തൃശൂർ: കരിവീരൻമാരുടെ പുറത്ത് വർണക്കുടകളുടെ പെയ്തിറക്കം നടക്കുന്ന വടക്കുന്നാഥന്റെ തെക്കേനടയിൽ 60 അടി വിസ്തൃതിയിൽ രണ്ടായിരം കിലോ വർണപ്പൂക്കൾ കൊണ്ട് തീർത്തത് വിസ്മയം. അത്തം നാളിൽ തേക്കിൻകാട്ടിലെ സായന്തനകൂട്ടായ്മയുടെ നേതൃത്വത്തിലാണ് വമ്പൻ പൂക്കളമൊരുക്കിയത്. 2008ൽ ആരംഭിച്ച് ഇത് 16ാം വർഷമാണ് മുടക്കമില്ലാതെ തെക്കേനടയിലെ ഭീമൻ പൂക്കളമൊരുക്കുന്നത്. പ്രളയവും കോവിഡ് കാലവും ആഘോഷങ്ങളെ മുടക്കിയപ്പോൾ പൂക്കളം പേരിലൊതുക്കി മുടക്കിയില്ല.
പുലർച്ചെ മൂന്നിന് വടക്കുന്നാഥ ക്ഷേത്രത്തിലെ നിയമവെടിക്ക് പിന്നാലെ വ്യവസായ പ്രമുഖൻ ടി.എസ്. പട്ടാഭിരാമൻ ആദ്യ പൂ കളത്തിൽ വെച്ചതോടെയാണ് പൂക്കളം ഒരുക്കി തുടങ്ങിയത്. 200ഓളം വരുന്ന അംഗങ്ങൾ പുലര്‍ച്ച മൂന്നിന് ആരംഭിച്ച പൂക്കളമൊരുക്കല്‍ നാല് മണിക്കൂറോളമെടുത്താണ് പൂർത്തിയാക്കിയത്. പൂക്കളം നഗരത്തിന് സമർപ്പിച്ച് ഓണാഘോഷങ്ങൾക്ക് ചടങ്ങിൽ കൊടിയേറ്റി. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഫുട്ബാള്‍ താരം ഐ.എം. വിജയന് ഉള്‍പ്പെടെ പ്രമുഖരും പൂക്കളം സന്ദർശിക്കാനെത്തി. നിരവധി പേരാണ് പൂക്കളം കാണാനും മൊബൈലിൽ പകര്‍ത്താനും സെല്‍ഫിയെടുക്കാനും തെക്കേ ഗോപുരനടയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.