ഓണമാണ്; നല്ലോണമാണ് കഥകൾ ഏറെ പറയാനുണ്ട്...

റുനാട്ടിൽ നൂറുഭാഷയെന്നത്​ മലയാളിക്കൊരു പഴമൊഴിയാണ്​. മലയാള ഭാഷക്ക് ഓരോ നാട്ടിലും ഓരോ ശൈലികളാണെന്നാണ്​ ഈ പ്ര​യോഗത്തിലൂടെ അർഥമാക്കുന്നത്​. ഒരുപക്ഷേ, ഓണത്തിനും ​ചേരും ഈ പഴമൊഴി. ഓണത്തിനുമുണ്ട്​ ഈ വൈവിധ്യം. മലബാറിലെ നോൺവെജ്​ ഓണം ഉൾപ്പെടെ ഇതിന്‍റെ തെളിവുകളാണ്​. എന്തൊക്കെ പറഞ്ഞാലും ഓണം മലയാളിയുടെ ദേശീയോത്സവം തന്നെയാണ്​. ലോകത്തിന്റെ ഏത്​ കോണിലായാലും മലയാളി കൂടെ കൊണ്ടുപോകുന്ന കാണാത്ത ഭാണ്ഡക്കെട്ടാണ് ഓണം. അത്​, ചിങ്ങമാസത്തിൽ തുറക്കും. പിന്നെ ആഘോഷമായി. അതാണ്​ അനുഭവം. ഏത്​ പ്രതിസന്ധിക്കിടയിലും ഏറെ തിളക്കമുള്ള ഒന്ന്​. അറിഞ്ഞും അറിയാതെയും ജാതിയും മതവും ഒപ്പം കൂടിയിട്ടുണ്ടെങ്കിലും ഓണം വന്നാൽ, മലയാളികൾ എല്ലാ അതിരുകളും മായ്​ക്കും. മഹാബലി എന്ന രാജാവിന്റെ ഭരണകാലം, ആയിരത്താണ്ടുകള്‍ക്കപ്പുറത്തുനിന്ന് ഒരോർമയുടെ തെളിച്ചം.

‘‘മാവേലി നാടുവാണിടുംകാലം

മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കുംകാലം

ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും;

കള്ളവുമില്ല ചതിയുമില്ല

എള്ളോളമില്ല പൊളിവചനം;

കള്ളപ്പറയും ചെറുനാഴിയും

കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല​​’’

ഈ വരികളിലൂടെയാണ്​ പണ്ഡിതനിലും പാമരനിലും ഓണം കയറിക്കൂടിയത്​. ഐശ്വര്യപൂർണമായ ഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ക്കുവേണ്ടി വാമനന്‍ മഹാബലിയെ

പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതും, ത​ന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി ആണ്ടിലൊരിക്കലെത്തുന്നതും, മലയാളി തലമുറകളിൽനിന്നും തലമുറകളിലേക്ക്​ പകര്‍ന്ന കഥയാണ്. ആ പതിവ്​ നാമിപ്പോഴും തെറ്റിക്കുന്നില്ല. കാലവും ജീവിത രീതികളും ഏറെ മാറിയിട്ടുണ്ടെങ്കിലും ഓണ സങ്കൽപമിന്നും ‘ഓണായി’ത്തന്നെ നിലകൊള്ളുന്നു.

കഥകളേറെയുണ്ട്​...

എല്ലാ ആഘോഷത്തി​ന്റെയും പിന്നിൽ പറയാൻ ഏറെ കഥകളുണ്ട്​. ഓണത്തിനുപിന്നിലും കഥകളുറങ്ങിക്കിടക്കുന്നു. കഥയറിഞ്ഞാലും ഇല്ലെങ്കിലും ഓണം ഓർമകളിലേക്ക്​ ഉണർത്തും. ഓണത്തെക്കുറിച്ച്​ പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണ്​. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ ആഘോഷിക്കുകയും, ചതയം നാള്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. ഒരു കാലത്ത് കൊച്ചിക്കടുത്തുള്ള തൃക്കാക്കര വാണിരുന്ന മഹാബലി, പെരുമാള്‍ ക്ഷേത്രത്തിലെ പ്രതിഷ്​ഠയായ മഹാദേവ​​ന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനായി, ചിങ്ങത്തിലെ അത്തം നാളില്‍ ജനങ്ങളെ ക്ഷേത്രസന്നിധിയില്‍ വിളിച്ചുവരുത്തുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവത്രെ. കൊച്ചിരാജാവ് നടത്തിപ്പോരുന്ന അത്തച്ചമയം ഇതാണെന്നു കരുതപ്പെടുന്നു. ഈ ഉത്സവാഘോഷമാണ് പിന്നീട് തിരുവോണമായി ആഘോഷിച്ചു തുടങ്ങിയതത്രെ. തൃക്കാക്കരയാണ് ഓണത്തപ്പ​ന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.

