ഒറ്റപ്പാലം: ശീലക്കുടയുടെ വരവോടെ ആചാരാനുഷ്ടാങ്ങളുടെ ഈടുറപ്പിൽ മാത്രം നിലനിന്നുപോന്നിരുന്ന ഓലക്കുടകൾക്ക് ഓണക്കാലത്തും പഞ്ഞം. തൃക്കാക്കരയപ്പന് ചൂടാൻ ഇക്കുറിയും ഓലക്കുട ലഭ്യമാകാത്ത സാഹചര്യത്തിൽ ശീലക്കുട പകരമാക്കാനുള്ള ശ്രമത്തിലാണ് പലരും.
പാണർ സമുദായത്തിന്റെ പരമ്പരാഗത കുലത്തൊഴിലായിരുന്നു ഓലക്കുട നിർമാണം. ശീലക്കുടകളുടെ ആവിർഭാവത്തിന് മുമ്പ് ഇക്കൂട്ടർ നിർമിച്ചിരുന്ന ഓലക്കുട മാത്രമായിരുന്നു ഏകാശ്രയം. സാധാരണ പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കാനുള്ള കാലൻകുടകൾക്ക് പുറമെ കാർഷിക, തൊഴിൽ മേഖലകൾക്ക് അനുയോജ്യമായ തരത്തിലുള്ള തൊപ്പിക്കുടകളൂം കുണ്ടൻ കുടകളും ഇവർ നിർമിച്ചിരുന്നു. അക്കാലത്ത് വിദ്യാർഥികൾക്കും ആശ്രയം കാലൻകുടകൾ തന്നെയാണ്.
മടക്കി കൈപ്പിടിയിൽ സൂക്ഷിക്കാൻ കഴിയാത്ത ഇത്തരം കുടകൾ തമ്മിൽ മാറാതിരിക്കാൻ ഇവയുടെ പുറമെയുള്ള ഓലയിൽ ടാർ ഉപയോഗിച്ച് പേരും ക്ലാസും രേഖപ്പെടുത്തുമായിരുന്നു. ഉയർന്ന സമുദായത്തിലെ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ചൂടുന്ന മറക്കുടയും ക്ഷേത്രങ്ങളിലും മറ്റും അനുഷ്ടാങ്ങൾക്ക് ഉപയോഗിക്കാനുള്ള കുടകളും ഇവരുടെ കരസ്പർശത്തിൽ രൂപം കൊള്ളുന്നവ തന്നെ.
കാലം മാറിയതോടെ പലവർണത്തിലും രൂപത്തിലും ശീലക്കുടകൾ വിപണികൾ കീഴടക്കിയതോടെ ഓലക്കുടകളുടെ കാലക്കേട് തുടങ്ങി. ഓണക്കാലത്ത് മാതേരുകൾക്ക് ചൂടാനും ക്ഷേത്രാവശ്യങ്ങൾക്കും മാത്രമായി ഓലക്കുടകൾ ചുരുങ്ങി. പീഠത്തിൽ അണിയിച്ചൊരുക്കുന്ന മാവേലിക്ക് ചൂടാൻ ഓലക്കുട നിർബന്ധമായിരുന്നു. ഉത്രാടം ദിവസം രാവിലെ ഇവർ വീടുകളിൽ കുടവെച്ച് മടങ്ങും.
ഇത് പാണർ സമുദായത്തിന്റെ അവകാശം കൂടിയാണ്. തുടർന്ന് രാത്രിയിൽ തുയിലുണർത്ത് പാട്ടുമായി സംഘമെത്തും. മോഹാലസ്യത്തിലാണ്ടുപോയ മഹാദേവനെ പാടി ഉണർത്തുന്നതാണ് തുയിലുണർത്തുപാട്ട്. തിരുവോണ സദ്യക്ക് ആവശ്യമായ അരിയും പച്ചക്കറികളും പപ്പടവും ഓണപ്പുടവയും ഒരു തുകയും കൊടുത്താണ് ഇവരെ തിരിച്ചയക്കാറുള്ളത്. അതേസമയം, കുടയുടെ വിലയെന്ന നിലയിൽ പണം നൽകുന്ന പതിവുണ്ടായിരുന്നില്ല. കുടപ്പനയുടെ ഉണങ്ങിയ പട്ടയും മുളയും ഉപയോഗിച്ചാണ് കുടനിർമാണം.
ഇവയുടെ ലഭ്യതക്കുറവും വിലക്കൂടുതലും തൊഴിലിന് തടസ്സമായി നിലനിൽക്കെ തന്നെ കുട നിർമാണത്തിൽ പരിജ്ഞാനമുള്ള പഴയ തലമുറ നഷ്ടമായതും ഓലക്കുട നിർമാണത്തിന് തിരിച്ചടിയായി. കുല തൊഴിൽ അപ്പാടെ ഉപേക്ഷിച്ച് ഇക്കൂട്ടരുടെ പുതിയ തലമുറ ഇതര തൊഴിൽമേഖലകളിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.