മസ്കത്ത്: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രവാസലോകത്ത് ഓണാഘോഷത്തിന്റെ തിരക്കുകൾ വർധിച്ചു. മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവാസലോകത്തെ ഓണാഘോഷ പരിപാടികൾ പ്രധാനമായും വാരാന്ത്യ അവധി ദിനങ്ങളിലായിരിക്കും അരങ്ങേറുക. പരിപാടികൾക്കായുള്ള തയാറെടുപ്പുകൾ സംഘടനകളും കൂട്ടായ്മകളും കമ്പനികളും സ്ഥാപനങ്ങളും തുടങ്ങിക്കഴിഞ്ഞു.
പ്രവാസലോകത്തും ഓണാഘോഷത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത സാന്നിധ്യമാണ് മാവേലി. ഓലക്കുടയും കിരീടവും കുടവയറും ആടയാഭരണങ്ങളും അണിഞ്ഞ് തന്റെ പ്രജകളെ കാണാൻ എല്ലാവർഷവും എത്തുന്ന മാവേലി ഓണാഘോഷത്തിന്റെ പൂർണതയാണ്. മാവേലി വേഷംകെട്ടാൻ തയാറുള്ള കലാകാരന്മാർക്ക് പ്രവാസലോകത്ത് അതിനാൽ ആവശ്യക്കാരേറെയുണ്ട്. ദൂരദിക്കുകളിൽനിന്നുപോലും മാവേലിയെ തേടി ആളുകൾ എത്തുന്നുണ്ടെന്ന് സുഹാറിൽ വർഷങ്ങളായി മാവേലി വേഷം കെട്ടുന്ന വിവേക് നായർ പറയുന്നു.
21 വർഷമായി ഓമാനിലുള്ള വിവേക് ജനിച്ചത് ബോംബെയിലാണ്. ഓണം സീസണിൽ നടക്കുന്ന മിക്ക പരിപാടികളിലും മുഖ്യ ആകർഷണം വിവേകിന്റെ മാവേലി വേഷമാണ്. വളരെ സമയം നീണ്ടുനിൽക്കുന്നതും ക്ലേശകരവുമാണ് മാവേലി വേഷമെന്നും എന്നാൽ, ഓണത്തിനായി മാവേലി ആവുന്നതിൽ സന്തോഷമേയുള്ളൂവെന്നും വിവേക് പറയുന്നു. ആഘോഷസമയങ്ങളിൽ നിരവധി പേർ ഫോട്ടോ എടുക്കാനും കൂടെ നിന്ന് കുശലം പറയാനും എത്താറുണ്ട്.
മുൻ വർഷത്തിൽ പല ആഘോഷ പരിപാടികളിലും മാവേലിയാവാൻ സാധിച്ചിട്ടുണ്ട്. ഈ സീസണിലും മാവേലി ആയി പ്രജകളുടെ മുന്നിലെത്തും. അതിനായുള്ള തയാറെടുപ്പിലാണ് -വിവേക് പറഞ്ഞു. സുഹാറിലെ ബവാൻ ഗ്രൂപ്പിൽ ജോലി ചെയ്യുകയാണ് വിവേക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.