കര്‍ക്കടകത്തിലെ ഇരുണ്ട കാലം കഴിഞ്ഞ്, മാനം തെളിയുന്ന ചിങ്ങമാസത്തിലാണ്​, വിദേശ കപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി എത്തിയത്. മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലാണ്. ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ അന്നാണ് തുറമുഖത്തെത്തിയിരുന്നത്. അങ്ങനെ സ്വര്‍ണനാണയം കൊണ്ടുവന്നിരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായി എന്നും പറയപ്പെടുന്നു.

ബുദ്ധഭിക്ഷുക്കളായ ശ്രവണന്മാരെ സംബന്ധിച്ചുള്ളതാണ് ശ്രാവണം. ശ്രാവണത്തി​ന്റെ പാലി സമാന്തരമാണ് ‘സാവണം’. അത് ആദിരൂപം ലോഭിച്ച് ‘ആവണം’ എന്നും പിന്നീട് ‘ഓണം’ എന്നുമുള്ള രൂപം സ്വീകരിച്ചു. ശ്രാവണം ചിങ്ങമാസമാണ്. സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം ശക്​തമായിരുന്നു. ബുദ്ധഭിക്ഷുവായി ദീക്ഷ സ്വീകരിച്ചുകഴിഞ്ഞ്, ശ്രവണന്മാരായി മാറുന്ന യുവഭിക്ഷുക്കള്‍ക്ക്, അവരുടെ ദീക്ഷയുടെ പ്രതീകമായി ഒരു മഞ്ഞവസ്ത്രംകൂടി നല്‍കുക പതിവുണ്ടായിരുന്നു. ഈ സംഭവത്തെ അനുസ്മരിക്കുന്നതാണ് ഓണക്കാലത്ത് കുട്ടികള്‍ ഉടുക്കുന്ന മഞ്ഞക്കോടിയെന്നും വാദമുണ്ട്.

ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളര്‍ന്നുവെന്നാണ് മറ്റൊരു വിശ്വാസം. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്​ടിയുടെയും വേള–കൃഷിപ്പണി ചെയ്യുന്നവര്‍ക്കും ചെയ്യിക്കുന്നവര്‍ക്കും കൊണ്ടാടാനുള്ള അവസരം. ജന്മിമാർ, അടിയാന്മാർ എന്ന വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയാനും ഒത്തുചേരാനും ഈ കാര്‍ഷികോത്സവം കാരണമായി. അത്​, ക്രമേണ ദേശീയോത്സവമായി എന്നതാണ് മറ്റൊരു വിലയിരുത്തൽ.

അത്തംനാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണ നാള്‍ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി, പൂജകൾ ചെയ്ത് പിന്നെ ഓണക്കളികളും ഓണക്കോടിയും പിന്നെ വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍ മാവേലിയെ എടുത്തുമാറ്റുന്നതു വരെ ഓണം തിമിർക്കുകയായിരുന്നു. ‘‘കാണം വിറ്റും ഓണമുണ്ണണം’’ എന്ന ചൊല്ലുപോലും വന്നത്​ ഈ സാഹചര്യത്തിലാവാം.

മനസ്സിലെന്നും ​പൊന്നോണം

അന്നും ഇന്നും മലയാളിയുടെ മനസ്സിൽ ഓണത്തി​ന്റെ ഓർമകൾ മൊട്ടിട്ടുനിൽക്കുന്നു. അത്തം തൊട്ട് തിരുവോണം വരെ 10 ദിവസത്തെ ഓണമിന്ന് ഉത്രാടം, തിരുവോണം എന്നീ ദിവസങ്ങളിലായി ചുരുങ്ങിയിരിക്കുന്നു. അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസങ്ങളിൽ കുട്ടികൾ സൂര്യോദയത്തിനു മുമ്പ് പൂക്കുടയുമായി പൂ നുള്ളാൻ പോകുമായിരുന്നു. പാടത്തും പറമ്പിലുമെല്ലാം ചെടികൾ പൂത്തുനിൽക്കും. തുമ്പപ്പൂവും അരിപ്പൂവും കാക്കപ്പൂവും... അങ്ങനെ നൂറായിരം പൂക്കൾ പറിച്ച് കുട്ടികൾ വീട്ടിലെത്തി പൂക്കളമൊരുക്കുന്നു. അന്ന് ഓണക്കാലം ഒരു വസന്തകാലം തന്നെയായിരുന്നു. ഇന്ന് വിപണിയുടെ ആഘോഷമായി, ഓണത്തിന് അങ്ങാടിയിൽ പോയി പൂക്കൾ വാങ്ങി പൂക്കളം തീർക്കുന്നതിലേക്ക്​ മാറി.

