്കം പച്ചക്കറി വിപണി സജീവമായി. തക്കാളിയുടെയും ഉള്ളിയുടെയും വില കുറഞ്ഞത് വിപണിക്ക് ആശ്വാസം നൽകുന്നുണ്ട്. 150 രൂപ വരെയെത്തിയ തക്കാളിയുടെ വില കിലോക്ക് 50 രൂപയിലെത്തിയിട്ടുണ്ട്. ഉള്ളിയുടെ വില 60ലെത്തിയതും സാധാരണക്കാർക്ക് ആശ്വാസമായി. ഒരു കിലോ വെണ്ടക്ക 35 രൂപയാണ്. കഴിഞ്ഞ ഓണത്തിന് 44 രൂപയായിരുന്നു. പയർ, സവാള, ബീറ്റ്റൂട്ട്, വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയവക്ക് കിലോ 40 രൂപയാണ് വില. വെള്ളരിക്ക, ചുരക്ക, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയവക്ക് 30 രൂപയുമാണ്.
ബീൻസിനും മുരിങ്ങക്കക്കും 50 രൂപ. തമിഴ്നാട്ടിലെ തെങ്കാശി, ഒട്ടംഛത്രം, തേനി, കമ്പം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇടുക്കിയിൽ ഏറ്റവും കൂടുതൽ പച്ചക്കറി വണ്ടികളെത്തുന്നത്.
കഴിഞ്ഞ വർഷം പച്ചക്കറി വിപണിയിലെ കടുത്ത ക്ഷാമം മുതലെടുത്ത് തമിഴ്നാട്ടിലെ ഇടനിലക്കാർ ഉൾപ്പെടുന്ന ലോബി വലിയ നേട്ടം കൊയ്തിരുന്നു. അതിർത്തി മേഖലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ മുഴുവൻ ഇടനിലക്കാർ വാങ്ങിയ ശേഷം ഇടുക്കിയിലെ കച്ചവടക്കാർക്ക് തന്നെ ഇരട്ടി വിലയ്ക്ക് വിൽക്കുന്ന സാഹചര്യം നേരത്തേ നിലനിന്നിരുന്നു. കുറഞ്ഞ വിലയ്ക്ക് മൈസൂരുവിൽനിന്ന് പച്ചക്കറികൾ വരാൻ തുടങ്ങിയതും ഇടുക്കിയിൽ ഇത്തവണ പച്ചക്കറി കൂടുതലായി ഉൽപാദിപ്പിച്ചതും മൂലം വിലയിൽ വലിയ വർധനയുണ്ടാകാനിടയില്ല.
ഇത് കൂടാതെ വില വർധനയെന്ന പരാതിയെത്തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ മിന്നൽ പരിശോധനകളും നടക്കുന്നുണ്ട്. കലക്ടറുടെ കർശന നിർദേശത്തെ തുടർന്ന് വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചാണ് ഇപ്പോൾ വ്യാപാരികൾ വിൽപന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.