തൃപ്പൂണിത്തുറ: കടുത്ത വെയിലിലും രാജനഗരിയുടെ അഭിമാന ആഘോഷമായ അത്തച്ചമയം കാണാനെത്തിയത് പതിനായിരങ്ങള്‍. ഞായറാഴ്ച രാവിലെ ഒമ്പതോടെ ആരംഭിച്ച ഉദ്ഘാടനചടങ്ങുകള്‍ക്കു ശേഷം 10 മണിയോടെ നടന് മമ്മൂട്ടി അത്തം ഘോഷയാത്ര ഫ്ലാഗ് ചെയ്തു. ഇതോടെ അത്തം നഗറില്‍നിന്ന് നഗരവീഥിയിലൂടെ ആയിരങ്ങള്‍ വിവിധ വര്‍ണങ്ങള്‍ ചാര്‍ത്തി നിരനിരയായി നടന്നുനീങ്ങി കേരളത്തിന്റെ സാംസ്കാരിക ആഘോഷമായ അത്തം ഘോഷയാത്രക്ക് മാറ്റുകൂട്ടി.
കേരളത്തിന്റെ നാനാദിക്കുകളില്നിന്നുമെത്തിയ കലാകാരന്മാരുടെ നേതൃത്വത്തില്‍ 80ഓളം കലാരൂപങ്ങളും 15 ലധികം നിശ്ചലദൃശ്യങ്ങളും ഉള്‍പ്പെടുത്തി താളമേള വാദ്യങ്ങളുമടങ്ങിയ മനോഹരമായ കാഴ്ചകള്‍ കാണാന്‍ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ് പരിസരത്തും സ്റ്റാച്യു ജങ്ഷനിലുമൊക്കെയായി പതിനായിരങ്ങളാണ് ആര്‍പ്പുവിളികളും കരഘോഷങ്ങളുമായി കാത്തുനിന്നത്. കോവിഡ് മഹാമാരിക്കുശേഷം പഴയ പ്രതാപത്തോടെ തന്നെ വന്‍ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി അത്തച്ചമയം നടന്നത് ഇക്കുറിയാണെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്.
കഥകളി, ഓട്ടന്തുള്ളല്, തിരുവാതിര, ദഫ്മുട്ട്, കോൽക്കളി, ഒപ്പന തുടങ്ങി മതേതരത്വത്തിന്റെ കാഴ്ചകളാണ് സമ്മാനിച്ചത്. സമകാലിക വിഷയങ്ങളെ ഉള്‍പ്പെടുത്തിയ പ്രച്ഛന്ന വേഷങ്ങളില്‍ കുട്ടികളെ കാര്‍ന്നു തിന്നുന്ന നീരാളിയെ സൂചിപ്പിക്കുന്ന വിധത്തിലുള്ള ലഹരിക്കെതിരെയുള്ള ബോധവത്കരണവും ഉള്‍പ്പെടുത്തിയിരുന്നു. മണിപ്പൂരിലെ വംശഹത്യയെക്കുറിച്ചുള്ള പേപ്പര്‍ കട്ടിങ്ങുകള്‍ ഉള്‍പ്പെടുത്തി ക്രൂരസംഭവവികാസങ്ങളെ ഓര്‍മിപ്പിക്കും വിധമുള്ള നിശ്ചലദൃശ്യങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. കൂടാതെ ദുല്‍ഖറിന്റെ സിനിമ പ്രമോഷന്റെ ഭാഗമായുള്ള നിശ്ചലദൃശ്യവും സ്ഫടികം സിനിമയിലെ ആടുതോമയുമെല്ലാം കണ്ടുനിന്നവര്‍ക്ക് ആവേശം പകര്‍ന്നു. വിമാനം തകര്‍ന്ന് ആമസോണ്‍ കാടിനുള്ളില്‍ കുടുങ്ങിയ 11 മാസമായ കുഞ്ഞിനെയടക്കം നാലു കുട്ടികളെ ജീവനോടെ കണ്ടെടുത്ത സംഭവവും അരിക്കൊമ്പന് റേഷന്‍ കടകളില്‍നിന്ന് അരി തിന്നുന്ന കാഴ്ചകളും നിശ്ചലദൃശ്യങ്ങളില്‍ ഇടംപിടിച്ചിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ സ്കൂള്‍ കുട്ടികള്‍, അധ്യാപകര്‍ തുടങ്ങിയവരും താലവുമേന്തി ഘോഷയാത്രയില്‍ അണിനിരന്നു.
കടുത്ത വെയിലില്‍ ഇരുവശത്തും ഇടംപിടിച്ചിരുന്നവരെ നിയന്ത്രിക്കാന്‍ പൊലീസും വളന്റിയര്‍മാരും ആശയക്കുഴപ്പത്തിലായി. നഗരത്തിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഒരു മണിയോടെയാണ് അത്തം ഘോഷയാത്രക്ക് സമാപനം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.