കൊച്ചി: ഓണത്തിന്റെ വരവ് അറിയിച്ച് നഗരത്തിന്റെ വഴിയോരങ്ങൾ പൂക്കടകളാൽ അലങ്കരിക്കപ്പെട്ടുകഴിഞ്ഞു. മനോഹരമായ പൂക്കളാൽ ചമഞ്ഞൊരുങ്ങിയ പ്രതീതിയിലാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ.
പൂക്കള മത്സരങ്ങൾക്കും വീടുകൾക്ക് മുന്നിൽ പൂക്കളമിടാനും നിരവധി ഉപഭോക്താക്കളാണ് എത്തുന്നത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ വിൽപന പ്രതീക്ഷിച്ച് വിപണിയിൽ സജീവമായിരിക്കുകയാണ് വ്യാപാരികൾ. എറണാകുളം നഗരത്തിലെ പ്രധാന പൂവിപണന മേഖലകളിലെല്ലാം അന്തർസംസ്ഥാനക്കാരടക്കം പൂക്കളുമായി എത്തിയിട്ടുണ്ട്. നോർത്ത് ജങ്ഷനിലും ടൗൺ ഹാളിന് മുൻവശത്തും നിരവധി സ്റ്റാളും വഴിയോരക്കച്ചവടക്കാരും സജീവം. പാലക്കാട്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികളാണ് കൂടുതൽ. ബംഗളൂരുവിൽനിന്നും കോയമ്പത്തൂരിൽനിന്നുമാണ് പ്രധാനമായും ഇവിടേക്ക് പൂക്കളെത്തുന്നതെന്ന് അവർ പറഞ്ഞു.
ചെണ്ടുമല്ലി, ജമന്തി, വാടാമുല്ല എന്നിവക്കാണ് ഏറെ ആവശ്യക്കാർ. 150 രൂപ മുതൽ മുകളിലേക്കാണ് ഓരോന്നിനും വില. ഓണത്തോട് അടുക്കുമ്പോൾ വില ഇനിയും വർധിച്ചേക്കും. കേരളത്തിന് പുറത്തെ മാർക്കറ്റുകളിലുണ്ടാകുന്ന വില വ്യത്യാസം ഇവിടെ ബാധിക്കുമെന്ന് കച്ചവടക്കാർ പറഞ്ഞു.
ചെണ്ടുമല്ലി, റോസ് എന്നിവക്ക് 200 രൂപയായിരുന്നു കിലോക്ക് ഞായറാഴ്ച കൊച്ചിയിലെ വില. ചെറിയ റോസ്, വെള്ള ജമന്തി, അരളി, മഞ്ഞ ജമന്തി, കോൽജമന്തി, കോൽച്ചെത്തി എന്നിവയുമൊക്കെ 150 മുതൽ മുകളിലേക്ക് വ്യത്യസ്ത വിലകളിലായിട്ടുണ്ടെന്ന് എറണാകുളം നോർത്തിൽ കച്ചവടം നടത്തുന്ന വിനായക ഫ്ലവേഴ്സ് ജീവനക്കാർ പറഞ്ഞു. മുൻകൂട്ടി ഓർഡർ സ്വീകരിച്ച് പൂക്കളെത്തിക്കാനും വ്യാപാരികൾ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫിസുകളിലെ ഓണാഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. അത്തരം ഉപഭോക്താക്കളിൽനിന്ന് നിരവധി ഓർഡറുകൾ ലഭിച്ചുവെന്നും പലരും പൂക്കൾ വാങ്ങിയെന്നും കച്ചവടക്കാർ പറഞ്ഞു.
പൂക്കള മത്സരങ്ങളിലേക്കും മറ്റും ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നുണ്ട്. ഈ ആഴ്ച നടക്കാനിരിക്കുന്ന സ്കൂൾ, കോളജ്, ഓഫിസ് ഓണാഘോഷങ്ങളിൽ വലിയ പ്രതീക്ഷയിലാണ് വ്യാപാരികൾ. ഇതര സംസ്ഥാനങ്ങളിൽനിന്നും വാഹന വാടക മാത്രം 32,000 രൂപയോളം മുടക്കിയാണ് കൊച്ചിയിലേക്ക് പൂക്കളെത്തിക്കുന്നതെന്ന് അവർ പറഞ്ഞു. സ്ഥല വാടക, ജോലിക്കാർക്കുള്ള കൂലി എന്നിവയൊക്കെ ഇവിടെനിന്ന് കിട്ടുന്ന ലാഭത്തിൽനിന്ന് വേണം നൽകാൻ. ഇത്തവണ കൂടുതൽ പ്രതീക്ഷയിലാണെന്നും അവർ കൂട്ടിച്ചേർത്തു. ഓണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപകമായി ചെണ്ടുമല്ലി കൃഷി നടന്നിട്ടുണ്ട്. അവിടെ നിന്നുള്ള പൂക്കൾ ഗ്രാമപ്രദേശങ്ങളിലടക്കം വിൽപന സജീവമായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.