കൊടകര: ഓണമെത്തിയതോടെ മറ്റത്തൂരിലെ മലയോരത്തുള്ള ചാറ്റിലാംപാടത്ത് പതിവുതെറ്റിക്കാതെ ഇത്തവണയും ആവണിപൂക്കള്‍ നിറഞ്ഞു. മഴയുടെ ഒളിച്ചുകളി പൂക്കളുടെ എണ്ണത്തിലും ശോഭയിലും കുറവുവരുത്തിയിട്ടുണ്ടെങ്കിലും കനകമലയുടെ താഴ്വാരത്തെ പാടവരമ്പുകളിലും തോട്ടിറമ്പുകളിലും വര്ണവിരുന്നൊരുക്കുകയാണ് ഈ കുഞ്ഞുപൂക്കള്‍.
പശ്ചിമഘട്ടത്തില്‍ വര്‍ഷം മുഴുവനും ഇര്‍പ്പം നിലനില്‍ക്കുന്ന മണ്ണില്‍ വളര്‍ന്നു പുഷ്പിക്കുന്ന ഇമ്പേഷ്യന്‍സ് ചൈനെന്‍സിസ് വിഭാഗത്തിൽപെട്ട ചെടികളാണ് ചാറ്റിലാംപാടത്ത് പൂത്തുനില്‍ക്കുന്നത്. നാട്ടുകാർ ഈ പൂക്കളെ ആവണി പൂക്കള്‍, കദളിപൂക്കള് എന്നൊക്കെയാണ് പേരിട്ടുവിളിക്കുന്നത്.
മലഞ്ചേരുവില്നിന്ന് ഉത്ഭവിക്കുന്ന കൈത്തോടിന്റെ ഇരുവശങ്ങളിലുമായി ഈയിനത്തില്‍ പെട്ട നൂറുകണക്കിനു ചെടികളാണുള്ളത്. സാധാരണ കര്‍ക്കടകം അവസാനത്തോടെയാണ് ഇവ പൂക്കാറുള്ളത്. ഓരോ ചെടികളികളിലും നിരവധി പൂക്കള്‍ ഉണ്ടാകും.
മഴയുടെ ശക്തി കുറഞ്ഞ് ചിങ്ങവെയില്‍ തെളിയുന്നതോടെ ചാറ്റിലാമ്പാടത്തും സമീപത്തെ വെളിമ്പറമ്പുകളിലുമായി പിങ്ക് വര്‍ണത്തിലുള്ള പൂക്കള്‍ നിറയും. മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ പൂക്കളെല്ലാം കൊഴിഞ്ഞുപോകുകയും ചെയ്യും. വയലറ്റുകലര്‍ന്ന നീളമേറിയ ഇലകളാണ് ഈ ചെടികള്‍ക്കുള്ളത്. പരമാവധി 40 സെന്റിമീറ്ററോളമാണ് ഉയരം. പിങ്ക് നിറത്തിലാണ് പൂക്കള്‍. മഴ കുറഞ്ഞതോടെ ചാറ്റിലാംപാടത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന കൈത്തോട് വറ്റിയത് പൂക്കള്‍ കുറയാന്‍ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.