തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ ഓണാഘോഷത്തിന് നിറച്ചാര്‍ത്തേകി കുടുംബശ്രീയുടെ സംസ്ഥാന ഉത്പന്ന പ്രദര്‍ശന വിപണന മേളക്ക് ചൊവ്വാഴ്ച തയ്ക്കാട് പൊലീസ് ഗ്രൗണ്ടില്‍ തുടക്കമാവും. 'ഓണ നിലാവ്' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന മേള വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
പൂക്കളമൊരുക്കാന്‍ സ്വന്തം പൂക്കള്‍ മുതല്‍ സദ്യ ഒരുക്കാന്‍ പഴങ്ങളും പച്ചക്കറികളുമടക്കം കുടുംബശ്രീയുടെ എല്ലാ തനത് ഉത്പന്നങ്ങളും മേളയിലുണ്ടാവും. ന്യായവിലക്ക് പരിശുദ്ധവും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 1085 മേളകളാണ് ഇക്കുറി സംഘടിപ്പിക്കുന്നത്.
28 വരെ നടക്കുന്ന സംസ്ഥാനതല മേളയില്‍ കുടുംബശ്രീ സംരംഭകരുടെയും കൃഷി സംഘാംഗങ്ങളുടെയും 50 ഉത്പന്ന വിപണന സ്റ്റാളുകള്‍ക്ക് പുറമെ പ്രത്യേക ഓണം കൗണ്ടറുകള്‍, ഫുഡ്കോര്‍ട്ട് എന്നിവയും ഉണ്ടാവും. പൂ വിപണിയില്‍ കുടുംബശ്രീ കര്‍ഷകര്‍ നാട്ടില്‍ വിരിയിച്ച പൂക്കള്‍ ഇക്കുറി വന്‍തോതില്‍ എത്തുകയാണ്. പൂക്കള്‍ക്ക് വേണ്ടിയുള്ള സ്റ്റാളുകള്‍ സംസ്ഥാന മേളയില്‍ പ്രത്യേകം ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും വൈവിധ്യമാര്‍ന്ന കലാ സാംസ്‌ക്കാരിക പരിപാടികളും നടക്കും. .
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ മേളയില്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സംസാരിക്കും. പോത്തന്‍കോട് ബഡ്സ് സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും തുടര്‍ന്ന് അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.