 ഉണ്ടോണം, നല്ലോണം

ഭക്ഷണ സമൃദ്ധിയാണ്​ ഓണ​ത്തി​ന്റെ മറ്റൊരു സവിശേഷത. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി കഴിക്കുന്നു എന്നതാണ്. അരിയിടിക്കലും വറുക്കലും കായ വറുക്കലും അടയുണ്ടാക്കലും അച്ചാറിടീലും ഒക്കെയായി ഒരു മാസം മുമ്പേ ഒരുക്കങ്ങൾ തുടങ്ങും. ഓണമെന്നുകേട്ടാൽ തന്നെ ഉപ്പേരിയുടെയും പപ്പടത്തി​ന്റെയും പായസത്തി​ന്റെയും മാധുര്യമാണ് ഓർമയിൽ നിറയുക. അന്നൊക്കെ ഓണസദ്യക്കുള്ള പച്ചക്കറികൾ വരെ വീട്ടുവളപ്പിൽത്തന്നെ കൃഷി ചെയ്തുണ്ടാക്കുമായിരുന്നു. പക്ഷേ, ഇന്നത്തെ സ്ഥിതി ആകെ മാറി. ഓണസദ്യയും പായസവും എല്ലാം ഹോട്ടലുകാർ ഏറ്റെടുത്തു. ഇവിടെയാണ്​, മലബാറിലെ ഓണം വേറിട്ടുനിൽക്കുന്നത്​. ഒരു പക്ഷേ, പഴയ കാലത്ത്​ എല്ലാവരും മാംസം കഴിക്കുന്ന സന്ദർഭം കൂടിയാണിത്​​. തെക്കൻ കേരളത്തിൽ മുമ്പ്​ ഓണത്തിന്​ മാംസം ഉണ്ടായിരുന്നില്ല. ഇന്നതും മാറി. മലബാർ മേഖലയിൽ ഇത്രയേറെ ഇറച്ചിക്കടകൾ ഇല്ലാതിരുന്ന കാലത്ത്​ ഓണം പോലുള്ള ​ആഘോഷവേളയിൽ താൽക്കാലിക ഇറച്ചി ക്കടകൾ വ്യാപകമായിരുന്നു. ഭക്ഷണം മാത്രമല്ല, കളികളുമുണ്ട്​ ഓണത്തിന്​. ഓണക്കളികൾ ഹരമായി കൊണ്ടുനടക്കുന്നവർ ഏറെയാണ്​. പുലികളി, കൈകൊട്ടിക്കളി, പന്തുകളി, തുമ്പിതുള്ളൽ, ഊഞ്ഞാലാട്ടം എന്നിങ്ങനെ വിവിധതരം കളികൾ. പ്രായഭേദമനുസരിച്ച് ആളുകൾ ഓരോരോ കളികളിൽ ഏർപ്പെടുക പതിവായിരുന്നു...

കോവിഡ് കാലവും പിന്നെ...

അടുത്ത കാലത്ത്​ മാനവരാശി ഏറെ പ്രതിസന്ധി നേരിട്ടത്​ കോവിഡ്കാലത്താണ്​. മലയാളിക്ക്​ കോവിഡിനൊപ്പം പെരുമഴക്കാലവും കൂടിയായതോടെ ഓണത്തി​ന്റെ മഴവിൽവർണങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ, ആ പ്രതിസന്ധിക്കാലവും ഓർമയാക്കി മലയാളിയുടെ ഓണയാത്ര തുടരുകയാണ്​. പ്രകൃതി പാടേ മാറി. ഓണവെയിലും ഓണനിലാവും ഓണത്തുമ്പിയും വെറും സങ്കൽപം മാത്രമായി. ചുരുക്കത്തിൽ കാലം വല്ലാതെ മാറി. പക്ഷേ, ചിങ്ങം പിറന്നാൽ മലയാളി ഓണത്തെ ഓർക്കാതെങ്ങനെ മുന്നോട്ടുപോകും. ഇനിയെങ്ങാൻ മറന്നുപോയേക്കുമെന്ന്​ ഭയന്നാവാം വിപണിയിൽ ഓണത്തിന്‍റെ ആർപ്പുവിളികൾ മുഴങ്ങുന്നത്​. അതുകേട്ട്​ നമുക്ക്​ വെറുതെയിരിക്കാൻ കഴിയില്ല. ലോകത്തി​ന്റെ ഏത് കോണിലായാലും മലയാളി ഓണം ഉണ്ടിരിക്കും. കേട്ട കഥകളെല്ലാം സങ്കൽപങ്ങ​ളാകാം. പക്ഷേ, ഓണമിങ്ങനെ ചേർത്തുപിടിക്കു​മ്പോൾ ചിങ്ങച്ചിരി ചിരിക്കാതിരിക്കുന്നതെങ്ങനെ...

Tags:    
News Summary - onam stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.