ശ്രീകൃഷ്ണപുരം: കരിമ്പുഴ പുഴയോരത്തെ അണിഞ്ഞൊരുങ്ങിയ സുന്ദരിയാണ് കരിമ്പുഴ തെരുവ്. നൂറോളം പാരമ്പര്യ നെയ്ത്ത് കുടുംബങ്ങൾ നൂറ്റാണ്ടുകളായി അധിവസിക്കുന്ന പൈതൃക ഗ്രാമം. ഉത്സവകാലം കരിമ്പുഴ തെരുവുകാർക്ക് ചാകരയുടെ ദിനങ്ങളാണ്. രാപകൽ വ്യത്യാസമില്ലാതെ തറികളിൽനിന്നും ഉയരുന്ന താളം തെരുവിന്റെ അന്തരീക്ഷത്തിൽ ലയമായൊഴുകും.
ഉത്സവ കാലങ്ങളിലെ വരുമാനത്തിൽനിന്നാണ് തെരുവുകാരുടെ ഒരു വർഷത്തെ ജീവിതം നെയ്തെടുത്തിരുന്നത്. എന്നാൽ, കാലം മാറിയതോടെ കൈത്തറിയുടെ കഥയും മാറി. പൊതുവെ ദുർബലമായ കൈത്തറി മേഖലയെ പ്രളയവും കോവിഡ് മഹാമാരിയും നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് എത്തിച്ചു. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള അതിജീവന പോരാട്ടത്തിലാണ് കരിമ്പുഴ തെരുവിലെ കൈത്തറി തൊഴിലാളികൾ. പോയ വർഷങ്ങൾ നഷ്ടങ്ങളുടേത് മാത്രമായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം മുതൽ ഓണ വിപണി സജീവമായതിന്റെ ആവേശത്തിലാണ് നെയ്ത്തുകാർ. കർണാടകയിലെ ഹംപിയിൽനിന്ന് സാമൂതിരി രാജകുടുംബത്തിന്റെ ഉടയാടകൾ നെയ്യാൻ 500 വർഷം മുമ്പ് കുടിയിരുത്തിയ ദ്രാവിഡ സമുദായക്കാരാണ് കരിമ്പുഴ തെരുവിൽ അധിവസിക്കുന്നത്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൈത്തറി ഉപകരണങ്ങൾ ഇപ്പോഴും തെരുവിലുണ്ട്. രണ്ട് പ്രളയങ്ങൾക്കും കോവിഡ് മഹാമാരിക്കും മുമ്പ് ഇരുനൂറോളം നെയ്ത്ത് കുടുംബങ്ങൾ കരിമ്പുഴ തെരുവിൽ കൈത്തറി നെയ്തിരുന്നു. ഇന്നിപ്പോൾ സജീവമായി നെയ്ത്തിൽ ഏർപ്പെട്ടിരിക്കുന്നത് 25 മുതൽ 30 വരെ കുടുംബങ്ങൾ മാത്രം. പത്തിലധികം തറികൾ ഉണ്ടായിരുന്ന കുടുംബങ്ങളിൽ ഇപ്പോൾ ഒരു തറി പോലും ഇല്ലാത്ത അവസ്ഥ. യന്ത്രവത്കൃത തറികളുടെയും കൃത്രിമ ഉൽപന്നങ്ങളുടെയും കടന്നുവരവ് കൈത്തറി മേഖലക്ക് നേരത്തെ തന്നെ മങ്ങലേൽപ്പിച്ചിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ആക്കം കൂട്ടി.
വരുമാനം പൂർണമായും നിലച്ചതോടെയാണ് ഭൂരിഭാഗം പേരും പരമ്പരാഗത കൈത്തൊഴിൽ വെടിഞ്ഞ് തുണി വ്യാപാരവും മറ്റു തൊഴിൽ മേഖലകളും തേടിപ്പോയത്. 20ഓളം കുടുംബങ്ങൾ കരിമ്പുഴയിലുള്ള സർക്കാറിന്റെ ഹാൻവീവ് യൂനിറ്റിലേക്ക് നെയ്ത് നൽകിയിരുന്നു. എന്നാൽ, അസംസ്കൃത വസ്തുക്കൾ യഥാസമയം ലഭിക്കാത്തതും കൂലി ലഭിക്കാത്തതും തൊഴിലാളികൾ ഹാൻവീവ് യൂനിറ്റിലേക്കുള്ള നെയ്ത്ത് നിർത്തി. ഇപ്പോഴുള്ള കുടുംബങ്ങൾ മുഴുവൻ സ്വകാര്യ കമ്പനികൾക്കാണ് നെയ്ത് നൽകുന്നത്. കൂത്താമ്പുള്ളി പോയാൽ കരിമ്പുഴയിലെ കൈത്തറി വസ്ത്രങ്ങൾ യഥേഷ്ടം ലഭിക്കും.
അത്യാവശ്യക്കാർക്ക് വീട്ടിൽനിന്നും നെയ്ത് നൽകുന്നുണ്ട്. കൂലി ഇനത്തിൽ മോശമല്ലാത്ത തുക ഇപ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. ദിവസം 600 മുതൽ 1000 രൂപ വരെ സമ്പാദിക്കുന്നവർ ഇവിടെയുണ്ട്. ഓണവിപണി സജീവമായതിന്റെ സന്തോഷത്തിലാണ് കരിമ്പുഴയിലെ കൈത്തറി തൊഴിലാളികളും കച്ചവടക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.