കർഷകന് സമൂഹത്തിൽ മികച്ച സ്ഥാനവും വിലയുമുള്ള കാലമാണ് വരാൻ പോകുന്നതെന്ന് മമ്മൂട്ടി

കൊച്ചി: കർഷകന് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനവും നിലയും വിലയും ഉണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്ന് നടൻ മമ്മൂട്ടി. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിവരസാങ്കേതികവിദ്യ എത്ര വളർന്നാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ കാലമായാലും ആത്യന്തികമായി ബഹുമാനമുള്ളവനായി വരുംകാലത്ത് കാണാൻ പോകുന്നത് കർഷകനെയാണ്. മറ്റുള്ള ഏത് തൊഴിലിനേക്കാളും ഭക്ഷണം ഉല്പാദിപ്പിക്കുന്നവരാണ് സമൂഹത്തിൽ ഏറ്റവും ബഹുമാന്യനെന്നും മമ്മൂട്ടി പറഞ്ഞു.


 



വായു, വെള്ളം എന്നിവ കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യം ഭക്ഷണത്തിനാണ്. എന്നാൽ നമുക്ക് സ്ഥല പരിമിതിയുണ്ട്. എന്നാൽ ലഭ്യമായ സ്ഥലത്ത് നമ്മൾ തന്നെ ശ്രമിച്ചാൽ നമുക്കുള്ളത് ഉത്പാദിപ്പിക്കാൻ സാധിക്കും. ഓരോരുത്തരിലുമുള്ള കർഷകനെ പുനരിജ്ജീവിപ്പിക്കണം. കാർഷിക താൽപര്യങ്ങളെ പരിപോഷിപ്പിക്കണം.

ഭക്ഷണസാധനങ്ങൾക്ക് വില കൂടുന്നു എന്നതാണ് പൊതുവേ കേൾക്കുന്ന ഒരു പരാതി. എന്നാൽ ഇതിനൊപ്പം കർഷകർക്ക് ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ വില ലഭിക്കുന്നില്ല എന്ന പരാതിയുമുണ്ട്. കർഷകർക്കും, സാധനങ്ങൾ വാങ്ങുന്നവർക്കും ഉചിതമായ രീതിയിൽ സാധനങ്ങളുടെ വില നിശ്ചയിച്ച് നൽകാൻ സഹകരണ സംഘങ്ങൾ വഴി സാധിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.


ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ആയിരത്തിലധികം ഏക്കർ തരിശുഭൂമി കൃഷിയിലേക്ക് കൊണ്ടുവരാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ആലങ്ങാടൻ ശർക്കര പിന്നീട് നിലച്ചുപോയി. എന്നാൽ 2024 ൽ ആലങ്ങാടൻ ശർക്കര വിപണിയിൽ ലഭ്യമാക്കി. കാർഷികോത്സവം പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞദിവസം നടത്തിയ വിളവെടുപ്പിൽ മികച്ച രീതിയിലുള്ള വിളവെടുപ്പാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Mammootty said that the time is coming when the farmer will have a better position and value in the society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.